തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിർത്തലാക്കണം എന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്ന് അദ്ദേഹം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പൊതുപരിപാടിയ്ക്കിടയിൽ പറഞ്ഞു. സമരസമിതിയുടെ മറ്റെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതി പകുതി വഴിയിൽ നിർത്തിവെച്ചാൽ അത് മോശം സന്ദേശമായിരിക്കും നൽകുന്നതെന്നും കൂട്ടിച്ചേർത്തു. പ്രതിഷേധം വേറെ തലത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനാണ് ശ്രമമെന്നും ഇത് വഴി പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാൻ ആകില്ല. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരും. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. അങ്ങനെ പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശമാകും നൽകുക.
പദ്ധതിയിൽ അഭിപ്രായ വ്യത്യാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് അസന്നിഗ്ധമായി അവരോട് പറഞ്ഞിട്ടുണ്ട്. സമരസമിതി നേതാക്കൾ തന്നെ കാണാൻ വന്നു. അനൗദ്യോഗികമായിട്ടാണ് സമരസമിതി നേതാക്കൾ എത്തിയത്. പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിന് കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നതാണ്. അന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഏതെങ്കിലും തരത്തിൽ തീരശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധസമിതിയെ വെക്കാമെന്ന് സമരസമിതി നേതാക്കളോട് പറഞ്ഞിട്ടുണ്ട്.സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ല. ഈ സമരം എങ്ങോട്ടാണ് പോകുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്നത് പോലുള്ള നമ്മുടെ സംസ്ഥാനത്ത് നടക്കില്ല എന്ന് കരുതിയ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഏത് വേഷത്തിൽ വന്നാലും പദ്ധതിയ്‌ക്കെതിരായ ഒരു നീക്കവും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |