3-0
സെനഗലിനെതിരെയും ഗോളടിച്ചുകൂട്ടി ഇംഗ്ളണ്ട് ക്വാർട്ടറിൽ
ദോഹ : ആഫ്രിക്കൻ കനവുകളുമായെത്തിയ സെനഗലിനെ സങ്കടത്തിലാഴ്ത്തി ഇംഗ്ളീഷ് സൈന്യം ഖത്തർ ലോകകപ്പിന്റെ അവസാന എട്ടിലേക്ക് മാർച്ച് ചെയ്തു. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് സാഡിയോ മാനേ ഇല്ലാതെവന്ന സെനഗലിനെ ഇംഗ്ളീഷുകാർ മടക്കി അയച്ചത്.
ആദ്യ പകുതിയിൽ ഹെൻഡേഴ്സണും നായകൻ ഹാരി കേനും സ്കോർ ചെയ്തപ്പോൾതന്നെ ഇംഗ്ളണ്ട് ജയമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയിൽ ബുക്കായോ സാക്കയും കൂടി വലകുലുക്കിയതോടെ സെനഗലിന്റെ പതനം പൂർണമായി. മത്സരത്തിന്റെ ആദ്യ അരമണിക്കൂറിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചെങ്കിലും ഗോളുകൾ വഴങ്ങിയതോടെ സെനഗൽ ചിത്രത്തിൽനിന്നുതന്നെ മായുകയായിരുന്നു.
മുന്നേറ്റത്തിൽ കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇസ്മയില സാറിനും ഡയാറ്റയ്ക്കും ഡിയുവിനും കഴിയാതെ വന്നതും പ്രതിരോധത്തിൽ നായകൻ കാലിദോ കൗലിബാലി തീർത്തും നിറം മങ്ങിയതുമാണ് സെനഗലിന്റെ തോൽവിക്ക് വഴിയൊരുക്കിയത്.
ഇംഗ്ളീഷ് ഗോളുകൾ ഇങ്ങനെ
1-0
38-ാം മിനിട്ട്
ജോർദാൻ ഹെൻഡേഴ്‌സൺ
ഹാരി കേൻ നൽകിയ പന്തുമായി ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറിയ ജൂഡ് ബെല്ലിംഗ്ഹാം കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് ഹെൻഡേഴ്‌സൺ കൃത്യമായി വലയിലെത്തിച്ചു.
2-0
45+1-ാം മിനിട്ട്
ഹാരി കേൻ
ബെല്ലിംഗ്ഹാം തുടക്കമിട്ട കൗണ്ടർ അറ്റാക്കാണ് ഗോളിന് വഴിവെച്ചത്. ബെല്ലിംഗ്ഹാമിൽ നിന്ന് പന്ത് കിട്ടിയ ഫിൽ ഫോഡൻ അത് കേനിന് മറിച്ചു. സെനഗൽ ഗോളി മെൻഡിക്ക് ചിഥിക്കാൻ സമയം കൊടുക്കാതെ കേനിന്റെ ഷോട്ട് വലയിൽ. ഖത്തർ ലോകകപ്പിൽ ഇംഗ്ളണ്ട് നായകന്റെ ആദ്യ ഗോളായിരുന്നു ഇത്.
3-0
57-ാം മിനിട്ട്
ബുക്കായോ സാക്ക
ഹാഫ് ലൈനിന് അടുത്തുനിന്ന് പന്തുമായി മുന്നേറിയ ഫിൽ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതുവിംഗിലൂടെ കയറി ഫോഡൻ നല്‍കിയ പാസ് സാക്ക അനായാസം വലയിലെത്തിച്ചു. ഖത്തർ ലോകകപ്പിൽ സാക്കയുടെ മൂന്നാം ഗോളായിരുന്നു ഇത്.
12
ഗോളുകളാണ് ഇതുവരെയുള്ള നാലുമത്സരങ്ങളിൽനിന്ന് ഇംഗ്ളണ്ട് സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ അമേരിക്കയുമായുള്ള ഗ്രൂപ്പ് മത്സരം ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തിൽ ഇറാനെ 6-2ന് തോൽപ്പിച്ച ഇംഗ്ളണ്ട് വെയിൽസിനെയും സെനഗലിനെയും മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ക്വാർട്ടറിലെത്തിയ ടീമായി ഇംഗ്ളണ്ട്.
ഇംഗ്ളണ്ട് -ഫ്രാൻസ് ക്വാർട്ടർ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം രാത്രി 12.30നാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ കിക്കോഫ്.