SignIn
Kerala Kaumudi Online
Saturday, 04 February 2023 9.28 PM IST

ഗവർണറെ ഒതുക്കാൻ നിയമസഭ ചേരുന്ന സർക്കാർ അവതരിപ്പിക്കാൻ ഏറ്റവും ഭയപ്പെടുന്ന ബിൽ, പാസായാൽ ശബരിമല പ്രക്ഷോഭത്തേക്കാൾ വിപത്ത്

assembly

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കാരണമുള്ള അക്രമങ്ങളും ജീവഹാനികളും ഒഴിവാക്കാനായി അന്ധവിശ്വാസ അനാചാര നിരോധന നിയമം നടപ്പാക്കാനുള്ള സർക്കാർ ശ്രമം വീണ്ടും ഫയലിൽ കുരുങ്ങി. നിയമത്തിൽ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ വലയ്ക്കുന്നത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് കൊണ്ടുവരാനും കൊണ്ടുവരാതിരിക്കാനും ആകാത്ത സ്ഥിതിയിലാണ് സർക്കാർ. നിലവിലെ സാഹചര്യത്തിൽ ബില്ല് അവതരിപ്പിക്കാതിരിക്കാൻ കഴിയില്ല. അതിനാൽ ബില്ല് അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിയ്ക്ക് വിട്ടേക്കും. പിന്നെ ബില്ല് വെളിച്ചം കാണില്ല. ഏതായാലും അതിന്മേലുള്ള ചർച്ചകൾ ഈ സർക്കാരിന്റെ കാലത്ത് അവസാനിക്കില്ല. അതിനാൽ തലവേദനയും ഒഴിയും. ചാടിക്കയറി നിയമം നടപ്പാക്കിയാൽ, അതിൽ വിശ്വാസികൾ എതിരായാൽ പുതിയ പുലിവാല് പിടിക്കുന്ന സ്ഥിതിയാകുമെന്ന് സർക്കാർ ഭയക്കുന്നു.

അന്ധവിശ്വാസ ബില്ല് പാസാക്കിയാൽ

ആരാധനാലയങ്ങളിൽ നടക്കുന്ന, ജീവന് ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളിൽ നിന്ന് ഒഴിവാക്കിയാണ് ബിൽ തയ്യാറാക്കിയതെങ്കിലും ക്ഷേത്രങ്ങളിലെ കുത്തിയോട്ടം,ശൂലം കുത്തിയുളള കാവടി, വില്ലിൽ തൂക്കം, മലബാറിലെ തീ തെയ്യങ്ങൾ അടക്കമുളള ആചാരങ്ങൾ വിലക്കേണ്ടി വരുമെന്നതാണ് നിയമവകുപ്പിനെ കുഴയ്ക്കുന്നത്. സംസ്ഥാനത്തെ സമാധാനപരമായ സാമൂഹികാന്തരീക്ഷം തകർക്കുന്ന തരത്തിലേക്ക് വിഷയം മാറിയേക്കാമെന്നും ഭയമുണ്ട്. ഇത് മറികടക്കാൻ സംഘടിതമോ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലോ നടക്കുന്നവയൊഴികെയുള്ള ചടങ്ങുകൾ എന്ന് നിർവചനത്തിൽ ഉൾപ്പെടുത്താമെന്നാണ് നിയമവകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 14 നിർദ്ദേശിക്കുന്ന നിയമത്തിന് മുന്നിലെ തുല്യതാസങ്കൽപത്തിന് എതിരാകുമെന്ന് വിദഗ്ദധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല നിയമം ഈ രീതിയിൽ വന്നാൽ മതസ്വാതന്ത്ര്യം,ആരാധനാ സ്വാതന്ത്ര്യം തുടങ്ങി പൗരന്റെ മൗലികാവകാശത്തിന് എതിരുമാകും. അങ്ങനെ വന്നാൽ നിയമം കോടതി റദ്ദാക്കുന്ന സ്ഥിതിയുണ്ടാകും. അതിനാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിക്ക് വിട്ട് തടിതപ്പാനാണ് സാദ്ധ്യത.

ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമപരിഷ്‌കാര കമ്മിഷൻ തയാറാക്കിയ കരട് ബിൽ മൂന്ന് വർഷം മുമ്പാണ് സർക്കാരിന് സമർപ്പിച്ചത്. ദി കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ 2019 ഒക്ടോബറിൽ സർക്കാരിനു സമർപ്പിച്ചെങ്കിലും നടപടിയെടുത്തില്ല.

ബിൽ പ്രകാരം നിയമമുണ്ടായാൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ആചാരങ്ങളെ അത് പ്രതികൂലമായി ബാധിക്കും. അതുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും കേസുകളും പ്രതിഷേധങ്ങളും ഉണ്ടാവും. സർക്കാരിന് തലവേദനയുണ്ടാക്കുന്ന നിയമപ്രശ്‌നമായി അതു മാറുമെന്നും ആശങ്കയുണ്ട്.

ഇലന്തൂരിലെ നരബലിയ്ക്ക് പിന്നാല ഇപ്പോൾ ആഭ്യന്തര വകുപ്പിൽ നിന്ന് ഫയൽ നിയമവകുപ്പിലെത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരെയെങ്കിലും കബളിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 5000മുതൽ 50,000രൂപ വരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്ത ശിക്ഷ. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നൽകണം.


മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ തുടങ്ങിയവ ശിക്ഷാർഹമാണ്. മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടിൽ വിശദമാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്കു ഭർത്താവും ബന്ധുക്കളും ഭക്ഷണം നൽകാതെ 2019ൽ കൊലപ്പെടുത്തിയതും 2018ൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതും കേരളത്തെ ഞെട്ടിച്ചിരുന്നു. 2014ൽ ശാസ്ത്രസാഹിത്യ പരിഷത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇതു തടയാൻ നിർദേശം അടങ്ങിയ കരടു ബിൽ സമർപ്പിച്ചിരുന്നു. 2014ൽ അന്നത്തെ ഇന്റലിജൻസ് എ.ഡി.ജി.പി എ.ഹേമചന്ദ്രനും സർക്കാർ നിർദേശ പ്രകാരം കരടു ബിൽ തയാറാക്കി സമർപ്പിച്ചിരുന്നു. കേരള അന്ധവിശ്വാസം തടയൽ നിയമം എന്ന പേരിലാണ് 2014 ൽ കരടു ബിൽ തയാറാക്കിയത്.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് എം.എൽ.എയായിരുന്ന പി.ടി തോമസാണ് ഇതുമായി ബന്ധപ്പെട്ട സ്വകാര്യബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നൽകിയ മന്ത്രി എ.സി മൊയ്തീൻ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഔദ്യോഗികമായി ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. കരട് ബില്ല് സർക്കാരിന്റെ പരിഗണനയിലിരിക്കെ തന്നെ ഭരണപക്ഷ എം.എൽ.എയായ കെ.ഡി.പ്രസേനൻ 2021 ഓഗസ്റ്റിൽ നിയമസഭയിൽ അന്ധവിശ്വാസം തടയാനായി സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരടു സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്‌കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിർമാണം നടത്തുമെന്നുമാണു മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി പറഞ്ഞത്. അങ്ങനെയിരിക്കെയാണ് ഇലന്തൂരിലെ കൂട്ടനരബലി കേട്ട് കേരളം ഞെട്ടിയത്. അതോടെ നിയമം നടപ്പാക്കാൻ ഇറങ്ങിയെങ്കിലും വിശ്വാസകൾക്ക് എതിരായേക്കാമെന്നും അങ്ങനയെങ്കിൽ ബി.ജെ.പി ഉൾപ്പെടെയുള്ളവർക്ക് മുതലെടുക്കാൻ അവസരമാകുമെന്നും സർക്കാർ ഭയക്കുന്നുണ്ട്.

നിയമം നടപ്പാക്കിയ മുൻഗാമികൾ

2013ഡിസംബർ 18ന് മഹാരാഷ്ട്രനിയമസഭ പാസാക്കിയ അന്ധവിശ്വാസ നിർമൂലന ബിൽ'അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ രാജ്യത്ത് ഇന്നുള്ള സമഗ്രനിയമമാണ്.18 വർഷം നീണ്ട ബോധവത്കരണ പ്രക്ഷോഭ പരമ്പരകൾക്കും ആ നിയമനിർമാണത്തിന് വേണ്ടി ധീരമായി നിലകൊണ്ട അതിന്റെ ശില്പി ഡോ. നരേന്ദ്ര ധാബോൽക്കറുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ് മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ വന്നത്. മന്ത്രവാദം, പിശാച് ബാധ, മാന്ത്രികക്കല്ലുകൾ, തകിടുകൾ, ആകർഷണയന്ത്രങ്ങൾ, ദിവ്യചികിത്സ തുടങ്ങി പ്രചാരത്തിലുള്ള മിക്ക അന്ധവിശ്വാസങ്ങളെയും നേരിടാൻ ശക്തമാണ് ഈ നിയമം. ഇതിൽ ചൂണ്ടിക്കാട്ടിയ കുറ്റകൃത്യങ്ങൾക്ക് ആറുമാസം മുതൽ ഏഴുവർഷം വരെ തടവും 5000 മുതൽ 50,000 രൂപവരെ പിഴയും ചുമത്താൻ വകുപ്പുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമത്തിന്റെ ചുവടുപിടിച്ച് കർണാടകയും രണ്ടു വർഷങ്ങൾക്ക് മുമ്പ് അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവന്നു.

മഹാരാഷ്ട്രയിലെ അതേ ശിക്ഷാവിധികളാണ് ഈ നിയമത്തിലുമുള്ളത്. ആഭിചാരകൊലകൾക്ക് ഒപ്പം എച്ചിലിലകളിൽ താണജാതിക്കാർ ഉരുളു നേർച്ച നടത്തുന്ന മടേസ്നാനപോലുള്ള ആചാരങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ട്. വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുളള തലമൊട്ടയടിക്കൽ, കാതുകുത്ത് വഴിപാടുകൾ തുടങ്ങിയവ ഒഴിവാക്കിയാണ് ഈ നിയമം ആഭിചാര കൊലപാതകങ്ങൾ കൂടിതോടെ കർണാടകയിൽ 2017 ൽ സിദ്ധരാമ്മയ്യ സർക്കാർ ബില്ലിന് സഭയിൽ അംഗീകാരം നൽകി. എന്നാൽ ബില്ല് സഭയിൽ പാസായിട്ടും കർണാടകയെ വീണ്ടും ദുരാചാര കൊലകൾ ഞെട്ടിച്ചു. ബംഗളുരൂവിന് സമീപം ഹൊസ്സൂരിൽ ദേവപ്രീതിക്കായി ആറ് വയസുകാരിയെ അച്ഛൻ കിണറ്റിലെറിഞ്ഞ് കൊന്നത് 2019ലാണ്. നല്ല സമയവും ഭാഗ്യവും കൈവരാനായിരുന്നു ദാരുണമായ കൊലപാതകം. ദുർമന്ത്രവാദിയുടെ വാക്കുകേട്ട് ഇക്കഴിഞ്ഞ ജനുവരിയിലാണ് മൈസൂരുവിൽ പതിനഞ്ചുകാരനെ സുഹൃത്തുക്കൾ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ട് കൊന്നത്. സൂര്യഗ്രഹണനേരത്തെ അന്ധവിശ്വാസം കാരണം കലബുറഗിയിൽ ഭിന്നശേഷിക്കാരായ മക്കളെ മാതാപിതാക്കൾ മണ്ണിൽ കുഴിച്ചിട്ട സംഭവമുണ്ടായി. ബീഹാറിലും ഝാർഖണ്ഡിലും 1999 മുതൽ കൂടോത്രം തടയുന്നതിനുള്ള നിയമം നിലവിലുണ്ട്. 2005മുതൽ ഛത്തീസ്‌ഗഡിലും സമാനനിയമമുണ്ട്. പ്രേതവേട്ടയുടെ പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കൈയേറ്റം തടയാൻ 2012 മുതൽ രാജസ്ഥാൻ നിയമം പാസാക്കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA ASSEMBLY, BLACKMAGIC, BLIND AND IRRATIONAL BELIEF, SUPERSTITION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.