വാഷിംഗ്ടൺ : ഭൂമിയെ പറ്റിയുള്ള മനുഷ്യന്റെ സങ്കല്പങ്ങളെ മാറ്റിമറിച്ച ഭൂമിയുടെ വിഖ്യാത ഫോട്ടോകളിലൊന്നായ ' ബ്ലൂ മാർബിളി"ന് 50 വയസ്. ഭൂമിയെ മുഴുവൻ ആകൃതിയിൽ ഒപ്പിയെടുത്ത ആദ്യ ചിത്രമാണിത്. ഏറ്റവും കൂടുതൽ കോപ്പികൾ സൃഷ്ടിക്കപ്പെട്ട ചിത്രം കൂടിയാണ് ബ്ലൂ മാർബിൾ. 1972 ഡിസംബർ 7ന് നാസയുടെ അപ്പോളോ 17 മിഷനിലെ യാത്രികരാണ് ഈ ചിത്രം പകർത്തിയത്. നാസയുടെ അപ്പോളോ പദ്ധതിയിലെ അവസാന ദൗത്യമായിരുന്നു ഇത്.
ചന്ദ്രനിൽ മനുഷ്യനെയിറക്കിയ അവസാന ബഹിരാകാശ ദൗത്യം കൂടിയാണ് അപ്പോളോ 17. പേടകം ഭൂമിയിൽ നിന്ന് 29,000 കിലോമീറ്റർ അകലെയെത്തിയപ്പോഴാണ് ഈ ചിത്രം പകർത്തിയത്. ബ്ലൂ മാർബിൾ ചിത്രത്തിന്റെ സുവർണ വാർഷികം ആഘോഷിക്കുന്ന വേളയിൽ നാസ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ ദിവസം ബ്ലൂ മാർബിൾ ചിത്രം ഷെയർ ചെയ്തിരുന്നു. മെഡിറ്ററേനിയൻ കടൽ മുതൽ അന്റാർട്ടിക്ക വരെ ബ്ലൂ മാർബിൾ ചിത്രത്തിൽ കാണാം.
ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപാളികളും ദക്ഷിണാർദ്ധ ഗോളത്തിന് മുകളിലെ കട്ടിയേറിയ മേഘങ്ങളെയും ചിത്രത്തിൽ കാണാം. ആഫ്രിക്കയുടെ തീരപ്രദേശം ഏറെക്കുറെ ബ്ലൂ മാർബിളിൽ പ്രകടമാണ്. ആഫ്രിക്കൻ തീരത്ത് മലഗാസി റിപ്പബ്ലിക്കിനേയും ആഫ്രിക്കയുടെ വടക്ക് കിഴക്കേ അറ്റത്ത് അറേബ്യൻ ഉപദ്വീപും ചിത്രത്തിൽ കണ്ടെത്താൻ സാധിക്കും. യൂജീൻ എ സെർനൻ, റൊണാൾഡ് ഇ. ഇവാൻസ്, ഹാരിസൺ എച്ച്. ഷ്മിറ്റ് എന്നിവരായിരുന്നു അപ്പോളോ 17ൽ യാത്ര ചെയ്തവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |