SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 AM IST

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ്, രാഷ്‌ട്രീയവൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

pinarayi-police

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. രാഷ്ട്രീയവത്കരണത്തിലൂടെ പൊലീസിൽ ക്രിമിനലുകളുടെ സ്വാധീനം വർദ്ധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ഇത് അടിസ്ഥാന രഹിതമാണെന്നും, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുളള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയുടെ പൂർണരൂപം-

''കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ പൊലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവ്വേ പ്രകാരം കേരള പൊലീസിന് സത്യസന്ധതയ്‌ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിൽ മികവു പുലർത്തിയ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങളും കേരളാ പൊലീസിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. അതെല്ലാം ഇവിടെ പറയുന്നില്ല.

കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ പൊലീസ് വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാൻ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ ഉണ്ടായ ചില ഉദാഹരണങ്ങളായി പറയാൻ കഴിയുന്നത്, പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോൺ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവയാണ്. ഇതിൽ ആദ്യത്തെ കേസിൽ സമയബന്ധിതമായി കേസന്വേഷണം നടത്തി പ്രതി ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കേസന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സ്റ്റേഷനുകൾ എല്ലാ ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു.

പൊലീസ് സേനയിലേക്ക് ആദ്യമായി വനിതാ സബ് ഇൻസ്‌പെക്ടർമാരുടെ നേരിട്ടുള്ള നിയമനം നടത്തിയതും ഇക്കാലയളവിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനുമുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങൾക്കെല്ലാം തന്നെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുളള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇത്തരത്തിൽ 2017 ൽ ഒന്നും, 2018 ൽ രണ്ടും 2019 ൽ ഒന്നും, 2020 ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുളള 8 പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട 2 പൊലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റ് 2 പൊലീസുദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

പ്രമേയത്തിൽ ചൂണ്ടിക്കാണിച്ച പ്രത്യേക സംഭവങ്ങളിൽ ഒന്നിൽപ്പോലും നടപടിയെടുക്കാതിരുന്നിട്ടില്ല. എല്ലാറ്റിലും തന്നെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിച്ചുകൊണ്ട് തക്കതായ നടപടികൾ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ട്.

പ്രമേയാവതാരകൻ പറയുന്നത് 828 പോലീസ് സേനാംഗങ്ങളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ്. 55,000 അംഗങ്ങളുള്ള പൊലീസ് സേനയിൽ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽപ്പെടാത്തവരാണെന്നതാണ് ഇതിൽനിന്നും ഉരുത്തിരിയുന്ന വസ്തുത.

അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാൻ ആർക്കും കഴിയില്ല.

സംസ്ഥാനം നേരിട്ട 2018 ലെ മഹാപ്രളയത്തിന്റെയും, കൊവിഡ് മഹാമാരിയുടെയും ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിന്ന സ്തുത്യർഹമായ സേവനം നിർവ്വഹിച്ച പൊലീസ് സേനയെ ഇത്തരത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലായെന്ന് ഓർമ്മിക്കേണ്ടതാണ്.


മുഖ്യമന്ത്രിയുടെ രണ്ടാം മറുപടിയിൽ നിന്ന്

ഇവിടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നത് ഒരു അപാകമായാണ് പ്രമേയാവതാരകൻ പറയുന്നത്.

സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ / പരാതി ലഭിക്കുമ്പോൾ പൊലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നു എന്നതിന്റെ തെളിവുകൂടിയല്ലേ ഇത്.

ഇത്തരം കേസുകളിൽ അന്വേഷണത്തിൽ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് പറയാൻ കഴിയുമോ? ഇവിടെയൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള കേസിന്റെ എണ്ണം അദ്ദേഹം പറഞ്ഞു. 15 ആണത്രേ, അതിൽ എത്ര കേസ് അദ്ദേഹം ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്നുവെന്നത് മനസ്സിലാക്കിയിട്ടുണ്ടോ? ഒന്ന് അന്വേഷിച്ചു നോക്കണം.


അമ്പലവയൽ പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിനിടെ എ.എസ്.ഐ. പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ക്രൈം നം. 641/2022 പ്രകാരം പോക്‌സോ കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് വയനാട് സ്‌പെഷ്യൽ മൊബൈൽ യൂണിറ്റ് ഡി.വൈ.എസ്.പി. അന്വേഷിച്ചു വരുന്നു.

പ്രഭാത സവാരിക്കു പോയ വനിതയെ തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ആക്രമിച്ച പ്രതിയെ കാലതാമസം കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടിയിട്ടുണ്ട്. തലശ്ശേരിയിൽ കാറിൽ ചാരിനിന്ന കുട്ടിയെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യുകയും വധശ്രമത്തിന് കേസെടുത്ത് റിമാന്റ് ചെയ്തിട്ടുമുണ്ട്.


കസ്റ്റഡി മരണങ്ങളുടെ കാര്യത്തിൽ അന്വേഷണം സംസ്ഥാന പോലീസ് നടത്തുകയില്ലായെന്നും അത് സി ബി ഐ പോലുള്ള ഏജൻസിളെ ഏൽപ്പിക്കുമെന്നും കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വ്യക്തമാക്കിയതാണ്. ഇത്തരം സംഭവങ്ങളെല്ലാം തന്നെ സി ബി ഐ അന്വേഷണത്തിന് വിട്ടിട്ടുമുണ്ട്.

മൂന്നാംമുറയോടും കസ്റ്റഡി മർദ്ദനങ്ങളോടും സംസ്ഥാന സർക്കാരിന് സീറോ ടോളറൻസാണുള്ളത്. ഈയവസരത്തിൽ പോലീസ് സംവിധാനത്തെ ഭരണകൂടം ഏതെല്ലാം തരത്തിൽ വിനിയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ചരിത്രത്തിലേക്ക് കൂടുതൽ പോകുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും നാടുവാഴി ഭരണത്തിന്റെയും കാലത്ത് ജനകീയ സമരങ്ങളെ അടിച്ചമർത്തുവാൻ മുഖ്യമായും പൊലീസിനെയാണ് ഉപയോഗിച്ചിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടും പൊലീസിന്റെ വിനിയോഗത്തിൽ കാര്യമായ മാറ്റം വന്നില്ല.

ജനാധിപത്യ വ്യവസ്ഥയിൽ പൊലീസ് ഏത് രീതിയിലാണ് പ്രവർത്തിക്കേണ്ടതെന്ന് കാതലായ വ്യത്യാസമുള്ള സമീപനം നമ്മുടെ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്തതും നടപ്പിൽ വരുത്തിയതും 1957 ലെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച സർക്കാരാണ്.

2016 മുതൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങൾ നടത്തിവരികയാണ്. സ്റ്റുഡന്റ് പൊലീസ്, ജനമൈത്രി പൊലീസ് എന്നീ പദ്ധതികൾ വഴി പൊലീസ് സേനയിൽ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന സേവനമനോഭാവമുള്ള പൊലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തിൽ ലഭിച്ചിട്ടുമുണ്ട്.

സേനയുടെ ആധുനികവത്ക്കരണത്തിലും കുറ്റാന്വേഷണ മികവിലും രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടികൾ പൊലീസ് സേന സ്വീകരിച്ചുവരുന്നുണ്ട്.

പോക്‌സോ കേസുകൾ സമയബന്ധിതമായി വിചാരണ നടത്തി തീർപ്പുകൽപ്പിക്കാൻ 58 പുതിയ പ്രത്യേക കോടതികൾ രൂപീകരിച്ചിട്ടുണ്ട്.

2016 മേയ് മുതൽ നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 504 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് നടപടികൾക്കൊപ്പം ശക്തമായ സാമൂഹിക ബോധവത്ക്കരണവും കൗൺസലിംഗും നടക്കുന്നുണ്ട്.

തുമ്പില്ലായെന്ന് വിലയിരുത്തപ്പെട്ട കേസുകളിൽ പോലും പ്രത്യേക ശ്രദ്ധപതിപ്പിച്ച് തെളിവുകൾ ശേഖരിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞതിന്റെ റിക്കോർഡ് പൊലീസിനുണ്ട്''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ASEEMBLY, CHIEF MINISTER, KERLA POLICE, THIRUVANCHOOR RADHAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.