പത്തനംതിട്ട : ചെന്നീർക്കര മാത്തൂർ മൈലക്കുന്നിൽ അനിലിന് (43) ഇത് രണ്ടാംജന്മം ആണ്. പേരറിയാത്ത ഒരു നാട്ടിൽ ഒറ്റപ്പെട്ടുപോയതിന്റെ ഭീതിയും വേദനയും ഇനിയും ആ മുഖത്ത് നിന്ന് വിട്ടുമാറിയിട്ടില്ല. വഴിയോരത്തെ പൈപ്പുവെള്ളം കുടിച്ചും ക്ഷേത്രങ്ങളിലെ അന്നദാനം കഴിച്ചും അലഞ്ഞുതിരിഞ്ഞ് ഒടുവിൽ അനിൽ തിരികെ എത്തിയപ്പോൾ ഒരു കുടുംബമാകെ ദൈവത്തിന് നന്ദി പറയുകയാണ്.
ഈ മാസം ഒന്നിനാണ് അനിൽ സഹോദരി ഉഷ, ഭാര്യ രാജി, മകൾ അഞ്ജു എന്നിവരെയും കൂട്ടി ആന്ധ്രാപ്രദേശിലെ ഗുണ്ടുക്കലിലേക്ക് പോയത്. ഉഷയുടെ മകൾക്ക് നഴ്‌സിംഗ് അഡ്മിഷൻ തരപ്പെടുത്തുന്നതിനായിരുന്നു യാത്ര. മൂന്നിന് ഇവർ തിരികെ നാട്ടിലേക്ക് തിരിച്ചു. ട്രെയിനിൽ സീറ്റ് കിട്ടിയ കമ്പാർട്ട്‌മെന്റിൽ ഭാര്യയെയും മകളെയും സഹോദരിയെയും ഇരുത്തി. അനിൽ തൊട്ടടുത്ത കമ്പാർട്ട്‌മെന്റിലും കയറി. പണവും മൊബൈൽ ഫോണും ഭാര്യയുടെ കൈവശമായിരുന്നു. യാത്രയ്ക്കിടെ ഏതോ സ്റ്റേഷനിൽ നിറുത്തിയിട്ട ട്രെയിനിൽ നിന്ന് വെറുതേയിറങ്ങിയതാണ്.
അൽപ്പം നടന്ന് തിരിഞ്ഞുനോൽക്കിയപ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഉറ്റവരുമായി ട്രെയിൻ കുതിച്ചുപായുമ്പോൾ സ്ഥലമോ ഭാഷയോ അറിയാതെ നോക്കി നിൽക്കാനെ അനിലിന് കഴിഞ്ഞുള്ളൂ.
മഹാനഗരത്തിൽ ഒറ്റപ്പെട്ട് ...
റെയിൽവേ സ്റ്റേഷനിൽ പലരോടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഭാഷയറിയാത്തത് അനിലിന് പ്രശ്നമായി. പിന്നെ മുന്നിൽ കണ്ട റോഡിലേക്ക് ഇറങ്ങി നടന്നു. പുലർച്ചെ എത്തിയപ്പോൾ ഏതോ വലിയൊരു നഗരത്തിലാണെന്ന് മാത്രം മനസിലായി. ആരുടെയൊക്കെയോ സഹായംകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ നിന്ന് 200 രൂപയും നൽകി പൊലീസ് ബസിൽ യാത്രയാക്കി. 190 രൂപ ടിക്കറ്റ് ചാർജ്, പാലക്കാട് എത്തി. അവിടെ നിന്ന് നാട്ടിലേക്ക് നടക്കുകയായിരുന്നു. ആരോടും സഹായം ചോദിക്കാൻ ശ്രമിച്ചില്ല. ഭയന്ന് പോയിരുന്നു. വീട് മാത്രമായിരുന്നു ലക്ഷ്യം.
10ന് രാവിലെ ചെങ്ങന്നൂരിൽ എത്തി. മാലക്കരയ്ക്ക് സമീപം ബൈക്കിൽ പോയ ഒരാൾ സംശയം തോന്നി നിറുത്തി. അനിൽ അല്ലേയെന്ന് ചോദിച്ചു, ആണെന്ന് പറഞ്ഞപ്പോൾ നേരെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അനിലിനെ കാണാതായെന്ന് കാണിച്ച് ഇലവുംതിട്ട പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വൈദ്യ പരിശോധന പൂർത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി അനിലിനെ പൊലീസ് ബന്ധുക്കൾക്കൊപ്പം വിട്ടു. ഭയന്നുപോയ അനിൽ മാനസികമായി തകർന്നാണ് മടങ്ങിയെത്തിയത്. പലതും പൂർണമായും ഓർത്തെടുക്കുന്നതേയുള്ളു.
മകനെ നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുകയായിരുന്നു കുഞ്ഞുചെറുക്കനും പൊടിപ്പെണ്ണും. ഇവരുടെ ഇളയ മകനാണ് അനിൽ. മൂത്തത് ഉഷയും രണ്ടാമത്തെ മകൻ സുനിലും. അനിലിനെ നഷ്ടമായ വിവരമറിഞ്ഞത് നാലിന് എറണാകുളത്ത് വച്ചാണെന്ന് സഹോദരി ഉഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |