കൊച്ചി : ഈ സീസണിൽ ആദ്യം നേർക്കുനേർ വന്നപ്പോൾ തങ്ങളെ തോൽപ്പിച്ചിരുന്ന ഒഡിഷ എഫ്.സിയോട് പകരം ചോദിക്കാൻ തങ്ങളുടെ തട്ടകത്തിൽ ഇറങ്ങുകയാണ് കേരള ബ്ളാസ്റ്റേഴ്സ് നാളെ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാത്രി 7.30നാണ് ഒഡിഷ എഫ്.സിയും ബ്ളാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തിന് കിക്കോഫ്.
ഒക്ടോബറിൽ ഭുവനേശ്വറിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡിഷ ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നത്. അതിന് മുമ്പ് എ.ടി.കെ മോഹൻ ബഗാനോടും ശേഷം മുംബയ് സിറ്റിയോടും തോറ്റിരുന്ന ബ്ളാസ്റ്റേഴ്സ് നവംബർ മുതൽ തോൽവിയറിയാതെ കുതിക്കുകയാണ്. നോർത്ത്ഈസ്റ്റ്, ഗോവ,ഹൈദരാബാദ്,ജംഷഡ്പുർ,ബെംഗളുരു ടീമുകളെ തോൽപ്പിച്ച ബ്ളാസ്റ്റേഴ്സ് കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
സീസണിൽ 10 മത്സരങ്ങളിൽ ആറുവിജയവും ഒരു സമനിലയും മൂന്ന് തോൽവികളുമായി 19 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഒഡിഷയ്ക്കും ആറ് വിജയങ്ങളും ഒരു സമനിലയും 19 പോയിന്റുമാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്ളാസ്റ്റേഴ്സിന് പിന്നിൽ ആറാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |