SignIn
Kerala Kaumudi Online
Tuesday, 03 October 2023 2.15 AM IST

2023 പ്രതീക്ഷകൾ

tech

പ്രതീക്ഷയുടെ ലോകം 2023 ലെത്തിക്കഴിഞ്ഞു. ഏത് ഇരുളിനെയും ശുഭാപ്തിവിശ്വാസവും കഠിനപ്രയത്നവും കൊണ്ട് പ്രതിരോധിക്കാനാവുമെന്നാണ് മാനവരാശിയുടെ ചരിത്രം വ്യക്തമാക്കുന്നത്. 2023 പകുതിയോടെ ലോകമാകെ ബാധിക്കപ്പെടുന്ന മാന്ദ്യം വരാൻ പോകുന്നെന്ന് വ്യക്തമാണ്. യൂറോപ്പിലൊക്കെ മാന്ദ്യം ആരംഭിച്ചു. ഇവിടെയും വേഗത കുറഞ്ഞതെങ്കിലും ഇന്ത്യയിൽ വളർച്ചയ്ക്കാണ് സാദ്ധ്യത.

ആളുകളുടെ കൈയിൽ പണമുണ്ടെങ്കിലും ചെലവാക്കുന്നില്ല എന്ന രീതിയാണ് കണ്ടുവരുന്നത്. കാരണം എല്ലാവരുടെ ഉള്ളിലും മാന്ദ്യത്തിന്റെ ഭീതിയുണ്ട്. അമേരിക്കയിൽ വളരെ കുറവായിരുന്ന പലിശ നിരക്ക് വളരെയധികം ഉയർന്നിട്ടുണ്ട്. ഇനി അവിടെയൊക്കെ പലിശനിരക്ക് പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർത്തും. അതിനുശേഷം പലിശ കുറയ്ക്കുമ്പോൾ ആളുകൾ പണം ചെലവഴിക്കാൻ ആരംഭിക്കും. അതോടെ സമ്പദ് വ്യവസ്ഥ ശക്തമാകാൻ തുടങ്ങും.

സാങ്കേതികവിദ്യ

സാങ്കേതികവിദ്യയിൽ 'മെറ്റ' (META) പോലെയുള്ളവ വലിയ മുന്നേറ്റം നടത്തും. ഡിജിറ്റൽ സോഷ്യൽ മീഡിയ തുടങ്ങിയവയിലൊക്കെ വലിയ മാറ്റങ്ങൾ സംഭവിക്കും. 5ജി യുടെ വരവ് എന്റർടെയിൻമെന്റ് വിഭാഗത്തെ പരിപോഷിപ്പിക്കും. ചെറുതും ക്വാളിറ്റിയുള്ളതുമായ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് നേട്ടമുണ്ടാക്കാം. ടെക്നോളജി മേഖലയിലെ ചില ഇടങ്ങളിൽ മാന്ദ്യം 2025 വരെ നീളും.

സൈബർ സെക്യൂരിറ്റി

സൈബർ സെക്യൂരിറ്റി എന്ന മേഖലയിൽ വലിയ സാദ്ധ്യതകൾ തുറക്കപ്പെടുമെന്നാണ് കരുതുന്നത്. ഈ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് അവസരങ്ങളുണ്ടാകും. എന്നാൽ അത്തരം കമ്പനികളൊന്നും നിലവിൽ ലാഭത്തിലല്ലെന്നത് വാസ്തവമാണ്. വരുംകാലത്ത് സ്ഥിതി മാറിയേക്കും.

ആരോഗ്യരംഗം

ആരോഗ്യരംഗം വികസിക്കും. റോബോട്ടിക് സർജറി പോലുള്ള കണ്ടുപിടിത്തങ്ങളും വികസനങ്ങളും ഈ മേഖലയിലുണ്ടാകും. ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ് തുടങ്ങിയ മേഖലകളിലും വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. അത് നമുക്ക് അവസരങ്ങളാക്കി മാറ്റാൻ കഴിയണം. വാക്സിൻ, ഫാർമസ്യൂട്ടിക്കൽസ് ഒക്കെ വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന മേഖലകളാണ്.

ബാങ്കിംഗ് ,ടെലികമ്മ്യൂണിക്കേഷൻ

ബാങ്കിംഗ്,ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിൽ വലിയ മാറ്റങ്ങളൊന്നും വരില്ല. മാന്ദ്യമുണ്ടാകുന്ന സമയത്ത് ടെക്നോളജിയുടെ ഉപയോഗം കൂടും. എന്നാൽ റീട്ടെയിൽ കമ്പനികളുമായി ഇടപാടുകളുള്ള ഇൻഫ‌ർമേഷൻ ടെക്നോളജി കമ്പനികളുണ്ട്, അവർക്ക് ബുദ്ധിമുട്ടുകളുണ്ടായേക്കാം. അമേരിക്കയിൽ വലിയ റീട്ടെയിൽ ചെയിൻസുമായി വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഐ.ടി കമ്പനികളുണ്ട് , അമേരിക്കയിലൊക്കെ വിലക്കയറ്റമുണ്ടായതിനാൽ അവരുടെ ലാഭവും ബിസിനസുമൊക്കെ ഒരുപാട് കുറഞ്ഞു. അതുകൊണ്ട് ആ മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ലാഭം കുറയാൻ സാദ്ധ്യതയുണ്ട്.

ഊർജ്ജ മേഖല

ഊർജ്ജ മേഖലയിലെ വിലക്കയറ്റം വലിയ തോതിൽ ജനങ്ങളെ ബാധിച്ചേക്കും. റഷ്യൻ പ്രസിഡന്റ് പുടിൻ, സൗദി രാജകുമാരൻ, ഇറാനിലെ ആയത്തുള്ള എന്നിവരുടെ ഇടപെടലുകൾ ഊർജ്ജ മേഖലയിൽ വിലക്കയറ്രം സൃഷ്ടിച്ചേക്കും. ഇത് സാമ്പത്തിക വളർച്ചയുടെ വേഗതയെ പിടിച്ചുനിറുത്തും. ഇവർ മൂവരും പരസ്പരം ചർച്ചകൾ നടത്തുന്നതായി അറിയുന്നുണ്ട്. അത് എണ്ണവില ഉയർത്തുന്നതിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് വേണം മനസിലാക്കാൻ. അത് എയർലൈൻസ് ഇൻഡസ്ട്രിയെ നേരിട്ട് ബാധിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

വിനോദസഞ്ചാര മേഖല

വലിയ തരത്തിലുള്ള മാന്ദ്യമാണ് ഉണ്ടാകാൻ പോകുന്നതെങ്കിൽ വിനോദസഞ്ചാര മേഖലയെ ബാധിക്കും. കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്നത് ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള ടൂറിസമായതുകൊണ്ട് ഇവിടെ വലിയ തോതിൽ ബാധിച്ചേക്കില്ല. കൊവിഡിനുശേഷം വിദേശികൾ ഇന്ത്യയിലേക്ക് വരുന്നത് തീരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ നിന്നും പിന്നോട്ടു പോക്കുണ്ടാകില്ലെന്നാണ് കരുതേണ്ടത്. മറ്റ് രാജ്യങ്ങളിൽ കൊവിഡിന് ശേഷം ടൂറിസം മേഖല ഉണർന്നെങ്കിലും ഇന്ത്യയിൽ അത് സാദ്ധ്യമായിട്ടില്ല. ഇതിന് ഒരു പ്രധാനകാരണം ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള ചെലവ് കൂടുതലാണെന്നതാണ്. വിമാനനിരക്ക് വളരെക്കൂടുതലാണ്. ഒരാൾ യൂറോപ്പിൽ നിന്ന് ഇന്ത്യയിലെത്തി തിരികെ പോകുന്ന വിമാനനിരക്കിൽ ഒരവധിക്കാലം അവർക്ക് ആഘോഷിക്കാൻ കഴിയും. ഇത്തരത്തിൽ നിരക്ക് കുറയണമെങ്കിൽ വിമാനസർവീസ് മേഖലയിൽ കൂടുതൽ മത്സരങ്ങളുണ്ടാകണം. അതിന് സമയമെടുക്കും.

ഹൈടെക്ക് കമ്പനികളുടെ മൂല്യനിർണയം അവരുടെ പ്രോഡക്ട് എത്രത്തോളം ആളുകൾ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാലിപ്പോൾ വർഷത്തിൽ നേടുന്ന ലാഭമാണ് മൂല്യനിർണയത്തിന്റെ അടിസ്ഥാനം. അപ്പോൾ മൂന്നും നാലും വർഷങ്ങൾ കൊണ്ട് ലാഭത്തിലാകാമെന്ന് കരുതുന്ന സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ആദ്യവർഷം മുതൽ ലാഭം കണ്ടെത്തേണ്ടിവരും.

(ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TECHNOLOGY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.