SignIn
Kerala Kaumudi Online
Friday, 20 September 2024 3.44 AM IST

'മലബാർ ബ്രാൻഡി'ക്ക് ചിറ്റൂരിൽ നിന്ന് ചിയേഴ്സ്

Increase Font Size Decrease Font Size Print Page

brandi

ജവാൻ റം പോലെ സർക്കാരിന്റെ ജനപ്രിയ ബ്രാൻഡ് ബ്രാൻഡി പാലക്കാട്ടുനിന്ന് ചിയേഴ്സ് പറയും. മലബാർ ഡിസ്റ്റലറീസിന്റെ 'മലബാർ ബ്രാൻഡി' ഓണത്തിന് മുമ്പ് വിപണിയിലെത്തും. സർക്കാർ മേഖലയിൽ മദ്യഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചിറ്റൂരിലെ മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റലറീസിൽ നിന്നാവും ബ്രാൻഡി വിപണിയിലെത്തുക. പ്രതിമാസം 3.5 ലക്ഷം കേയ്സ് മദ്യം ഉത്പാദിപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മദ്യ ഉത്പാദനത്തിന് സർക്കാരിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

പൊതുമേഖലയിൽ നിലവിൽ തിരുവല്ലയിൽ മാത്രമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വില്‌പന നടത്തുന്ന മദ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങിയാണ് വിൽപ്പന. ഷുഗർ ഫാക്ടറിയിൽ പ്ലാന്റ് വരുന്നതോടെ സ്വകാര്യമേഖലയിൽ നിന്നുവാങ്ങുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


പ്ലാന്റ് മാർച്ചിൽ

ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നാലുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ സിവിൽ ആൻഡ് ഇലക്ട്രിക് പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനാണ് ആലോചന.

പുറത്തുനിന്ന് കൊണ്ടുവരുന്ന എക്സ്ട്രാ ന്യൂട്രൽ ആൽഹോൾ വിദേശമദ്യ ഫ്‌ളേവർ ചേർത്ത് ബ്രാൻഡിയാണ് ഉത്പാദിപ്പിക്കുക. ബോട്ട്ലിംഗും ഉണ്ടാകും. നിലവിലെ സാഹചര്യം ഉപയോഗിച്ച് അഞ്ച് ലൈൻ ബോട്ട്ലിംഗ് പ്ലാന്റ് ആദ്യം തുടങ്ങും . സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ പത്ത് ലൈനാക്കും. സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് ഉത്പാദനം. സ്റ്റീൽ ടാങ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തുന്നതനുസരിച്ച് ഉത്പാദനം തുടങ്ങും. മേനോൻ പാറയിലേത് ഘനജലമായതിനാൽ മലമ്പുഴയിലെ വെള്ളം ലഭ്യമാക്കാനുള്ള നീക്കവുമുണ്ട്. കിറ്റ്‌കോയാണ് പദ്ധതി തയ്യാറാക്കിയത്. 20 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.

തൊഴിലവസരം വർദ്ധിക്കും
മലബാർ ബ്രാൻഡി നൂറുകണക്കിന് തൊഴിലവസരമൊരുക്കും. എഴുന്നൂറോളം തൊഴിലാളികൾ ജോലിചെയ്തിരുന്ന ചിറ്റൂർ ഷുഗേഴ്സ് 2002ലാണ് പൂട്ടിയത്. കരിമ്പ് കിട്ടാതായി പഞ്ചസാര ഉത്പാദനം നിലച്ചപ്പോഴാണ് സഹകരണ ഷുഗർ മില്ലിന്റെ പ്രവർത്തനം നിലച്ചത്. തുടർന്ന് 2009ലാണ് മലബാർ ഡിസ്റ്റിലറിയായത്. അന്നത്തെ 30 തൊഴിലാളികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഡിസ്റ്റിലറിക്ക് 117 ഏക്കർ സ്ഥലമുണ്ട്. ഇതിനോട് ചേർന്ന് മരച്ചീനിയിൽ നിന്ന് ഇ.എൻ.എ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും തയ്യാറാവുന്നുണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങൾ

ചർച്ചയാകുന്നു
മലബാർ ബ്രാൻഡിയുടെ നിർമ്മാണം ചിറ്റൂർ മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. മദ്യനിർമ്മാണത്തിന് വൻതോതിൽ വെള്ളം വേണ്ടിവരുന്നതോടെ ഈ മേഖലകൾ കൊടിയ വരൾച്ചയുടെ പിടിയിലാകുമെന്നാണ് ആശങ്ക.
ചിറ്റൂർ ബ്ലോക്കിലെ വടകരപ്പതി പഞ്ചായത്തിലെ മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസെന്ന,​ പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ ഫാക്‌ടറീസിലാണ് മലബാർ ബ്രാൻഡി നിർമ്മിക്കുന്നത്. ഭൂഗർഭജലനിരക്ക് അപകടകരമായി താണ പ്രദേശങ്ങളാണ് ചിറ്റൂർ ബ്ലോക്കിൽപ്പെടുന്ന എലപ്പുള്ളിയും വടകരപ്പതിയും. കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് മലബാർ ബ്രാൻഡിയുടെ നിർമ്മാണത്തിന് വേണ്ടത്. നിർമ്മാണത്തിനാവശ്യമായ വെള്ളം എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രതിവർഷം കോടിക്കണക്കിന് ലിറ്റർ വെള്ളം ഊറ്റിയെടുത്താൽ എലപ്പുള്ളിയും വടകരപ്പതിയും മരുപ്രദേശങ്ങളാവും.

പ്രതിമാസം മൂന്നരലക്ഷം കെയ്സ് ബ്രാൻഡി അഥവാ നാൽപ്പത്തിരണ്ട് ലക്ഷം കുപ്പി മദ്യമാണ് ഉണ്ടാക്കുന്നത്. ഒരു കുപ്പിയിൽ 750 എം.എൽ മദ്യം എന്ന് കണക്കാക്കിയാൽത്തന്നെ മുപ്പത്തൊന്നരലക്ഷം ലിറ്റർ മദ്യം. ഒരു ലിറ്റർ മദ്യം നിർമ്മിക്കാൻ പത്ത് ലിറ്ററിലധികം വെള്ളം വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.


മലമ്പുഴ ഒരു

പരിഹാരമല്ല

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ പഠനമനുസരിച്ച് പാലക്കാട് ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്ന ചിറ്റൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് വടകരപ്പതി പഞ്ചായത്ത്. മലമ്പുഴ ഡാമിലെ വെള്ളം മദ്യനിർമ്മാണത്തിന് ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അത് വിജയിച്ചാൽ തന്നെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ആദ്യം ഡാമിന് തൊട്ടടുത്തുള്ള ആനക്കല്ല് ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിന് ശേഷവും കൃഷിക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്തതിന് ശേഷവും പോരേ മദ്യനിർമ്മാണമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.

വെള്ളം ചോർത്തുമോ

എന്ന് ആശങ്ക

ആധുനിക രീതിയിലുള്ള ഡിസ്റ്റിലറി തുടങ്ങുന്നതോടെ കിഴക്കൻ മേഖലയിൽ വീണ്ടും രൂക്ഷമായ ജലക്ഷാമത്തിന് ഇടവരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കമ്പനിയുടെ താഴെയുള്ള തടയണയിൽ നിന്ന് വെള്ളം ചോർത്താൻ ഇപ്പോൾ ഒരു കിലോ മീറ്റർ ദൂരത്തിൽ പൈപ്പ് ഇടുന്നതിനായി കമ്പനിക്കകത്ത് ജെ.സി.ബി ഉപയോഗിച്ച് ചാലുകൾ കീറിയിട്ടുണ്ട്. കൂടാതെ അഞ്ച് കുഴൽകിണറുകൾ വരെ കുഴിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ദിനംപ്രതി രണ്ടുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനാണ് നീക്കം. വരട്ടയാറും കോരയാറും ഒത്തുചേരുന്ന മേനോൻപാറപുഴ പാലവും സമീപപ്രദേശവും ഒരുതുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാകുമോ എന്ന ആശങ്കകൾ ബാക്കിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MALABAR BRANDY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.