SignIn
Kerala Kaumudi Online
Saturday, 27 April 2024 7.43 AM IST

വിഴിഞ്ഞം സംഘർഷത്തിൽ പൊലീസിന്റെ ക്ഷമയും സംയമനവും മാതൃകാപരം, വ്യക്തികളുടെ മുഖം നോക്കിയല്ല നിയമവും  കോടതിയും  പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനാലാണ് വൈദികർ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് പൊലീസ് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരാഹ്വാനം ചെയ്തവരിൽ ചിലരെ മാത്രം ഒഴിവാക്കാൻ സാധിക്കില്ല. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവർത്തിക്കുന്നത്. ക്രമസമാധാനപാലനം പൊലീസിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ല എന്നതിൽമാത്രമേ സർക്കാരിന് കടുംപിടിത്തമുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓഗസ്റ്റ് 16ന് ആരംഭിച്ച സമരത്തിൽ ഓഗസ്റ്റ് 19ന് മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 24ന് വീണ്ടും ചർച്ച നടത്തി. പിന്നെയും രണ്ട് തവണ നടത്തി. അനൗദ്യോഗിക ചർച്ചകളും ഇതിനിടയിൽ നടന്നു. കൃത്യമായും ചർച്ചയ്ക്ക് തയ്യാറാവുകയാണ് സർക്കാർ ചെയ്തത്. അതിൽ അലംഭാവം വരുത്തിയിട്ടില്ല. സമരസമിതിയുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണവും അംഗീകരിച്ചു. ബാക്കി രണ്ടെണ്ണത്തിൽ ഒന്ന് പദ്ധതി നിർത്തിവയ്ക്കുക എന്നതായിരുന്നു. അതിന് സാധിക്കില്ലെന്ന നിലപാടാണ് സർക്കാരിനെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് പദ്ധതി മൂലമുണ്ടാകുന്ന തീരശോഷണമാണ്. പദ്ധതിയുടെ ഭാഗമായി ഒന്നിലധികം പരിശോധനകൾ നടന്നിട്ടുണ്ട്. അതിന്റെ റിപ്പോർട്ടുകളുമുണ്ട്. പദ്ധതിയുടെ ഭാഗമായി തീരശോഷണം സംഭവിക്കില്ലെന്നാണ് പഠനങ്ങളിൽ വ്യക്തമായത്. എന്നിരുന്നാലും തീരശോഷണം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിക്കാമെന്ന് സമരസമിതിയോട് ചർച്ചയ്ക്ക് പിന്നാലെ താൻ അറിയിച്ചു. അവർ അതിന് പൂർണസമ്മതമാണ് അറിയിച്ചത്. സമരത്തിന്റെ പ്രധാന നേതാവുമായി താൻ ച‌ർച്ച നടത്തി.

മന്ത്രിസഭാ ഉപസമിതിയിൽ കൂടുതൽ ആളുകൾ വേണമെന്ന ആവശ്യവും അംഗീകരിച്ചു. ചർച്ചയ്ക്ക് ശേഷം നല്ല അന്തരീക്ഷത്തിൽ പിരിഞ്ഞാലും പിന്നീട് പ്രശ്നങ്ങൾ കൂടുതൽ കടുപ്പമാകുന്നു. ഇതാണ് സംഭവിക്കുന്നത്. സമരത്തിൽ മറ്റ് ചിലർ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയം തോന്നും. ഈ സംശയം മുൻപും ഉണ്ടായിരുന്നു. മുൻ സർക്കാരിലെ മന്ത്രി ബാബു ഇക്കാര്യത്തിൽ അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖ പദ്ധതി 80 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. തീരശോഷണത്തെക്കുറിച്ച് പദ്ധതി ആരംഭിക്കുന്നതിന് മുൻപ് തന്നെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി നൽകിയത്.

പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തോട് അനുഭാവമായ സമീപനമാണ് സർക്കാരിന്. ആശങ്കകൾ പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെയും മറ്റും പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി നടത്തിവരികയാണ്. 2450 കോടി അടങ്കലുള്ള പദ്ധതിയാണിത്. ഇതു പ്രകാരം 276 ഭവനങ്ങൾ പൂർത്തീകരിച്ച് ഉപഭോക്താക്കൾക്ക് കൈമാറി. 340 കുടുംബങ്ങൾക്ക് ഫ്ളാറ്റുകളും 475 കുടുംബങ്ങൾക്ക് വീടുകൾ തിരുവനന്തപുരം ജില്ലയിൽ മാത്രം നിർമിച്ചുനൽകി. അവശേഷിക്കുന്നവർക്ക് ഫ്ളാറ്റ് നിർമിക്കുന്നതിനായി മുട്ടത്തറയിൽ എട്ടേക്കർ ഭൂമി കൈമാറി. ഇത് ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 284 കുടുംബങ്ങൾക്ക് വാടക ഇനത്തിൽ തുക കൈമാറി.

മണ്ണെണ്ണയ്ക്ക് നൽകിവരുന്ന ലിറ്ററിന് 25 രൂപയെന്ന സബ്‌സിഡി തുടർന്നും അനുവദിക്കും. പാരമ്പര്യേതര ഇന്ധനത്തിലേയ്ക്ക് മാറുന്നതിനുള്ള ഒറ്റത്തവണ സബ്‌സി‌ഡിയും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2016 മുതൽ 252 കോടി 68 ലക്ഷം രൂപ മണ്ണെണ്ണ സബ്‌സി‌ഡി ഇനത്തിൽ നൽകി.

അക്രമസംഭവങ്ങൾ ഉണ്ടായാൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ആരെ കേസിൽ ഉൾപ്പെടുത്തണം എന്നൊക്കെ തീരുമാനിക്കുന്നത് സർക്കാരല്ല. ക്രമസമാധാനം പാലിക്കുന്നത് സംസ്ഥാന പൊലീസ് നല്ലരീതിയിൽ കൈകാര്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃകാപരമാണ്.

കേന്ദ്രസേനയുടെ സുരക്ഷ ആവശ്യമാണെന്ന് തുറമുഖ നിർമാതാക്കൾ ആവശ്യപ്പെടുമ്പോൾ സർക്കാർ അതിനെ എതിർത്തില്ലെന്ന വ്യാജപ്രചാരണം നടത്തുകയാണ്. തുറമുഖ നിർമാണ കരാർ പ്രകാരം തുറമുഖ നിർമാണത്തിന് കരാർ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് സംരക്ഷണം നൽകണമെന്ന വ്യവസ്ഥയുണ്ട്.

ലത്തീൻ സഭയുമായി സർക്കാരിന് ഊഷ്‌മളമായ ബന്ധമാണ് ഉള്ളത്. ലത്തീൻ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാരിനെന്നും മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJYAN, VIZHINJAM PROTEST, ASSEMBLY DISCUSSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.