SignIn
Kerala Kaumudi Online
Thursday, 19 September 2024 12.49 AM IST

കെ.എസ്.എഫ്.ഇയ്ക്ക് 2025ഓടെ ലക്ഷ്യം ഒരു കോടി ഇടപാടുകാർ

Increase Font Size Decrease Font Size Print Page
ksfe

 ലക്ഷം കോടി വാർഷിക വിറ്റുവരവും ലക്ഷ്യമെന്ന് എം.ഡി ഡോ.എസ്.കെ. സനിൽ

തൃശൂർ: 2025 ഓടെ ഒരുകോടി ഇടപാടുകാരുമായി കേരളത്തിലെ എല്ലാ വീടുകളിലും സാന്നിദ്ധ്യമാവുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളാണ് കെ.എസ്.എഫ്.ഇ നടപ്പാക്കുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ.എസ്.കെ.സനിൽ പറഞ്ഞു. ഒരുലക്ഷം കോടി വാർഷികവിറ്റുവരവും പ്രതീക്ഷിക്കുന്നു. ചുമതലയേറ്റശേഷം വികസനലക്ഷ്യങ്ങളും പദ്ധതികളും 'കേരളകൗമുദി"യുമായി പങ്കുവയ്ക്കുകയായിരുന്നു ഡോ.എസ്.കെ.സനിൽ.

ലക്ഷ്യത്തിലേക്കുള്ള കർമ്മപദ്ധതികൾ?

ബാങ്കിംഗ് രംഗത്തെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും കെ.എസ്.എഫ്.ഇയിലുണ്ട്. നിക്ഷേപത്തിന്റെ അംശവും വായ്പയുടെ ലക്ഷണങ്ങളും പൂർണമായും കോർത്തിണക്കിയാണ് ചിട്ടിയെ ഈ നിലയിലെത്തിച്ചത്.

ആവശ്യക്കാർക്ക് സമ്പാദ്യമായും പെട്ടെന്ന് ലഭ്യമാക്കുന്ന വായ്പയായും ഉപയോഗിക്കാമെന്നതാണ് ചിട്ടിയെ ശ്രദ്ധേയമാക്കുന്നത്. ചിട്ടിയെ കൂടുതൽ ജനപ്രിയമാക്കും; പഴയ ശൈലി മാറ്റി മികച്ച സാങ്കേതികവിദ്യയിലൂടെ നവീകരിക്കും. ചിട്ടിയിലുളള സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. ഡിവിഷൻ ചിട്ടികൾ ഐ.ടി. ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്ക് ഉപയുക്തമാകുംവിധം ക്രമീകരിക്കും. കുടുംബശ്രീ ഗ്രൂപ്പിനുള്ള ലാപ്ടോപ്പ് ചിട്ടികൾ ഇതിന് ഉദാഹരണമാണ്.

 സാമ്പത്തികസേവനങ്ങളുടെ സൂപ്പർമാർക്കറ്റ്

ഇടപാടുകാർക്ക് അനുയോജ്യമായി ചിട്ടിയിൽ മാറ്റം വരുത്തുന്നതോടെ സാമ്പത്തികസേവനങ്ങളുടെ സൂപ്പർമാർക്കറ്റായി കെ.എസ്.എഫ്.ഇ മാറും. നിക്ഷേപത്തിനും വായ്പയ്ക്കും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളുണ്ടാകും.

 ജനപ്രിയ വികസനം

ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മികവ് ഉറപ്പാക്കും. മൊബൈൽ ആപ്പ് വൈകാതെ അവതരിപ്പിക്കും. ബാങ്കുകളുമായി ചേർന്ന് പണം പിൻവലിക്കാനുള്ള കാർഡുകൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഓൺലൈൻ ചിട്ടികൾ കേരളം മുഴുവൻ നടപ്പാക്കാനും ശ്രമിക്കും. ചുരുക്കത്തിൽ സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വികസനതന്ത്രങ്ങളാകും.

ചിട്ടിയെ കൂടുതൽ അടിത്തട്ടിലേക്ക് എത്തിക്കുമോ?

ഒരുകോടി ഇടപാടുകാരെ ലക്ഷ്യമിടുന്നത് അതിന്റെ ഭാഗമാണ്. എല്ലാ കുടുംബങ്ങളിലും കെ.എസ്.എഫ്.ഇയുടെ സാന്നിദ്ധ്യമാണ് ലക്ഷ്യം. അതിനായി ആയിരം ബ്രാഞ്ചുകളുണ്ടാകും. നിലവിൽ 650 ശാഖകളാണുള്ളത്. ശരിയായി ഉപയോഗിച്ചാൽ ചിട്ടികൾ വൻവളർച്ചയിലേക്ക് കുടുംബങ്ങളെ എത്തിക്കും. കൃത്യമായ സാമ്പത്തിക ആസൂത്രണം കുടുംബങ്ങളിലും കൊണ്ടുവരികയെന്നതാണ് ലക്ഷ്യമാക്കുന്നത്. അത് സംസ്ഥാനത്തിന്റെ സാമ്പത്തികപുരോഗതിക്കും വഴിവയ്ക്കും.

സാമ്പത്തിക പ്രതിസന്ധികളെ എങ്ങനെ നേരിടാനാകും?

സാമ്പത്തികമേഖലയിൽ പ്രതിസന്ധിയുടെ സൂചനകളുണ്ട്. കൊവിഡ് കാലത്ത് സാമ്പത്തികപ്രശ്നമുണ്ടായെങ്കിലും ചിട്ടിയുടെ കാര്യത്തിൽ പുരോഗതിയായിരുന്നു. സുരക്ഷിതസമ്പാദ്യമെന്ന നിലയിൽ പണംപെട്ടെന്ന് ലഭ്യമാകുന്ന തരത്തിൽ ഉപയുക്തമാകുന്നത് ചിട്ടിയാണെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ടായി. അതുകാെണ്ട് പ്രതിസന്ധികൾ ബാധിച്ചില്ല. നിക്ഷേപങ്ങൾക്ക് ബാങ്ക് പലിശനിരക്ക് കൂട്ടിയപ്പോൾ സ്വാഭാവികഒഴുക്ക് ഉണ്ടായെങ്കിലും ചിട്ടിയുടെ റിട്ടേൺ അതിനോട് കിടപിടിക്കുന്നതും കാലാവധി തീരും മുമ്പേ വിളിച്ചെടുക്കാൻ പറ്റുന്ന വഴക്കം ഉള്ളതുമാണ്. അതുപോലെ ഭവനവായ്പ, സ്വർണവായ്പ എന്നിവയുടെ പലിശനിരക്ക് കെ.എസ്.എഫ്.ഇ ഉയർത്തിയിട്ടില്ല. അതിനാൽ ആശങ്കകളില്ല.

പ്രവാസി ചിട്ടികൾ ശ്രദ്ധേയമാണല്ലാേ, എന്തെങ്കിലും നവീകരണങ്ങൾ?

1,​000 കോടി രൂപയുടെ വാർഷികവിറ്റുവരവ് നേടിക്കഴിഞ്ഞ ചിട്ടിയാണിത്. ചിട്ടി അടയ്ക്കുന്നതിൽ മുടക്കം വരുത്തുന്നവർ കുറവാണ് എന്നതാണ് സവിശേഷത. സ്വീകാര്യത കൂടിവരികയാണ്. ചിട്ടിയിൽ നിന്നുള്ള ലാഭനിരക്കും കൂടുകയാണ്. നിരവധി രാജ്യങ്ങളിലെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ലോകമലയാളികൾക്ക് സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന ചിട്ടിയാണിത്. പൂർണമായ സാങ്കേതിക വിദ്യയിലൂന്നിയാണ് പ്രവർത്തനം. ഓൺലൈനിലാണ് ചിട്ടിനടത്തിപ്പും ലേലവും.

സ്വർണവായ്പ കൊവിഡ് കാലത്തിനുശേഷം ?

സ്വർണവായ്പയ്ക്ക് സ്വീകാര്യത കൂടി. സാധാരണക്കാർ കൂടുതലായി സ്വർണവായ്പയെയാണ് ആശ്രയിക്കുന്നത്. നൂറു ശതമാനവും സുരക്ഷിതമാണ്. പലിശനിരക്ക് താഴ്ന്നതാണ്. അതിനാൽ സ്വർണവായ്പയിലും പ്രതീക്ഷയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, KSFE, DEPOSIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.