SignIn
Kerala Kaumudi Online
Thursday, 19 September 2024 8.42 AM IST

ആർ.സി.സി സമരത്തിന് പരിഹാരം വേണം

Increase Font Size Decrease Font Size Print Page

photo

സംസ്ഥാനത്തെ ഏറ്റവും വലിയ കാൻസർ ചികിത്സാകേന്ദ്രമായ ആർ.സി.സിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും ഇന്നലെ രാവിലെ ഒരുമണിക്കൂർ നടത്തിയ പണിമുടക്ക് സാധാരണ പ്രതിഷേധമുറയായിട്ടല്ല കാണേണ്ടത്. ആർ.സി.സി പോലുള്ള ഒരു സ്ഥാപനത്തിൽ ഒരിക്കലും ഇത്തരത്തിലുള്ള പണിമുടക്ക് ഉണ്ടായിക്കൂടാത്തതാണ്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് സർക്കാരും ശ്രമിക്കേണ്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ജീവനക്കാരെ ഒന്നടങ്കം ഇത്തരത്തിലൊരു സൂചനാ പണിമുടക്കിലേക്കു നയിച്ചത്. ആറ് വർഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും തങ്ങൾ ഉന്നയിക്കുന്ന ചില ആവശ്യങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസത്തെ സൂചനാ പണിമുടക്ക്. ഇരുപത്തിനാലു മണിക്കൂറും സാന്ത്വനവും പരിചരണവും ആവശ്യമായ അനേകം രോഗികൾ ചികിത്സയിൽ കഴിയുന്ന ആർ.സി.സിയുടെ പ്രവർത്തനം ഒരു നിമിഷം പോലും അവതാളത്തിലാകാൻ പാടില്ലാത്തതാണ്. അതുകൊണ്ടാണ് പണിമുടക്കിയ ഒരുമണിക്കൂർ സമയത്തും അത്യാവശ്യ സേവനങ്ങൾ ആവശ്യമായ രോഗികൾക്ക് അവ മുടക്കമില്ലാതെ ഉറപ്പാക്കാൻ ജീവനക്കാർ പ്രത്യേകം കരുതൽ കാട്ടിയത്.

2016 മുതൽ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചുവരുന്ന ആവശ്യങ്ങളോട് അധികൃതർ നിഷേധാത്മക സമീപനം പുലർത്തുന്നതാണ് ജീവനക്കാരുടെ സംഘടനകളെ സമരപാതയിലേക്കു നയിച്ചത്. ശമ്പളപരിഷ്കരണത്തിലെ അപാകതകൾ മുതൽ പെൻഷൻപദ്ധതി വരെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ പലതുണ്ട്. രോഗികളുടെ ബാഹുല്യത്തിനനുസരിച്ച് ജീവനക്കാരില്ലാത്തത് വലിയ പരിമിതിയാണ്. ഈ കുറവ് രോഗികളെയാണ് ബാധിക്കുന്നത്. ഓരോ ദിവസവും ആർ.സി.സിയിൽ പരിശോധനയ്ക്ക് എത്തുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. അവശനിലയിലായ രോഗികൾക്കുപോലും മണിക്കൂറുകൾ കാത്തുനിന്നുവേണം ഡോക്ടറെ കാണാൻ. സ്റ്റാഫിന്റെ കുറവ് എല്ലായിടത്തും പ്രകടമാണ്. തിരക്കിനനുസരിച്ച് സൗകര്യങ്ങൾ വർദ്ധിക്കാത്തത് എല്ലാവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൗതിക സൗകര്യങ്ങളുടെ കുറവും സ്റ്റാഫിന്റെ എണ്ണക്കുറവും സ്വാഭാവികമായും രോഗികളോടുള്ള സമീപനത്തിലും ചികിത്സയിലും പരിചരണത്തിലുമൊക്കെ പ്രതിഫലിക്കും. അതിന്റെ അനുരണനങ്ങൾ പലപ്പോഴും പ്രതിഷേധ രൂപത്തിൽ പുറത്തുവരാറുമുണ്ട്.

ആർ.സി.സി പോലുള്ള, രോഗികൾക്ക് കവിഞ്ഞ തോതിൽ സാന്ത്വനവും പരിചരണവും ശുശ്രൂഷയുമൊക്കെ ഉറപ്പുവരുത്തേണ്ട ചികിത്സാകേന്ദ്രങ്ങളിൽ പണിയെടുക്കുന്നവർക്ക് മറ്റ് ആതുരാലയങ്ങളിലേതിനെക്കാൾ മെച്ചപ്പെട്ടതും പരാതികൾക്കിട നൽകാത്തതുമായ സേവന - വേതന വ്യവസ്ഥകളുണ്ടാകേണ്ടത് ആവശ്യമാണ്. കാരണം അത്രയധികം അർപ്പണ മനോഭാവവും സേവന സന്നദ്ധതയും വേണ്ട രംഗമാണിത്. ആറുവർഷമായിട്ടും ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചുവരുന്ന ആവശ്യങ്ങൾക്ക് അധികൃതർ ചെവികൊടുക്കുന്നില്ലെന്നു വരുമ്പോൾ സ്വാഭാവികമായും അത് അവരുടെ മനോഭാവത്തെത്തന്നെ ബാധിക്കാനിടയുണ്ട്. സൂചനാ പണിമുടക്കുകൊണ്ട് ഫലിക്കുന്നില്ലെങ്കിൽ കൂടുതൽ കടുത്ത സമരമുറകൾ സ്വീകരിക്കേണ്ടിവരുമെന്ന് സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നത് ആർ.സി.സി പോലൊരു ചികിത്സാകേന്ദ്രത്തിൽ എന്തെല്ലാം അനർത്ഥങ്ങൾ വരുത്തിവയ്ക്കുമെന്ന് ആലോചിക്കാനേ വയ്യ.

ജീവനക്കാരുടെ ഏതു രീതിയിലുള്ള നിഷേധാത്മക നിലപാടും അവസാനം ചെന്നുകൊള്ളുന്നത് ആശങ്കയിലും വേദനയിലും കഴിയുന്ന നിസഹായരായ രോഗികളിലായിരിക്കും. അതുകൊണ്ടുതന്നെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കാൻ ഉന്നതതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണ്. ദീർഘകാലമായി ഡോക്ടർമാരും നഴ്‌സുമാരും മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉന്നയിച്ചുവരുന്ന ആവശ്യങ്ങളെക്കുറിച്ച് ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം. അംഗീകരിക്കാനാവുന്ന ആവശ്യങ്ങൾ അംഗീകരിക്കണം. ഏഴാം ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതിലുണ്ടായ അപാകതകൾക്ക് പരിഹാരമുണ്ടാകണമെന്നും കുടിശിക ശമ്പളവും അലവൻസുകളും നൽകണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കാവുന്നതേയുള്ളൂ. അനുരഞ്ജന ചർച്ചയിൽ ഒത്തുതീരാവുന്നതിനപ്പുറമുള്ള ആവശ്യങ്ങളൊന്നും സംഘടനകൾ ഉന്നയിച്ചിട്ടില്ല. ആർ.സി.സിയെ സമരമുക്തമാക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറാവുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RCC DOCTORS AND STAFF STRIKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.