SignIn
Kerala Kaumudi Online
Thursday, 19 September 2024 8.18 AM IST

ശബരിമലയിൽ ഇത് നേരത്തെ ആകാമായിരുന്നു

Increase Font Size Decrease Font Size Print Page

photo

ശബരിമലയിൽ മണ്ഡല - മകരവിളക്കു നാളുകളിൽ തീർത്ഥാടകരിൽ നിന്ന് ഏറ്റവുമധികം പരാതികൾ ഉയരുന്നത് ദർശനത്തിനായി കാത്തുനിൽക്കേണ്ടിവരുന്ന വരിനിൽപ്പിനെ ചൊല്ലിയാണ്. തീർത്ഥാടകരുടെ സംഖ്യ ഉയരുന്നതിനനുസരിച്ച് ദർശനത്തിനായുള്ള സമയവും നീണ്ടുപോകും. ഇത്തരത്തിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ ക്യൂനിൽക്കേണ്ടിവരുന്നവരുടെ ദയനീയാവസ്ഥ സങ്കല്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ കഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ കുട്ടികളും വയോജനങ്ങളുമൊക്കെ ഉണ്ടാകും. ഭക്തർ ശബരിമലയിലും സന്നിധാനത്തും നേരിടുന്ന കഷ്ടതകൾ ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി നിർദ്ദേശിച്ച ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഫലമായി കഴിഞ്ഞ രണ്ടുദിവസം ഗണ്യമായ മാറ്റം കണ്ടുതുടങ്ങിയെന്നാണ് വാർത്തകൾ. തിങ്കളാഴ്ച ദർശനം നടത്തിയ 91,000-ത്തിൽപ്പരം പേർക്ക് രണ്ടോ മൂന്നോ മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നില്ല. ക്യൂ സംവിധാനം പുനഃക്രമീകരിച്ചതുകൊണ്ടുള്ള നേട്ടമാണിത്. എൺപതോളം പേർക്ക് ഒരു മിനിട്ടിൽ ദർശനസൗകര്യം ഒരുക്കാൻ അധികൃതർക്കു കഴിഞ്ഞു. കുട്ടികൾക്കും സ്‌ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമെല്ലാം തിരക്കിലമരാതെ സുഖദർശനത്തിന് അവസരമുണ്ടായെന്നത് അഭിനന്ദിക്കപ്പെടേണ്ട സംഘാടക മികവു തന്നെയാണ്. കോടതിയുടെ ഇടപെടലിനു കാത്തുനിൽക്കാതെ തന്നെ അനായാസം നടപ്പാക്കാൻ സാധിക്കുമായിരുന്ന സംവിധാനമാണിതെന്നുകൂടി ഓർക്കണം.

കുട്ടികൾക്കും സ്‌ത്രീകൾക്കും വയോജനങ്ങൾക്കുമൊക്കെ പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്നത് ഇതുപോലുള്ള ആരാധനാലയങ്ങളിലെല്ലാം കണ്ടുവരുന്ന സമ്പ്രദായമാണ്. വർഷത്തിൽ മുന്നൂറ്റിഅറുപത്തഞ്ചു ദിവസവും പതിനായിരക്കണക്കിനു ഭക്തർ വന്നു നിറയുന്ന തിരുപ്പതിപോലുള്ള ഇടങ്ങളിൽ എത്ര ചിട്ടയോടും ഭംഗിയോടും മുഷിപ്പില്ലാതെയുമാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവർക്ക് അറിയാം. കഷ്ടിച്ചു രണ്ടുമാസം മാത്രം നീണ്ടുനിൽക്കുന്ന ശബരിമല തീർത്ഥാടന കാലത്ത് തിരക്ക് ശാസ്ത്രീയമായി നിയന്ത്രിച്ച് തീർത്ഥാടകരുടെ കാത്തുനില്പിന്റെ ദൈർഘ്യം നിശ്ചയമായും കുറയ്ക്കാനാവും. പ്രായോഗികബുദ്ധിയുള്ള വിദഗ്ദ്ധരെ അതിന്റെ ചുമതല ഏല്പിക്കണമെന്നു മാത്രം. വെർച്വൽ ക്യൂ സംവിധാനം വന്നതോടെ ഓരോ ദിവസവും മലകയറുന്നരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ സമയം നിശ്ചയിച്ച് എത്തുന്നവരെ തിരക്കിൽ പെടുത്താതെ പതിനെട്ടാം പടി ചവിട്ടാൻ സംവിധാനം ഒരുക്കുകയെന്നത് സങ്കീർണമൊന്നുമല്ല. കൃത്യമായി നീങ്ങുകയും ഒരിടത്തും തടസമുണ്ടാകാത്ത വിധം നിയന്ത്രണത്തിന് സേനാംഗങ്ങളെ നിയോഗിക്കുകയും ചെയ്താൽ പരാതിയില്ലാതെ ദർശന സൗകര്യം ഒരുക്കാനാകും. വരിനിന്ന് കാലു കുഴയുന്നവർക്ക് വിശ്രമിക്കാനും വിശപ്പിന് ലഘുഭക്ഷണം നല്‌കാനും സൗകര്യമൊരുക്കിയാൽ കാര്യങ്ങൾ കൂടുതൽ ഭംഗിയാകും. പമ്പ മുതലേ ക്യൂ സംവിധാനം നിയന്ത്രിക്കാൻ കഴിഞ്ഞാൽ സന്നിധാനത്തെ അനിയന്ത്രിത തിരക്ക് പൂർണമായും ഇല്ലാതാകും. ക്യൂ സംവിധാനങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ ഇനിയുമാകാം.

സന്നിധാനത്ത് തിരക്കു കുറയ്ക്കാൻ വരുത്തിയ പുതിയ ഏർപ്പാടുകൾക്കു സമാനമായി ശബരിമലയിലേക്കുള്ള ഗതാഗത രംഗത്തും മാറ്റം അനിവാര്യമാണ്. ഇപ്പോഴത്തെ പാർക്കിംഗ് സൗകര്യങ്ങൾ തീരെ അപര്യാപ്തമാണ്. പതിനായിരക്കണക്കിന് വാഹനങ്ങൾ എത്തുമ്പോൾ അതു സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും സമയനഷ്ടവും വളരെ വലുതായിരിക്കും. പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ വികസിപ്പിക്കണം. നിലവിലുള്ളവ വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും പാകത്തിലാകണം. അടിയന്തര വികസനം ആവശ്യപ്പെടുന്ന മേഖലയാണിത്. പാർക്കിംഗ് ഗ്രൗണ്ടുകൾ ലെവൽ ചെയ്ത് ഒരുക്കിയെടുത്താൽ ഇപ്പോഴത്തെക്കാളധികം വാഹനങ്ങൾക്കു പാർക്ക് ചെയ്യാനാകും. നിലവിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളുടെ നല്ലൊരു ഭാഗം ഉപയോഗയോഗ്യമല്ലാത്തത് വാഹനങ്ങളുമായി എത്തുന്നവരെ വലയ്ക്കുകയാണ്. എളുപ്പം പരിഹാരം കാണാനാവുന്ന പ്രശ്നങ്ങൾക്കു മുമ്പിൽ പോലും എന്തുചെയ്യണമെന്നറിയാതെ അധികൃതർ പകച്ചുനിൽക്കേണ്ടിവരുന്നതു കൊണ്ടാണ് ഭക്തർ ഒട്ടധികം ദുരിതങ്ങൾ താണ്ടേണ്ടിവരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COMFORTABLE DARSHAN IN SABARIMALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.