SignIn
Kerala Kaumudi Online
Tuesday, 07 February 2023 6.09 PM IST

വിഴിഞ്ഞത്തിന്റെ വിധി

vizhi

ഉമ്മൻചാണ്ടി കേരള മുഖ്യമന്ത്രിയും കെ.ബാബു തുറമുഖവകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം ഗൗതം അദാനിയുടെ സ്ഥാപനത്തെ ഏൽപ്പിച്ച് കേരള സർക്കാർ കരാർ ഉണ്ടാക്കുന്നത്. ഇതിൽ വലിയ അഴിമതിയുണ്ടെന്നും കരാർ സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണെന്നും ശരിയായ രീതിയിൽ പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നുമൊക്കെ അന്നുതന്നെ ആരോപണമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും അന്നു മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും പാർട്ടി മുഖപത്രം ദേശാഭിമാനിയും ഈ ആരോപണം വളരെ ഗൗരവമായി ഉന്നയിച്ചു. പക്ഷേ, ഒരു പരിധിക്കപ്പുറം അവർക്കു മുന്നോട്ടു പോകാനായില്ല. വിഴിഞ്ഞം പദ്ധതി മുടക്കുന്നവർ വികസന വിരോധികളാണെന്നും സംസ്ഥാന താത്പര്യത്തിനു തുരങ്കം വയ്ക്കുന്നവരാണെന്നും ആരോപണമുണ്ടായി. മാത്രമല്ല, കരാർ ഒപ്പിടാൻ വന്ന ഗൗതം അദാനി തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാക്കളെയും സന്ദർശിച്ചു; അവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ വിഴിഞ്ഞം കരാർ യാഥാർത്ഥ്യമായി തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്ത് മത്സ്യബന്ധനം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട്. വിഴിഞ്ഞം തുറമുഖം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാതം ഏതെങ്കിലുമൊരു മതവിഭാഗക്കാരുടെ മാത്രം തലവേദനയല്ല. തെക്കൻ തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം ലത്തീൻ കത്തോലിക്ക സഭ വലിയൊരു രാഷ്ട്രീയ ശക്തിയും പ്രബലമായ വോട്ടുബാങ്കുമാണ്. അവരുടെ താത്പര്യത്തെ അവഗണിച്ചുകൊണ്ട് ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. വളരെ വേഗം പ്രകോപിതരാകുന്നവരും വൈകാരികമായി പ്രതികരിക്കുന്നവരുമാണ് തീരപ്രദേശത്തെ ലത്തീൻ കത്തോലിക്കർ. 1959 ലെ കുപ്രസിദ്ധമായ വിമോചന സമരത്തിൽ ഫ്‌ളോറി അടക്കം എട്ട് രക്തസാക്ഷികളെ സംഭാവന ചെയ്ത പാരമ്പര്യവും ലത്തീൻ സഭയ്ക്കുണ്ട്. അന്നു വെട്ടുകാടും പുല്ലുവിളയിലും ചെറിയ തുറയിലും നടന്ന വെടിവയ്പ്പുകളാണ് ഇ.എം.എസ് സർക്കാരിന്റെ അന്ത്യം കുറിച്ചത്.
ലത്തീൻ സഭയും തിരുവനന്തപുരം ആർച്ച് ബിഷപ്പും ശക്തമായി എതിർത്തിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഒരു കാരണവശാലും യാഥാർത്ഥ്യമാകുമായിരുന്നില്ല. എന്നാൽ അവർ മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്. കരാർ ഒപ്പിടുന്ന കാലത്ത് എം. സൂസെപാക്യമാണ് തിരുവനന്തപുരം ആർച്ച് ബിഷപ്പ്. മദ്യനിരോധന വിഷയത്തിലടക്കം സർക്കാരിനെ പലപ്പോഴും മുൾമുനയിൽ നിറുത്തിയ സമരപാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതിയെ സ്വാഗതം ചെയ്യാനാണ് ആർച്ച് ബിഷപ്പും മറ്റു വൈദിക ശ്രേഷ്ഠരും തയ്യാറായത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും തീരമേഖലയുടെ ഐശ്വര്യത്തിനും ഈ തുറമുഖം അനിവാര്യമാണെന്ന് അവർ വാദിച്ചു. വിഴിഞ്ഞം പദ്ധതി ഉറപ്പുവരുത്തുന്ന വികസനത്തിലായിരുന്നു അവരുടെ കണ്ണും കരളും. അങ്ങനെ കരാർ യാഥാർത്ഥ്യമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

2016 മേയിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. യു.ഡി.എഫ് സർക്കാർ പോയി എൽ.ഡി.എഫ് അധികാരത്തിൽ വന്നു. സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായി. വിഴിഞ്ഞം കരാറിനെക്കുറിച്ച് പഠിക്കാൻ നിയുക്തമായ കമ്മിറ്റിയുടെ റിപ്പോർട്ട് പിന്നാലെ വന്നു. സംസ്ഥാന താത്പര്യത്തിനു നിരക്കുന്നതല്ല കരാറിലെ പല വ്യവസ്ഥകളുമെന്ന് കമ്മിറ്റി കണ്ടെത്തി. എന്നാൽ കരാർ റദ്ദാക്കാനോ അഴിച്ചു പണിയാനോ സർക്കാർ തയ്യാറായില്ല. റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച് പുതിയൊരു റിപ്പോർട്ട് സമർപ്പിക്കാൻ റിട്ടയർ ചെയ്ത ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പുതിയൊരു കമ്മിറ്റി രൂപീകരിക്കുക മാത്രമാണുണ്ടായത്. ലത്തീൻ സഭയ്‌ക്കോ മറ്റേതെങ്കിലും സമുദായ സംഘടനയ്‌ക്കോ ഇക്കാര്യത്തിൽ യാതൊരു ആക്ഷേപവും ഉണ്ടായില്ല. കോൺഗ്രസോ ബി.ജെ.പിയോ ഇക്കാര്യത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതുമില്ല. ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണം നടക്കുമ്പോൾത്തന്നെ നിർമ്മാണപ്രവർത്തനവുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോയി. 2021ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയായി. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും വിജയിച്ചു. പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയായി. പിന്നെയും ഒരു വർഷത്തിലധികം പിന്നിട്ടപ്പോഴാണ് സഭാ നേതൃത്വത്തിന് ഉൾവിളിയുണ്ടായത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തീരശോഷണത്തിനടയാക്കും; മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനം അസാദ്ധ്യമായി. അതുകൊണ്ട് നിർമ്മാണപ്രവർത്തനം നിറുത്തിവയ്ക്കണം, വീണ്ടും പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് പിതാക്കന്മാരും വൈദികരും മുറവിളികൂട്ടി. വിശ്വാസികൾ അതുകേട്ട് പ്രകോപിതരായി. അങ്ങനെ ഐതിഹാസികമായ വിഴിഞ്ഞം സമരത്തിന് യവനിക ഉയർന്നു. യഥാർത്ഥത്തിൽ തീരശോഷണവും പാരിസ്ഥിതിക ആഘാതവും ലത്തീൻസഭയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഒരു പൊതുപ്രശ്‌നത്തെ സമുദായപ്രശ്‌നമാക്കി ചുരുക്കാനാണ് പാതിരിമാർ ഉദ്യമിച്ചത്. ഇതര സമുദായ സംഘടനകളെയും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയും കുറഞ്ഞപക്ഷം ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ എങ്കിലും കൂടെക്കൂട്ടാൻ സഭ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. കടലും കടൽത്തീരവും മത്സ്യത്തൊഴിലും ലത്തീൻകാരുടെ മാത്രം പ്രശ്‌നമാണെന്ന സമീപനമാണ് തിരുവനന്തപുരം അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായത്. വൈദികരും കന്യാസ്ത്രീകളും സമരത്തിനു നേതൃത്വം നൽകി. സഭാ വിശ്വാസികൾ മാത്രം സമരരംഗത്തിറങ്ങി. അങ്ങനെ തുടക്കത്തിലേ സമരം പാളം തെറ്റി.
വഴിതടയലും സത്യഗ്രഹവും തീപ്പൊരി പ്രസംഗങ്ങളുമായി സമരം മുന്നോട്ടു പോകവേ അദാനിഗ്രൂപ്പ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. സമരക്കാരുടെ വാദമുഖങ്ങളെല്ലാം തള്ളിയ കോടതി നിർമ്മാണപ്രവർത്തനത്തിനു സംരക്ഷണം നൽകാൻ പൊലീസിനു നിർദ്ദേശം നൽകി. എന്നാൽ ലത്തീൻസഭയുടെ സംഘടിത ശക്തിക്കു മുമ്പിൽ ഒന്നും ചെയ്യാൻ കഴിയാതെ പൊലീസ് നിസഹായത പ്രകടിപ്പിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവുകളെല്ലാം ജലരേഖയായി. സമരക്കാരുടെ മുഷ്‌ക്കിനു മുന്നിൽ പൊലീസ് കൈയുംകെട്ടി നിന്നു. ഇന്ത്യൻ ഭരണഘടനയോ നിയമവ്യവസ്ഥയോ ഹൈക്കോടതി ഉത്തരവോ ഒന്നും തങ്ങൾക്കു ബാധകമല്ലെന്ന ഉറച്ചനിലപാട് ലത്തീൻസഭ കൈക്കൊണ്ടു. വൈകാരിക അന്തരീക്ഷം മുതലെടുത്ത് പുരോഹിതർ കൂടുതൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി. അതിനിടെ തുറമുഖ നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ട് ഇടതുപക്ഷപാർട്ടികളും ബി.ജെ.പിയും രംഗത്തുവന്നു. സമരം ചെയ്യുന്നവർ രാജ്യതാത്പര്യത്തിനു തുരങ്കം വയ്ക്കുകയാണെന്നും പ്രക്ഷോഭത്തിനു പിന്നിൽ വിദേശശക്തികളുടെ കരാള ഹസ്തങ്ങളുണ്ടെന്നും സമരക്കാർക്ക് പുറമേനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു. വിഴിഞ്ഞം സമരത്തിനു പിന്തുണയുമായി പോപ്പുലർഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും രംഗത്തുവന്നത് സംശയങ്ങൾക്കു ശക്തി വർദ്ധിപ്പിച്ചു. ക്രമേണ തീരപ്രദേശത്തെ ക്രൈസ്തവേതര സമുദായക്കാർ സമരത്തിന് മൊത്തം എതിരായി. സാമുദായിക ധ്രുവീകരണം വളരെ പ്രകടമായി.

സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലൊന്നും ഉണ്ടായില്ല. പ്രക്ഷോഭകരുടെ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചു; ഇതിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. തുറമുഖ നിർമ്മാണം ഒരു കാരണവശാലും നിറുത്തിവയ്ക്കാൻ കഴിയില്ലെന്ന നിലപാട് സർക്കാരും നിർമ്മാണം നിറുത്തിവയ്ക്കാതെ ചർച്ചയില്ല, സമരം ഒരു കാരണവശാലും പിൻവലിക്കില്ല എന്ന ശാഠ്യം അതിരൂപതയും കൈക്കൊണ്ടു. കോടതിയുടെ ഇടപെടൽ കൂടുതൽ കടുത്തതോടെ എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന നിലയിലേക്ക് സർക്കാരും പൊലീസും എത്തിച്ചേർന്നു. എന്നാൽ സഭാനേതൃത്വം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അങ്ങനെ നവംബർ 26 ആയപ്പോഴേക്കും തീരപ്രദേശം തികച്ചും പ്രക്ഷുബ്ധമായി. കോടതി ഉത്തരവ് ലംഘിച്ച് സമരാനുകൂലികൾ വഴി തടയുകയും ലോറികൾ തിരിച്ചുവിടുകയും ചെയ്തു. സമരാനുകൂലികളും വിരുദ്ധരും തമ്മിൽ കല്ലേറുണ്ടായി. ക്രൈസ്തവേതര സമുദായ അംഗങ്ങളുടെ വീടുകൾക്കു നേരെയും ആക്രമണം നടന്നു. കസ്റ്റഡിയിലെടുത്തവരെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. പലതവണ ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചിട്ടും ആൾക്കൂട്ടം അടങ്ങിയില്ല. നിരവധി പൊലീസുകാർക്ക് സാരമായ പരിക്കേറ്റു. പൊലീസ് സംയമനം പാലിച്ചതുകൊണ്ടുമാത്രം വിഴിഞ്ഞത്ത് വെടിപൊട്ടിയില്ല. അല്ലെങ്കിൽ പഴയ വെട്ടുകാടും ചെറിയതുറയും ആവർത്തിക്കുമായിരുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും പ്രധാന വൈദികരെയും പ്രതിയാക്കിയെങ്കിലും പൊലീസ് അവരെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴത്തെ നിലയ്ക്ക് അറസ്റ്റുണ്ടാകാനും സാദ്ധ്യത കുറവാണ്. ക്രിമിനൽ നടപടി നിയമനത്തിലെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് തത്‌കാലം പ്രക്ഷോഭകരെ അടക്കി നിറുത്തിയിരിക്കുകയാണ്. അതേസമയം, ഒത്തുതീർപ്പ് ചർച്ചകൾ എങ്ങുമെത്താതെ മുടങ്ങിക്കിടക്കുന്നു. തുറമുഖം നിർമ്മാണം നിറുത്താൻ കഴിയില്ലെന്നു സർക്കാരും സമരം തുടരുമെന്ന ശാഠ്യത്തിൽ സഭാനേതൃത്വവും ഉറച്ചുനിൽക്കുന്നു. ഫിഷറീസ് മന്ത്രിയുടെ പേരിൽത്തന്നെ തീവ്രവാദമുണ്ടെന്ന് ഒരു വൈദികൻ ആരോപിച്ചു. പിന്നീട് അദ്ദേഹം മാപ്പു പറഞ്ഞെങ്കിലും ആ പരാമർശമുണ്ടാക്കിയ മുറിവ് വളരെ ആഴമുള്ളതാണ്. ക്രമസമാധാന പരിപാലനത്തിന് കേന്ദ്രസേന വരുമെന്നാണ് വിഴിഞ്ഞത്തുനിന്നുള്ള ഏറ്റവും പുതിയ വാർത്ത.

2015-16 കാലത്ത് കരാറിനെ എതിർത്ത മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ദേശാഭിമാനി ദിനപത്രവും ഇപ്പോൾ വിഴിഞ്ഞം പദ്ധതിയുടെ വക്താക്കളായി മാറിയിരിക്കുന്നു. പാവം മത്സ്യത്തൊഴിലാളികളെ കരുവാക്കി രാജ്യപുരോഗതിക്ക് തുരങ്കം വയ്ക്കുകയാണ് വൈദികരെന്ന് അവർ ആരോപിക്കുന്നു. ഈയിടെ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടടക്കം പല തീവ്രവാദ സംഘടനകളും സമരക്കാർക്കിടയിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അവർക്ക് വിദേശഫണ്ട് ലഭിക്കുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് ഇവർ ആരോപിക്കുന്നു. ഇതിനിടെ, വിഴിഞ്ഞം കരാറിലെ അഴിമതിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും തീരശോഷണമടക്കം മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളുമൊക്കെ വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഒരു പൊതുപ്രശ്‌നത്തെ എങ്ങനെ മതപ്രശ്‌നമാക്കാമെന്നും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് എങ്ങനെ ജനകീയശ്രദ്ധ തിരിച്ചുവിടാമെന്നും വിഴിഞ്ഞം സമരം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIZHINJAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.