തിരുവനന്തപുരം: ജീൻസും മുറിക്കയ്യൻ ഷർട്ടുമിട്ട് വെട്ടാനും കുത്താനും നടക്കുന്ന യുവാവായ കൊട്ട മധുവിൽ നിന്നും, ചെയ്ത തെറ്റുകളുടെ കണക്കുപുസ്തകം തുറന്ന് കൂട്ടിയും കിഴിച്ചും നോക്കുന്ന മദ്ധ്യവയസ്‌കനായ കൊട്ട മധുവിലേക്കുള്ള ദൂരം അടയാളപ്പെടുത്തുന്ന സിനിമയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ' എന്ന് ഒറ്റ വാക്കിൽ അടയാളപ്പെടുത്താം. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ ചിത്രം തുറന്നുകാട്ടുന്നു. ആദ്യ ദിനത്തിൽ പ്രദർശനശാലകളെ ഇളക്കി മറിച്ച ചിത്രം ഈ ആണ്ടിലെ ഒടുവിലത്തെ ക്രൗഡ് പുള്ളർ ആകുമെന്നുറപ്പിക്കുകയാണ് പ്രേക്ഷകർ.
യുവാവായും മദ്ധ്യവയസ്‌കനായും രണ്ടു ഗെറ്റപ്പുകളിൽ കൊട്ട മധുവിനെ അവതരിപ്പിച്ച് പൃഥ്വിരാജ് സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോൾ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, മിനോൺ എന്നിവർ അഭിനയത്തികവുകൊണ്ട് ശക്തമായ പിന്തുണ നൽകുന്നു. പൃഥ്വിരാജിന്റെ കണിശതയുള്ള പ്രകടനം, ആക്ഷൻ രംഗങ്ങളിലെ കൈയടക്കം എന്നിവ കൊട്ട മധു എന്ന കഥാപാത്രത്തിന്റെ മാറ്റുകൂട്ടുമ്പോൾ അതിന്റെ ക്രെഡിറ്റ് സംവിധായകനൊപ്പം തിരക്കഥാകൃത്ത് ജി.ആർ. ഇന്ദുഗോപനും കൂടി അവകാശപ്പെട്ടതാണ്.
വായനക്കാരെ ഉദ്വേഗത്തിന്റെ മുനയിൽ നിറുത്തുകയും എന്നാൽ സാഹിത്യമൂല്യങ്ങളിൽ കോട്ടംതട്ടാതെ കഥ പറയുകയും ചെയ്യുന്ന ഇന്ദുഗോപന്റെ ശൈലീഗുണം ചിത്രം വികസിക്കുമ്പോഴും വ്യക്തമാകുന്നു. ഇന്ദുഗോപന്റെ തന്നെ നോവലായ ശംഖുമുഖിയുടെ തിരക്കഥാ രൂപമാണ് കാപ്പ. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കാപ്പയിൽ മോശമല്ലാത്ത ആദ്യപകുതിയും ഇടിവെട്ട് രണ്ടാംപകുതിയുമാണ് കാണികളെ കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |