SignIn
Kerala Kaumudi Online
Saturday, 11 May 2024 4.10 AM IST

ഭരണഘടനാ ചരിത്രവും ഭേദഗതികളും

constitution

ജനനന്മയും സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ രാജ്യത്തെ എല്ലാ നിയമങ്ങളും. പൗരന് ഇത്രയും സുരക്ഷ പ്രദാനം ചെയ്യുന്ന മറ്റൊരു ഭരണഘടന ലോകത്തുണ്ടോ എന്നു പോലും സംശയമാണ്. അത്രയ്ക്കും ശ്രേഷ്ഠമാണ് നമ്മുടെ 'ഇന്ത്യൻ ഭരണഘടന'. പക്ഷേ പലപ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന ഉറപ്പും നിയമ പരിരക്ഷയും പ്രായോഗികതലത്തിൽ എത്തുമ്പോൾ പൗരന് ലഭിക്കുന്നുണ്ടോ എന്നും വിപരീത ഫലം നൽകുന്ന സന്ദർഭങ്ങളില്ലേയെന്നും നാം പരിശോധിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തെ ജനങ്ങൾ നേരിടുന്ന വലിയ വിപത്താണ് ഇന്ന് നീതി നിഷേധങ്ങൾ. നിയമ സംവിധാനങ്ങളും ഭരണ സംവിധാനങ്ങളും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതിന്റെ നേർച്ചിത്രമാണ് പലപ്പോഴും നാം നേരിടുന്ന വെല്ലുവിളിയും അവ നമുക്ക് നൽകുന്ന ദുസ്സൂചനകളും.

വൈവിധ്യങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യം നേടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരുമിച്ചു നിർത്തുന്നത്. പലതരം ഭാഷകൾ, സംസ്‌കാരം, ഭൂപ്രകൃതി, ഭക്ഷണം, വസ്ത്രരീതി, മതം, ജീവിതശൈലി അങ്ങനെ തുടങ്ങി എല്ലാംകൊണ്ടും ഇന്ത്യാ ഉപഭൂഖണ്ഡം വൈവിധ്യങ്ങളാൽ സമൃദ്ധമാണ്. ഇത്രയും വൈവിധ്യങ്ങൾ കൊണ്ട് ഒരു രാജ്യം മുന്നോട്ട് പോകുന്നത്, അവിടുത്തെ ജനങ്ങൾക്ക് തുല്യത ഉറപ്പാക്കുന്നതെല്ലാം ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട് എന്നത് കൊണ്ട് മാത്രമാണ്. ഇൻക്ലൂസീവ്‌നെസ്സ് എന്നത് തന്നെയാണ് ഭരണഘടനയുടെ കാതൽ. എല്ലാ വിഭാഗം ആളുകളെയും ഭരണഘടന അതിന്റെ കീഴിൽ ഉൾകൊള്ളുന്നുണ്ട്.


നമുക്ക് ആദ്യം നമ്മുടെ ഭരണഘടന അതിന്റെ ആമുഖത്തിൽ പറയുന്ന ഉറപ്പുകൾ പരിശോധിക്കാം. ആമുഖം:
'നമ്മൾ,ഇന്ത്യയിലെ ജനങ്ങൾ,ഇന്ത്യയെ ഒരു പരമാധികാര,സ്ഥിതിസമത്വ,മതനിരപേക്ഷ,
ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,ചിന്ത,ആശയാവിഷ്‌ക്കാരം,വിശ്വാസം,ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യം,സ്ഥാനമാനങ്ങൾ,അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പു വരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽ വെച്ച് 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം,ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു'' എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത്രയും സുന്ദരമായ,സുവ്യക്തമായ, സുവിദിതമായ ഭരണഘടന മറ്റേത് രാജ്യത്തിനാണുള്ളത്..?


ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന(ഇീിേെശൗേശേീി ീള കിറശമ). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ,പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470)
1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത് എങ്കിലും രണ്ടു മാസം കഴിഞ്ഞ് 1950 ജനുവരി 26നാണ് ഭരണഘടന നിലവിൽ വന്നത്. 2015 ലാണ് നവംബർ 26നെ ഭരണഘടനാ ദിവസമായി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതിയും അധികാരവും ഉറപ്പു നൽകിയ ദിനത്തെ 'സംവിധാൻ ദിവസ്' എന്നു കൂടി അറിയപ്പെടുന്നുണ്ട്. ദേശീയ നിയമ ദിനം എന്നായിരുന്നു ഭരണഘടനാ ദിനത്തെ നേരത്തെ അറിയപ്പെട്ടിരുന്നത്.


1934ൽ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണം എന്ന് ആദ്യമായി പറഞ്ഞത് എം. എൻ.റോയ് ആയിരുന്നു. 1945ലെ വേവൽ പ്ലാൻ അനുസരിച്ചാണ് ഇന്ത്യക്കാർക്ക് സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടുവരുന്നത്. 1935ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇക്കാര്യം മുന്നോട്ട് വെച്ചു. തുടർന്ന് 1940ൽ ഇന്ത്യയ്ക്ക് സ്വന്തം ഭരണഘടന എന്ന ആവശ്യം ശക്തമായതോടെ ബ്രിട്ടിഷുകാർ ഇത് അംഗീകരിച്ചു. തുടർന്ന്, 1942ൽ സർ സ്റ്റാഫോർഡ് ക്രിപ്സിനെ(ക്രിപ്സ് ദൗത്യം) ഇതേ കുറിച്ച് പഠിക്കാൻ ഇന്ത്യയിലേക്കയച്ചു. 1946ൽ ബ്രിട്ടിഷ് മന്ത്രിസഭ നിയോഗിച്ച കാബിനറ്റ് മിഷൻ എന്ന സമിതിയുടെ ശുപാർശ പ്രകാരം ഇന്ത്യയിൽ ആദ്യമായി ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചു.1946 ഡിസംബർ 9ന് ഡോ.സച്ചിദാനന്ദ സിൻഹയുടെ നേതൃത്വത്തിലാണ് ഭരണഘടന അസംബ്ലി ആദ്യമായി ചേർന്നത്. യോഗത്തിൽ രാജേന്ദ്ര പ്രസാദിനെ അധ്യക്ഷനായും എച്ച്.സി മുഖർജിയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു. യോഗം വിജയം കണ്ടതോടെ 1947 ഓഗസ്റ്റ് 26ന് ഡോ.അംബേദ്കറുമായി ചേർന്ന് ഒരു കരട് സമിതി രൂപീകരിച്ചു.1949 നവംബർ 26ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. തുടർന്ന് 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യൻ ഭരണഘടന ജാതി,മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നു. പൗരന്റെ നീതി,സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യത്തെ ഉയർത്തി പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്.


പക്ഷേ, ഇന്ന് ചിന്തിക്കുമ്പോൾ നമുക്ക് എവിടെയൊക്കെയോ പിഴവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നതായും പൗരന്മാർക്ക് രാജ്യത്തിന്റെ നിയമസംഹിതകളോട് അനുദിനം വിശ്വാസക്കുറവ് അനുഭവപ്പെടുന്നതിന്റെയും ലാഞ്ചനകൾ തെളിഞ്ഞു വരുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. പൗരത്വ ബില്ലും, എൻ.ആർ.സിയും,ഒടുവിൽ ഒരു വർഷക്കാലത്തോളം നീണ്ട കർഷക സമരങ്ങളും സൂചിപ്പിക്കുന്നത് അതാണ്. എല്ലാ പൗരന്മാർക്കും ഭരണഘടന അനുശാസിക്കുന്ന നിയമം തുല്യ അളവിൽ ലഭ്യമാകുമ്പോഴാണ് ഒരു ജനാധിപത്യം രാജ്യം അതിന്റെ ശിരസ്സുയർത്തി നിൽക്കാൻ സാധിക്കുന്നത്. 'where the head is without fear, the head is held high ' എന്ന് ടാഗോർ പാടിയതുപോലെ രാജ്യത്തെ ഓരോ പൗരനും ഭയലേശമില്ലാതെ ശിരസ്സുയർത്തി നിൽക്കാൻ കഴിയുന്ന സുപ്രഭാതങ്ങൾ അസ്തമിക്കാതിരിക്കാൻ നാം ഒരുമിച്ചു നിൽക്കേണ്ടത് വളരെ ആവശ്യമാണ്.

105 ദേദഗതികൾ ഭരണഘടന നിലവിൽ വന്നതിന് ശേഷം നടത്തിയിട്ടുണ്ട്. കേശവാനന്ദഭാരതിയും കേരള സംസ്ഥാനവും എന്ന കേസിൽ ഭരണഘടനയുടെ അടിസ്ഥാന തത്വഞ്ഞെ മാറ്റുന്ന തരത്തിൽ ഭേദഗതികൾ പാടില്ലെന്ന് സൂപ്രീം കോടതി വിധിച്ചു. ഭരണഘടനയുടെ അനുഛേദം 368 അനുശാസിക്കുന്നതു പോലെ . 1951 ജൂൺ 18 നാണ് ആദ്യ ഭേദഗതി നിലവിൽ വന്നത്. ഭൂപരിഷ്‌കരണ നിയമത്തിന് അംഗീകരവും ശക്തിയും പകരുന്നതിനും ഒൻപതാം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ആദ്യ ഭേദഗതിയിലൂടെയാണ്. 2021 വരെ 105 ഭേദഗതികളാണ് ഭരണഘടനയിൽ ഇതുവരെ നടത്തിയിട്ടുള്ളത്. അനുഛേദം 342എ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്കും പിന്നോക്ക സംവരണ പട്ടിക ഉണ്ടാക്കാൻ അനുമതി നൽകുകയായിരുന്നു. 105 തവണ ഭേദഗതി നിർദ്ദേശങ്ങൾ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെന്റിന് അധികാരം നൽകുന്നു. ഭരണഘടനാ ഭേദഗതി നിലവിൽ വരണം എങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് വേണ്ട ഭൂരിപക്ഷം മൂന്നു വിധത്തിൽ തിരിച്ചിരിക്കുന്നു.

പാർലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം: സഭയിൽ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ,ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിർത്തി എന്നിവ സംബന്ധിച്ച ഒട്ടു മിക്ക നിയമങ്ങളും ഇതിൽ പെടുന്നു.


പാർലമെന്റിലെ ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷം: സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നിൽ രണ്ടും ഭൂരിപക്ഷം. മൗലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിർദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യ സഭയിലും ആവശ്യമാണ്.


പാർലമെന്റിൽ സവിശേഷ ഭൂരിപക്ഷത്തിന് പുറമെ, സംസ്ഥാന നിയമസഭകളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം: സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും,ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും, കൺകറന്റ് ലിസ്റ്റിലെ വകുപ്പുകൾ സംബന്ധിച്ച ഭേദഗതികളും നടപ്പിൽ വരുന്നതിനു ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയിൽ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ കടമെടുക്കുന്നത്.

1976ലെ 42ാം ഭേദഗതി:
1976 നവംബർ 2 ന് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയാണ് 42ാം ഭേദഗതി കൊണ്ടുവന്ന് പാർലമെന്റ് ഈ നിയമം പാസ്സാക്കുന്നത്. The Constitution 42nd Amend ment Act എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്. ഭരണഘടനയുടെ ആമുഖത്തിൽ മതേതരം, അഖണ്ഡത,സമത്വം എന്നിവ കൂട്ടിച്ചേർക്കാൻ സ്വരൺ സിംഗ് കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. 42ാം ഭേദഗതി ഭരണഘടനയുടെ മിനി കോൺസ്റ്റിറ്റിയൂഷൻ(ചെറു ഭരണഘടന) എന്നും അറിയപ്പെടുന്നു. ജനതാ പാർട്ടി സർക്കാർ 1977ൽ അധികാരത്തിൽ വന്നപ്പോൾ 43ാം ഭേദഗതിയിലൂടെയും 1978ലെ 44ാം ഭേദഗതിയിലൂടെയും പൂർവ്വസ്ഥിതി ഒരു പരിധി വരെ തിരിച്ചു കൊണ്ടുവന്നു. എക്സിക്യൂട്ടീവിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള വഴിയൊരുക്കിക്കൊണ്ടുള്ള ചില വ്യവസ്ഥകൾ ആദ്യം നീക്കം ചെയ്യപ്പെട്ടു. കാബിനറ്റ് രേഖാമൂലം ആവശ്യപ്പെട്ടാലേ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥയും കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതിന് പ്രധാനമന്ത്രിയെ ശിക്ഷിക്കുന്നതിനെതിരായ ചട്ടങ്ങളും നീക്കം ചെയ്യുകയുണ്ടായി. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്തു.

കാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352ൽ കൂട്ടിച്ചേർത്തു. അടിയന്തരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20, 21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു. ജനത ഗവൺമെന്റിന്റെ കാലത്താണ് 44ാം ഭേദഗതി പാസ്സാക്കിയത്.

1985ലെ 52ാം ഭേദഗതി:
കൂറുമാറ്റ നിരോധന നിയമം (Anti Defection Law) എന്നാണറിയപ്പെടുന്നത്. പത്താം പട്ടികയിൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. പാർലമെന്റ്, സംസ്ഥാന നിയമസഭാ അംഗങ്ങൾ എന്നിവരുടെ അയോഗ്യതയെക്കുറിച്ച് പ്രതിപാദിക്കുന്നു.

1992ലെ 73ാം ഭേദഗതി:
പഞ്ചായത്ത് രൂപീകരണം, ഭരണ സംവിധാനം, അധികാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതിയാണിത്. പഞ്ചായത്തീരാജ് ആക്ട് (നിയമം) എന്നറിയപ്പെടുന്നു. പഞ്ചായത്തീരാജിന് ഭരണഘടന സാധുത നൽകി. പഞ്ചായത്തീരാജ് പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗം 1തൽ കൂട്ടിച്ചേർത്തു.

1992ലെ 74 ാം ഭേദഗതി:
നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്നു. ഭാഗം1ത അ4 ഭരണഘടനയിൽ കൂട്ടിച്ചേർത്തു.(ആർട്ടിക്കിൾ 243 P മുതൽ 243 ZGവരെ).12 ാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

2002 ലെ 86 ാം ഭേദഗതി:
പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റി ആർട്ടിക്കിൾ 21എ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവുമായി.
ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി.
ആർട്ടിക്കിൾ 51എ യിൽ ഭേദഗതി വരുത്തി പതിനൊന്നാമതായി ഒരു മൗലിക കടമ കൂടി കൂട്ടിച്ചേർത്തു. ഇതനുസരിച്ച് 6നും 14നും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയായി മാറി.

2003ലെ 91ാം ദേദഗതി:
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ എണ്ണം അധോസഭയുടെ പതിനഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു. എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ മന്ത്രിമാരുടെ എണ്ണം 12ൽ കുറയാനും പാടില്ല.
കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ,എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്തു.

സുരേഷ് വണ്ടന്നൂർ
സെക്ഷൻ ഓഫീസർ,
നിയമ വകുപ്പ്, സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം,

ഫോൺ-9495303488

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN CONSTITUTION, CONSTITUTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.