കോഴിക്കോട് : ഡിസംബർ 22 മുതൽ ജനുവരി 9 വരെ നടക്കുന്ന 10ാമത് സർഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു.
കലാ,കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രദേശത്തെ ഗതാഗതസൗകര്യം സുഗമമാക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. പാർക്കിംഗ് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനും ഏറ്റവും മികച്ച രീതിയിൽ പരിപാടി നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള മറ്റു സൗകര്യങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
13 വിദേശ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ മേളയിലെത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 400 കരകൗശല വിദഗ്ദ്ധരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരും മേളയിലെത്തും. കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |