SignIn
Kerala Kaumudi Online
Thursday, 19 September 2024 4.36 AM IST

നാരായണ ഗുരുകുലത്തിന് 100 തികയുമ്പോൾ

Increase Font Size Decrease Font Size Print Page

guru

നടരാജഗുരു ചെറുപ്പകാലത്ത് കേരളത്തിലെ ഒരു നാട്ടിൻപുറത്തുകൂടി നടക്കുമ്പോൾ അവിചാരിതമായി ഒരു ദൃശ്യം കണ്ടു. ഒരു കൗമാരപ്രായക്കാരൻ തോട്ടിൻവക്കിലിരുന്ന് തന്റെ ഗുരുവിന്റെ വസ്ത്രം കഴുകുന്നു. അടുത്തുള്ള സമ്പന്നമായ ഭവനത്തോടു ചേർന്ന് ഗുരുനാഥൻ ഗുരുകുല മാതൃകയിൽ കുട്ടികളെ പഠിപ്പിക്കുന്നു. അവിടെ പഠിക്കുന്ന ശിഷ്യനാണിത്. ഇത് ഗുരുശിഷ്യ പാരസ്പര്യത്തിന്റെ ഉത്തമമാതൃകയായി ഗുരുവിന് അനുഭവപ്പെട്ടു. എന്തുകൊണ്ട് പുരാതനമായ ഈ ഗുരുശിഷ്യ പാരസ്പര്യത്തിന് സ്ഥാനം നല്കി ആധുനിക സാഹചര്യത്തിന് നിരക്കുന്ന ഒരു സ്‌കൂൾ ഉണ്ടാക്കിക്കൂടാ? എം.എ.എൽ.ടി പാസായി അദ്ധ്യാപകനായിത്തീരാൻ തയ്യാറായി നില്ക്കുന്ന അദ്ദേഹത്തിന്റെയുള്ളിലെ ചിന്ത ഇത്തരത്തിലായിരുന്നു.

നാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് ആലുവ അദ്വൈതാശ്രമത്തിൽ താമസമായെങ്കിലും, ഗുരുവൊഴികെ ആർക്കും അദ്ദേഹത്തെ ഉൾക്കൊള്ളാൻ സാധിച്ചില്ല. ഒരിക്കൽ അവിടെനിന്ന് ഒരൊളിച്ചോട്ടം നടത്തി. നീലഗിരിയിലെ കുന്നൂരിലേക്ക്. ബോധാനന്ദസ്വാമികൾ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ താമസിച്ച്, പകൽ സിംസ് പാർക്കിൽ പോയിരുന്ന് ഒരു മാതൃകാവിദ്യാലയത്തിനു രൂപകല്പന നടത്തി. നാരായണഗുരുകുലമെന്ന് അതിനു പേരുമിട്ടു. ശിഷ്യന്
അനുവാദവും അനുഗ്രഹവും നല്കിക്കൊണ്ട് പിന്നീട് നാരായണ
ഗുരു മൂന്ന് കാര്യങ്ങൾ പറഞ്ഞു:
1. ഗുരുവും ശിഷ്യരും ഒരു കുടുംബമായി താമസി
ക്കുന്ന ഇടമായിരിക്കണം ഗുരുകുലം.
2. ആദ്ധ്യാത്മികതയുടെ പേരിൽ വിവാഹം തടയരുത്.
3. ലോകം മുഴുവൻ ഗുരുകുലമാകണം.

ആ മാതൃകാവിദ്യാലയം കുന്നൂരിൽ ഒഴിഞ്ഞുകിടന്ന തേയില ഫാക്ടറിയിലാണ് തുടങ്ങിയത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിൽ വളരെയധികം ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു. കുട്ടികളുമൊത്ത് തെരുവിലിറങ്ങി പാട്ടുപാടി പണം പിരിക്കുകവരെ ചെയ്യേണ്ടിവന്നു. അതിനിടയിൽ ഊട്ടി മഞ്ഞനക്കൊരൈ ഗ്രാമത്തിലെ കുന്നിൻപുറത്ത് നാലേക്കർ സ്ഥലം ഗുരുകുലത്തിന് ലഭിച്ചു. ഗുരുകുലത്തിന് തറക്കല്ലിട്ടത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ തിരുമനസാണ്. സ്വർണലിപികളിൽ അച്ചടിപ്പിച്ച ക്ഷണക്കത്താണ് എല്ലാവർക്കും അയച്ചത്. എങ്കിലും ചടങ്ങു കഴിഞ്ഞ് ഗുരുകുലത്തിലെ കുട്ടികൾ ഒഴിഞ്ഞ വയറുമായാണ് കിടന്നുറങ്ങിയത്.
1970-ൽ ഏഴുമല എന്ന ഉൾഗ്രാമത്തിൽവച്ച് ഏകാത്മകതാ ബോധം വഴി ലോകസമാധാനം' എന്ന വിഷയത്തെ അധികരിച്ച് 11 ദിവസം നീണ്ടുനിന്ന ഒരു വലിയ സമ്മേളനം ഗുരു നടത്തി. ഇങ്ങനെയൊരു സമ്മേളനം ഈ കുഗ്രാമത്തിൽ നടത്തിയതുകൊണ്ട് ലോകസമാധാനം ഉണ്ടാകുമോ' എന്ന് ഒരാൾ ചോദിച്ചു.

ഗുരുവിന്റെ മറുപടി: ഇതെന്റെ സ്വപ്നമാണ്. സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട്. എന്നാൽ ഞാൻ കാണുന്ന
സ്വപ്നം യാഥാർത്ഥ്യമായിത്തീരാനും മാത്രം നല്ലതല്ല ഈ
ലോകം.' ഇതേ ഗതി തന്റെ സ്‌കൂൾ സ്വപ്നത്തിനും സംഭവിച്ചു.
കുട്ടികളെയും കൊണ്ട് ഗുരു വർക്കലയെത്തി. ശിവഗിരി മഠത്തിന് തൊട്ടടുത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത് ഗുരുകുലം നടത്തി. ആ വീട് ഇന്നും ഗുരുകുലം വീട് എന്നാണറിയപ്പെടുന്നത്.

ആ സമയത്താണ് നാരായണഗുരുവിൽ നിന്ന് തുടർച്ചയായി ജ്ഞാനോപദേശങ്ങൾ ലഭിച്ചത്. അവിടെ നിന്നാണ് യൂറോപ്പിലേക്കുള്ള യാത്ര. പാരീസിലെ സൊർബോണിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി തിരിച്ചെത്തുമ്പോൾ നാരായണഗുരു സമാധിയായിക്കഴിഞ്ഞിരുന്നു. ആശ്രമത്തിൽ താൻ സ്വീകാര്യനായി കണ്ടതുമില്ല. ഊട്ടിയിലേക്കുതന്നെ പോയി. പിൽക്കാലത്ത്, 'എസ് ബോക്സ് 'എന്നുപേരിട്ട ഒരു തകരക്കുടിലിൽ താമസമായി. അതിനിടയിൽ ഇന്നത്തെ പ്രധാനകെട്ടിടം പണിയാൻ സാധിച്ചു.

1945-ൽ, 50 -ാം വയസിൽ അദ്ദേഹം ചില തീരുമാനങ്ങളെടുത്തു:
1. നാരായണഗുരുകുലത്തെ ബ്രഹ്മവിദ്യാപഠനത്തിനുള്ള ഗുരുകുലമാക്കി പുതുക്കി രൂപകല്പന ചെയ്യുക.

2. നാരായണഗുരുവിനെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥമെഴുതുക. അങ്ങനെയെഴുതിയ ഗ്രന്ഥമാണ് The
Word of the Guru.
3. വിദേശരാജ്യങ്ങളിൽ പോയി പ്രഭാഷണങ്ങൾ നടത്തുക.
1949-ൽ ജോൺ സ്പീയേഴ്സ് ശിഷ്യനായിത്തീർന്നതോടുകൂടി ഡോ.
നടരാജൻ തത്വത്തിൽ ഗുരുവായി. ഊട്ടി ഗുരുകുലം ഗുരുകുലവുമായി. ഇതിനിടയിൽ 1938 കാലഘട്ടത്തിൽ വർക്കലയ്ക്കടുത്തുള്ള നെടുങ്ങണ്ട ഹൈസ്‌കൂളിൽ നടരാജഗുരു ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. അപ്പോഴാണ് വർക്കലയിൽ ഇന്നുള്ള ഗുരുകുലത്തിനായി രണ്ടേക്കർ ഭൂമിവാങ്ങുന്നതും, ഒരു ചെറിയ കെട്ടിടംകെട്ടി താമസമാകുന്നതും.

വർക്കലയിലെ ഈ ഗുരുകുലം പിൽക്കാലത്ത് നാരായണ ഗുരുകുലപ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനമായി. 1949-ൽ ന്യൂയോർക്കിൽ നടന്ന ഒരു ലോകസമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴാണ് അതിൽ ആകൃഷ്ടനായ ഹാരി ജേക്കബ്സൺ
ശിഷ്യനായിത്തീർന്നതും, തന്റെ താമസസ്ഥലത്തിനോടും പണിശാലയോടും ചേർന്ന് ഒരു ഗുരുകുലം തുടങ്ങിയതും. നടരാജഗുരു അവിടെ വളരെനാൾ താമസിച്ച് പഠിപ്പിച്ചു. ഹാരി ജേക്കബ്സൺന്റെ ജീവിതകാലം മുഴുവൻ അത് ഗുരുകുലമായിത്തന്നെ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ മക്കൾക്ക് താത്‌പര്യമില്ലാത്തതിനാൽ ആ ഗുരുകുലം ഇല്ലാതായി. അമേരിക്കയിൽ താമസിക്കുമ്പോൾ ഒരിക്കൽ യൂറോപ്പ് സന്ദർശിച്ചിട്ട് അമേരിക്കയിലേക്കു മടങ്ങുകയും ചെയ്തു. ആ യാത്രയിലാണ് സ്വയം ലോക പൗരനായി പ്രഖ്യാപിച്ച ഗാരി ഡേവിസുമായി പരിചയപ്പെടുന്നതും അദ്ദേഹം
ശിഷ്യനായിത്തീർന്നതും.
1950-ൽ ഇന്ത്യയിൽ മടങ്ങിയെത്തിയതോടുകൂടി മംഗലാനന്ദസ്വാമി ശിഷ്യനായി ചേർന്നു. തുടർന്ന് നിത്യചൈതന്യ യതിയും. ഇങ്ങനെ പണ്ഡിതരായ മൂന്ന് ശിഷ്യർ ഇന്ത്യയിലുണ്ടായി. ജോൺ സ്പീയേഴ്സ്
ബാംഗ്ലൂരിൽ സ്ഥലം സമ്പാദിച്ച് അവിടെ ഗുരുകുലം തുടങ്ങി. ആ ഗുരുകുലം ലോക ആസ്ഥാനമായി അറിയപ്പെട്ടു. നടരാജഗുരുവിന് ലോകത്തോടു പറയാനുള്ളതെല്ലാം പ്രസിദ്ധീകരിക്കുന്നതിന് Values എന്ന പേരിൽ ജോൺ സ്പീയേഴ്സ് ഒരു ഇംഗ്ലീഷ് മാസിക ആരംഭിച്ചു.
മംഗലാനന്ദ സ്വാമിയുടെ പത്രാധിപത്യത്തിൽ 'ഗുരുകുലം' മാസിക വർക്കലയിൽ നിന്നാരംഭിച്ചു. 1951-ൽ ഗുരുകുല കൺവെൻഷനും ആരംഭിച്ചു. നാരായണഗുരുവിന്റെ ദർശനത്തെക്കുറിച്ചും നേരിട്ട് ഗുരുവിൽനിന്നും പഠിക്കാനെത്തുന്നവർക്ക് ഒരാഴ്ച താമസിച്ചു പഠിക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. അതിന്നും തുടരുന്നു.

നടരാജഗുരുവിന്റെ കാലത്ത് ഏങ്ങണ്ടിയൂർ, വയനാട്ടിലെ വൈത്തിരി പെരിയ, തോൽപ്പെട്ടി, ആലത്തൂർ, എരുമയൂർ, സിംഗപ്പൂർ, എന്നിവിടങ്ങളിലും, ഗുരു നിത്യചൈതന്യ യതിയുടെ കാലത്ത് തലശ്ശേരി കനകമലയിലും ഓച്ചിറയിലും ഫിജി, അമേരിക്കയിലെ പോർട്ട്ലൻഡ്, ബെയിൻ ബ്രിഡ്ജ്, എന്നിവിടങ്ങളിലും മുനിനാരായണ പ്രസാദിന്റെ കാലത്ത് പാലക്കാട് കൊട്ടേക്കാടും പാലക്കാഴിയിലും ഗുരുകുലങ്ങൾ സ്ഥാപിതമായി. ഇവയിൽ പെരിയ ഗുരുകുലം
ലോകപ്രസിദ്ധമായ ബൊട്ടാണിക്കൽ സാങ്‌ച്വറിയായി
മാറി.
നാരായണഗുരുവിന്റെ വലിയ സ്വപ്നമായിരുന്നു സർവമതങ്ങളും ശാസ്ത്രങ്ങളും ഏകാത്മകബോധത്തോടെ പഠിപ്പിക്കുന്ന ഒരു ബ്രഹ്മവിദ്യാമന്ദിരം. ശിവഗിരിയിൽ അങ്ങനെയൊന്ന് അതുവരെ ഉണ്ടായിരുന്നില്ല. അപ്പോൾ താൻതന്നെ അതു ചെയ്യാമെന്നുറപ്പിച്ച്
1963-ൽ വർക്കല ഗുരുനാരായണഗിരിയിൽ ബ്രഹ്മവിദ്യാമന്ദിരത്തിനു തറക്കല്ലിടുകയും ഒപ്പം ബ്രഹ്മവിദ്യാമന്ദിരത്തിന്റെ പ്രവർത്തനം (പഠനങ്ങൾ) ആരംഭിക്കുകയും ചെയ്തു. Institute of the Science of the Absolute എന്ന് ഇംഗ്ലീഷിൽ നാമകരണം ചെയ്ത ഈ സ്ഥാപനത്തിൽ പഠിപ്പിക്കേണ്ട അവസാനത്തെ പാഠപുസ്തകമായി An Integrated Science of the Absolute എന്ന ബൃഹദ്ഗ്രന്ഥം നടരാജഗുരു രചിക്കുകയും ചെയ്തു. അതിപ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. 1973-ൽ നടരാജഗുരുവും 1999-ൽ ഗുരു നിത്യചൈതന്യ യതിയും സമാധി പ്രാപിച്ചു. അതിനുശേഷം ഗുരുകുലത്തിന്റെ നേതൃത്വം മുനി നാരായണപ്രസാദിലാണ് വന്നുചേർന്നത്. നിലവിലുള്ള ഗുരുകുലാദ്ധ്യക്ഷൻ തന്റെ പിൻഗാമികളായി മൂന്നുപേരുടെ പേര് നിർദ്ദേശിച്ച് വില്‌‌പത്രമെഴുതി വച്ചിരിക്കണമെന്ന തരത്തിലാണ് പിന്തുടർച്ചാക്രമം.
1974 ജനുവരി 18 ഗുരുകുലത്തിന് സ്വന്തമായൊരു പ്രിന്റിംഗ്
യൂണിറ്റ് തുടങ്ങി. അവിടെയാണ് ഗുരുകുലം മാസികയും മറ്റു
പുസ്തകങ്ങളും അച്ചടിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങൾ മിക്കതും
ന്യൂഡൽഹിയിലെ D. K. Print World എന്ന പ്രസാധകർ പ്രസിദ്ധീകരിക്കാനും തുടങ്ങി. നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം ഇപ്പോൾ 350 ആയിട്ടുണ്ട്. നാരായണഗുരുവിനെ പഠിക്കുകതന്നെ വേണമെന്ന ബോധം ജനങ്ങളിൽ ഉണരാൻ ഈ പുസ്തകങ്ങൾ ഇടയാക്കിയിട്ടുണ്ട്. നാരായണഗുരുകുലം മുഖാന്തരം ഉണ്ടായിട്ടുള്ള ഒരു നിശ്ശബ്ദ വിപ്ലവമാണെന്നതിൽ സംശയമില്ല.

നാരായണഗുരു തന്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും വെളിപ്പെടുത്തിയ സത്യദർശനത്തിന് അതിന്റേതായ ദാർശനികതയുണ്ട്, ശാസ്ത്രീയതയുണ്ട്, മൂല്യമുണ്ട്, അവയെ ആധുനികശാസ്ത്രത്തിന്റെ ശാസ്ത്രീയതയോടും ദാർശനികതയോടും മൂല്യബോധത്തോടും ഇണക്കിച്ചേർത്ത് അദ്വയമായ ഒരൊറ്റ ശാസ്ത്രമായും ദർശനമായും മൂല്യബോധമായും എങ്ങനെ കാണാൻ സാധിക്കുമെന്നാണ് നടരാജഗുരു An Integrated Science of the Absolute എന്ന ഗ്രന്ഥത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വേദാന്തപഠനം, പാശ്ചാത്യചിന്താപഠനം ആധുനികശാസ്ത്രപഠനം ഇതൊക്കെ ഗുരുകുലത്തിന്റെ പഠനപദ്ധതിയിൽപ്പെടും. അമ്പതോളം പേർ വരുന്ന ഒരു പഠനസംഘം ഇതു സംബന്ധിച്ച ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ഗുരുകുലത്തിൽ ദിവസവും നടക്കുന്ന ക്ലാസുകൾ കൂടാതെ എല്ലാ വർഷവും ഏപ്രിലിൽ ഊട്ടിയിൽവച്ചും ഒക്‌ടോബറിൽ കനകമലയിൽ വച്ചും ഡിസംബറിൽ ഗുരുകുല കൺവെൻഷന്റെ ഭാഗമായും നടക്കുന്ന സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത് ഈ പഠനസംഘത്തിൽപെട്ടവരാണ്. നാരായണഗുരുകുല പ്രസ്ഥാനം ഇപ്പോൾ നേരിടുന്ന വെല്ലുവിളി ത്യാഗികളായി ഇതിൽ ചേരാനും പഠിക്കാനും ഭാവിയിൽ പഠിപ്പിക്കാനും തയ്യാറായ യുവാക്കൾ വരുന്നില്ലെന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NARAYANA GURUKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.