SignIn
Kerala Kaumudi Online
Friday, 29 March 2024 4.49 AM IST

ഏതിനം ഊർജം ഉപയോഗിക്കണം?

gg

ഈജിപ്തിൽ നവംബർ 6 മുതൽ രണ്ടാഴ്ചക്കാലം നടന്ന യു എൻ കാലാവസ്ഥാ ഉച്ചകോടി COP 27 കാർബൺ, ഹരിതഗൃഹവാതകങ്ങൾ എന്നിവയുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള കാര്യമായ നിർദേശങ്ങളൊന്നുമില്ലാതെ സമാപിച്ചു. യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് എന്ന പേരിലറിയപ്പെടുന്ന COP 27 സംഘടിപ്പിച്ചത്.

കാലാവസ്ഥാ സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിൽ COP 27 പുരോഗതി കൈവരിച്ചിട്ടുണ്ട്. കൽക്കരിയുടെ ഉപയോഗം ആഗോളതലത്തിൽ കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചുവെങ്കിലും ഫോസിൽ ഇന്ധനങ്ങളുടെ കാര്യത്തിൽ എണ്ണയുല്പാദന രാജ്യങ്ങളുടെ കടുത്ത എതിർപ്പ് മൂലം ഇന്ത്യ നിർദേശിച്ച ഘട്ടംഘട്ടമായി ഉപയോഗം കുറച്ചുകൊണ്ട് കാർബൺ ഇതര ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്ന നിർദ്ദേശം അന്തിമ റിപ്പോർട്ടിൽ സ്ഥാനം നേടിയില്ല. കാലാവസ്ഥാ മാറ്റം മൂലം കഷ്ടപ്പെടുന്ന ദരിദ്ര, വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉച്ചകോടി നവംബർ 18 നപ്പുറം രണ്ടു ദിവസത്തോളം നീണ്ടു നിന്നു. എന്നാൽ മിക്ക വികസിത രാജ്യങ്ങളും കാലാവസ്ഥാ മാറ്റ സഹായ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ മൗനം പാലിച്ചു. യൂറോപ്യൻ യൂണിയൻ ചൈന,അറബ് രാജ്യങ്ങൾ, ഇന്ത്യ എന്നിവയുടെ സഹകരണം അഭ്യർത്ഥിച്ചെങ്കിലും സ്കോട് ലൻഡും, ബെൽജിയവുമാണ് ഇതിനു തയ്യാറായത്. ഇതിനായി 500 ബില്യൺ ഡോളർ ലക്ഷ്യമിട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന നഷ്ടം നികത്താനും, ജീവസന്ധാരണം ഉറപ്പുവരുത്താനുമാണ് ഇത് വിനിയോഗിക്കുക. ഓസ്ട്രിയ,കാനഡ, ഫ്രാൻസ്, ജർമ്മനി, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക സഹായം നല്കാമെന്നേറ്റിട്ടുണ്ട്.

അപ്രഖ്യാപിത ലക്ഷ്യങ്ങൾ

192 രാജ്യങ്ങളിൽ നിന്നുള്ള വൻപ്രതിനിധി സംഘം ഈജിപ്തിലെ ഷാം ഇൽ ഷെയ്ക്കിൽ എത്തിയിരുന്നു. ചില സെഷനുകളിൽ പങ്കെടുത്ത എനിയ്ക്കു മനസ്സിലായത്, ചർച്ചകൾ സജീവമായിരുന്നു എന്നതാണ്. പക്ഷെ തീരുമാനങ്ങളിലെത്തിക്കാൻ മിക്ക രാജ്യങ്ങൾക്കും താല്പര്യമില്ലായിരുന്നു. പരിസ്ഥിതി വാദികൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള സാങ്കേതികവിദ്യ ലക്ഷ്യമിട്ട വ്യവസായികൾ, ഫോസിൽ ഇന്ധനങ്ങൾക്കു വേണ്ടി വാദിക്കുന്നവർ, സന്നദ്ധസംഘടനകൾ തുടങ്ങി നാലു വിഭാഗത്തിൽപ്പെട്ടവർ വേദിക്കു ചുറ്റുമുണ്ടായിരുന്നു. ഫോസിൽ ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ എന്നിവയുടെ ഉൽപാദനം കുറയ്ക്കാനുള്ള കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു യു എ ഇ തയാറായില്ല. ആവശ്യക്കാരുള്ളിടത്തോളം ഇന്ധനം ഉല്പാദിപ്പിക്കുമെന്ന് യു എ ഇ വാദിച്ചു. എന്നാൽ ആഗോള ഇന്ധന സബ്‌സിഡി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രവർത്തികമായാൽ ഇന്ത്യയടക്കമുള്ള വികസിത രാജ്യങ്ങളിൽ എണ്ണ വില ഉയർത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. വൻകിട വ്യവസായ രാജ്യങ്ങളായ അമേരിക്ക, യു കെ, ചൈന, യൂറോപ്യൻ യൂണിയൻ, അറബ് രാജ്യങ്ങൾ മുതലായവ വ്യവസായ മേഖലയിൽ മാറ്റത്തിനു തയ്യാറായില്ല. ദരിദ്ര, വികസ്വര രാജ്യങ്ങളിലെ കൃഷിയെ പഴിചാരാനാണ് അവർക്കു താല്പര്യം! ഇന്ത്യ കൃഷിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ മുൻ നിലയിലായിരുന്നു. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ ഉയരാതിരിക്കാനുള്ള കാര്യങ്ങളിൽ പാരീസ് ഉടമ്പടിയ്ക്കനുസരിച്ചുള്ള ദേശീയ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 17 ശതമാനത്തോളം സംഭാവന ചെയ്യുന്ന കൃഷി 58 ശതമാനത്തോളം ജനങ്ങളുടെ ജീവനോപാധിയാണെന്ന് ഇന്ത്യ വാദിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കിയാൽ മാത്രമെ ഭക്ഷ്യ, ഊർജ്ജ സുസ്ഥിരത ഉറപ്പുവരുത്താൻ സാധിക്കൂ. ഏതിനം ഊർജം ഉപയോഗിക്കണമെന്നതിൽ അംഗരാജ്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതോടൊപ്പം ക്ലീൻ എനർജിയിലേക്കുള്ള മാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കണം. 2023 ൽ COP 28 യു എ ഇ യിൽ വെച്ച് നടക്കും.

പ്രാദേശിക സമീപനം ആവശ്യം

കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് നയരൂപീകരണം നടത്തുന്ന എല്ലാ രാജ്യങ്ങൾക്കും അപ്രഖ്യാപിത ലക്ഷ്യങ്ങളുണ്ട്. ആഗോളതലത്തിൽ അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാ അംഗ രാജ്യങ്ങൾക്കും എളുപ്പമല്ല. പ്രാദേശിക തലത്തിൽ ജീവസന്ധാരണം, തൊഴിൽ, എന്നിവയിൽ സുസ്ഥിരത ഉറപ്പുവരുത്തുന്നതിലും, സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിലും കൂടുതൽ വിജയം കൈവരിക്കേണ്ടതുണ്ട്.

(ലേഖകൻ ബംഗളുരുവിലെ ട്രാൻസ്ഡിസ്‌സിപ്ലിനറി ഹെൽത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COP 27
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.