SignIn
Kerala Kaumudi Online
Thursday, 09 February 2023 11.11 AM IST

ആത്മപരിശോധന നടത്തൂ , ഇനി നീതി വൈകരുത്

opinion

നീതി വൈകുന്നത് നീതി നിഷേധത്തിനു തുല്യമാണ്. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് സ്ഥിരമായി ഉയരുന്ന അഭിപ്രായമാണത്. എന്നാൽ, ഒരു ഹൈക്കാേടതി ജഡ്ജിക്ക് തന്നെ ഇക്കാര്യം തന്റെ വിധിന്യായത്തിൽ രേഖപ്പെടുത്തേണ്ടി വന്നത് ആദ്യത്തെ അനുഭവമാണ്, ഒപ്പം ഗൗരവമായി പരിഗണിക്കേണ്ട കാര്യവുമാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും തൊഴിൽപരമായ അവകാശത്തിനു വേണ്ടി കോടതി കയറിയിറങ്ങേണ്ടി വന്ന ഒരു ബാങ്ക് ജീവനക്കാരന്റെ ദുരവസ്ഥ ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ കാലവിളംബത്തിന്റെ യഥാർത്ഥ വസ്‌തുതകൾ വെളിപ്പെടുത്തിയത്.

കേസിൽ അകപ്പെട്ടതിനെത്തുടർന്ന് ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ, കൊടുങ്ങല്ലൂർ ടൗൺ സർവീസ് സഹകരണ ബാങ്കിലെ ചീഫ് അക്കൗണ്ടന്റായി വിരമിച്ച എം.കെ. സുരേന്ദ്ര ബാബു നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. 2010 ൽ ഹർജി ഫയൽ ചെയ്യുമ്പോൾ ഹർജിക്കാരന് 61 വയസായിരുന്നു. ഇപ്പോൾ 70 വയസ് പിന്നിട്ടു. ഉപജീവനത്തിനു വേണ്ടിയാണ് ഇത്രയും വർഷം ഹർജിക്കാരൻ കേസു നടത്തിയതെന്ന് വ്യക്തം. 20 വർഷം പഴക്കമുള്ള കേസുകൾ വരെ ഹൈക്കോടതിയിൽ തീർപ്പാക്കാതെ കി‌ടക്കുന്നുണ്ട്. പരിതാപകരമായ ഈ സ്ഥിതിയിൽ രജിസ്ട്രിക്ക് ഉത്തരവാദിത്വമുണ്ടന്നും വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാലും നടപടിയില്ലെന്ന് അഭിഭാഷകർക്കിടയിൽ നിന്നുതന്നെ പരാതിയുണ്ടെന്നും കോടതി വിലയിരുത്തിയത് അസാധാരണ സംഭവമാണ്. ഇത്തരത്തിൽ കേരള ഹൈക്കോടതിയിൽ 20 വർഷത്തോളമായി ചില റിട്ട് ഹർജികൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് രജിസ്ട്രിയെ കുറ്റപ്പെടുത്താതിരിക്കാൻ കഴിയില്ല. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയശേഷം അധികാര പരിധിയിലുള്ള ജഡ്ജിക്ക് മുമ്പാകെ പഴയ കേസുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യേണ്ടത് രജിസ്ട്രിയുടെ കടമയാണ്. അധികാരപരിധിയിലുള്ള ജഡ്ജിക്ക് ഒരുപക്ഷേ പഴയ കേസുകളെക്കുറിച്ച് , അറിവില്ലായിരിക്കാം, കാരണം, സാധാരണ ഹൈക്കോടതി കേസുകൾ ഫയലിൽ സ്വീകരിച്ചുകഴിഞ്ഞാൽ അടിയന്തര മെമ്മോയോ, നേരത്തെയുള്ള വാദം കേൾക്കൽ ഹർജിയോ ഏതെങ്കിലും നിർദ്ദേശങ്ങൾക്കായുള്ള മറ്റ് ഹർജികളോ ഇല്ലെങ്കിൽ അന്തിമ വാദം കേൾക്കലിന് അല്ലാതെ അവ ലിസ്റ്റ് ചെയ്യില്ല. കോടതികളിൽ കേസ് കെട്ടിക്കിടക്കുന്ന സാഹചര്യം ആത്മപരിശോധനയ്‌ക്ക് വിധേയമാക്കണം. കേസുകളിലെ തീർപ്പിനുള്ള കാലതാമസം ഒരിക്കലും അനുവദിക്കരുത്. ജനങ്ങൾക്ക് കോടതി സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ അത്തരം നടപടികൾ ഇടയാക്കുകയുള്ളൂ. വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന പഴക്കമുള്ള ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുക തന്നെ വേണം. അതിനായി രജിസ്‌ട്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം.

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലുമായി 20 ലക്ഷത്തിലേറെ കേസുകളാണ് കെട്ടിക്കിടക്കുന്നത്. 2019 ൽ ഇത്തരം കേസുകളുടെ എണ്ണം 16 ലക്ഷമായിരുന്നത് മൂന്നു വർഷം കൊണ്ട് നാലുലക്ഷത്തിലേറെ വർദ്ധിച്ചു. കേരള ഹൈക്കോടതിയിൽ സിവിൽ, ക്രിമിനൽ വിഭാഗത്തിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ 30 ശതമാനവും അഞ്ചു വർഷം മുതൽ പത്തു വർഷം വരെ പഴക്കമുള്ളവയാണ്. 1968 മുതലുള്ള സിവിൽ കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ട്. 30 വർഷത്തിലേറെ പഴക്കമുള്ള 19 സിവിൽ കേസുകൾ തീർപ്പു കാത്തു കിടപ്പുണ്ടെന്നും ദേശീയ ജുഡിഷ്യൽ ഡേറ്റ ഗ്രിഡിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 1,59,354 സിവിൽ കേസുകളും 40261ക്രിമിനൽ കേസുകളും ഉൾപ്പെടെ 1,99,615 കേസുകൾ കെട്ടിക്കിടക്കുന്നു. കീഴ്‌ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 20 ശതമാനവും അഞ്ചുവർഷം മുതൽ പത്തുവർഷം വരെ പഴക്കമുള്ളവയാണ്. ഏറ്റവും അധികം കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്, 3.82 ലക്ഷം. 2019 ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കേസുകളുണ്ടായിരുന്ന എറണാകുളം ജില്ല ഇത്തവണ രണ്ടാം സ്ഥാനത്താണ്, 2.99 ലക്ഷം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ആറു ജില്ലകളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. 5,13,179 സിവിൽ കേസുകളും 13,41,888 ക്രിമിനൽ കേസുകളും ഉൾപ്പെടെ18,55,067 കേസുകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയിൽ മാത്രം 69,781 കേസുകൾ തീർപ്പിന് കാത്തുകിടക്കുകയാണ്. അതിൽ 489 കേസുകൾ ഭരണഘടനാബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് ഓർക്കണം.

ഈ പ്രതിസന്ധി പരിഹരിക്കാനായി നിലവിലുള്ള കോടതികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനൊപ്പം കൂടുതൽ കോടതികൾ അനുവദിക്കുകയാണ് വേണ്ടത്. ന്യായാധിപന്മാരുടെയും കോടതികളുടെയും കുറവ് വലിയൊരു പ്രതിസന്ധി സൃഷ്‌ടിക്കുന്നു എന്നത് മൂടിവയ്‌ക്കാനാവാത്ത സത്യമാണ്. നീതി വൈകുന്നത് ഒഴിവാക്കാൻ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സുപ്രീംകോടതി ബെഞ്ച് സ്ഥാപിക്കണമെന്ന് മുൻ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു നിർദ്ദേശിച്ചത് ഈ അവസരത്തിൽ ഓർത്തെടുക്കേണ്ടതാണ്. ആ നിർദ്ദേശം പരിഗണിക്കപ്പെടുക പോലും ചെയ്‌തില്ലെന്നതാണ് വാസ്‌തവം. കോടതികളിലെ ഒഴിവുകൾ നികത്താത്തതും കേസുകൾ കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ട്. കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിയും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിലേക്ക് കോടതികൾ കടക്കണം. കേസുകൾ വേഗത്തിൽ തീർപ്പാക്കുക എന്നത് നീതി നടപ്പാക്കുന്നതിലെ സുപ്രധാന ഘടകമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകണം. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീംകോടതി ചില പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നുണ്ട്. അത് താഴെത്തട്ടിലുള്ള കോടതികളിലേക്കും വേഗത്തിൽ എത്തിക്കാനുള്ള നടപടികളാണ് ഇനിയുണ്ടാകേണ്ടത്. ജഡ്ജി നിയമനക്കാര്യത്തിൽ അടുത്തകാലം മുതൽ അധികാരത്തർക്കം നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയിലേക്കും ഹൈക്കോടതികളിലേക്കും കൊളിജീയം നൽകുന്ന ശുപാർശകളിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കാൻ വൈകുന്നത് ഇപ്പോൾ പതിവുകാഴ്ചയാണ്. ജഡ്ജി നിയമനം കൊളിജീയത്തിൽ നിന്ന് എടുത്തമാറ്റണമെന്ന നിലപാടാണ് തങ്ങളുടേതെന്ന് കേന്ദ്ര സർക്കാർ പറയാതെ പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു അധികാരത്തർക്കമുണ്ടാകുന്നത് ജനാധിപത്യരാജ്യത്ത് ഒട്ടും ഹിതകരമല്ല. കോടിക്കണക്കിന് കേസുകൾ രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുമ്പോൾ അത്രയും ആളുകളുടെ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് അനന്തമായി നീളുന്നത്. കേസുകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്ന പ്രവണതകൾ അവസാനിപ്പിക്കുന്നതോടൊപ്പം നീതിന്യായവ്യവസ്ഥകളിൽ സർക്കാരുകളുടെ അന്യായ കൈകടത്തലുകളും അവസാനിപ്പിക്കണം. നീതിന്യായ വ്യവസ്ഥ ഒരിക്കലും തകിടം മറിയരുതെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടങ്ങളുടെ കർത്തവ്യം കൂടിയാണ്.

ഇ - ഫയലിംഗ് ഉൾപ്പെടെ കടലാസ് രഹിത സ്മാർട്ട് കോടതി മുറികൾ രാജ്യത്ത് ആദ്യം നടപ്പാക്കിയ നേട്ടത്തിന്റെ നെറുകയിൽ കേരളം നിൽക്കുമ്പോഴാണ് കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ നാണക്കേട്. കടലാസ് രഹിതമാക്കുന്നതോടെ കോടതി വ്യവഹാരങ്ങൾ എളുപ്പത്തിലും നിയമനടപടികൾ വേഗത്തിലുമാക്കാൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. ഇ -സേവനങ്ങൾ കോടതിയിലെത്തുന്നതോടെ ജനങ്ങളിലേക്ക് വേഗത്തിൽ നീതി എത്തുമെന്നും പ്രതീക്ഷപ്പെടുന്നു. കൂടുതൽ കോടതികൾ കടലാസ് രഹിതമാക്കുന്നതോടെ സ്മാർട്ട് വിപ്‌ളവത്തിനാണ് തുടക്കമാകുന്നത്. കോടതികളുടെ രൂപവും ഭാവവും മാറുന്ന പരിഷ്‌കാരം ഗുണകരമാണെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ ഈ നടപടിയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. അത് തെളിയിക്കപ്പെടാൻ കാലതാമസമുണ്ടാകരുതെന്ന് മാത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PENDING CASES
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.