റഷ്യ-യുക്രെയിൻ യുദ്ധത്തിൽ തുടങ്ങി ഇറാനിലെ കെട്ടടങ്ങാത്ത പ്രതിഷേധത്തിലെത്തിനിൽക്കുന്ന 2022 ലെ ലോകരാഷ്ട്രീയം , ലോകസമാധാനത്തെയും സുരക്ഷയെയും സംബന്ധിച്ച് വളരെ നിർണായകമാണ്. 2022 ൽ വളരെ പ്രസക്തമായ 10 പ്രധാന വിഷയങ്ങൾ വിലയിരുത്തുന്നു
റഷ്യ - യുക്രെയിൻ
സംഘർഷം
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം അന്താരാഷ്ട്ര ബന്ധങ്ങളെയും ലോകക്രമത്തേയും ഏറ്റവും ബാധിച്ച സംഭവമായിരുന്നു ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയിൻ യുദ്ധം.
അമേരിക്ക-ചൈന കിടമത്സരം, കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച, പരിസ്ഥിതിപ്രശ്നങ്ങൾ, അഭയാർത്ഥിപ്രവാഹം, ഭീകരവാദം, തീവ്രവാദം, തീവ്രദേശീയത, ഐക്യരാഷ്ട്ര സംഘടനകളുടെയും അനുബന്ധ സംഘടനകളുടെയും കാര്യക്ഷമതയില്ലായ്മ, തുടങ്ങി അന്താരാഷ്ട്ര ബന്ധങ്ങളിൽ വലിയ അനിശ്ചിതത്വമാണുള്ളത്. ഇതിന്റെ നേർചിത്രമാണ് റഷ്യ-യുക്രെയിൻ സംഘർഷം. ശീതസമരത്തിന് ശേഷം സാമ്പത്തിക സഹകരണത്തിന്റെയും ചർച്ചയുടെയും ജനാധിപത്യത്തിന്റെയും ലോകമാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ യുദ്ധം ലോകരാഷ്ട്രീയത്തെയാകെ മാറ്റിമറിച്ചു. ഭക്ഷ്യക്ഷാമം, വിതരണശൃംഖലകളിലെ തകിടം മറിച്ചിൽ, അഭയാർത്ഥി പ്രവാഹം, എണ്ണയുടെ വിലക്കയറ്റം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ വൻശക്തികൾ തമ്മിൽ പുതിയ ചേരിതിരിവുണ്ടായിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സമാധാനം കൈവരിച്ച യൂറോപ്പ് വീണ്ടും യുദ്ധഭൂമിയായി. ഇത് അമേരിക്കയും ചൈനയും റഷ്യയുമൊക്കെ നേതൃത്വം നൽകുന്ന പോർവിളിയായിമാറി . വീണ്ടുമൊരു ആണവയുദ്ധം നടക്കരുതേയെന്ന് പ്രാർത്ഥിക്കാമെങ്കിലും സാദ്ധ്യത തള്ളിക്കളയാനാവില്ല.
സർവാധികാരിയായി
ഷി ജിൻ പിംഗ്
ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ മൂന്നാമൂഴം അദ്ദേഹത്തെ ലോകത്തേറ്റവും ശക്തനായ രാഷ്ട്രീയ നേതാവാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ചൈനീസ് ആർമിയുടെ തലവനും ഇരുപതോളം കമ്മിറ്റികളുടെ ചെയർമാനുമാണ് അദ്ദേഹം. ചൈനയുടെ സാമ്പത്തിക- സൈനികശക്തി സുദൃഢമാണ്. ചൈനീസ് പ്രസിഡന്റിന്റെ തീരുമാനങ്ങൾ ലോകത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. ചൈനയെ ഏകീകരിച്ച് 2049ഓടെ ലോകത്തേറ്റവും വലിയ സൈനിക സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ഷിജിൻ പിംഗിന്റെ ലക്ഷ്യം. ഇത് സാദ്ധ്യമാകണമെങ്കിൽ തായ്‌വാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ചൈനയുടെ ഭാഗമാകണം. ഇന്ത്യ-ചൈന തർക്കത്തെയും ചൈനയുടെ വൻശക്തി മോഹമായി വിലയിരുത്താം. ലക്ഷ്യം നേടാൻ ഷി ജിൻ പിംഗ് ഏത് മാർഗം സ്വീകരിക്കുമെന്നത് ലോകത്തിന് നിർണായകമാണ്. എന്നാൽ കൊവിഡുണ്ടാക്കുന്ന പ്രശ്നങ്ങൾ ചൈനയ്ക്ക് തലവേദനയാണ്.
ഇറാനിലെ
കെട്ടടങ്ങാത്ത പ്രതിഷേധം
2022ൽ ലോകത്തുണ്ടായ അപ്രതീക്ഷിത സംഭവങ്ങളിലൊന്നാണ് ഇറാൻ സർക്കാരിനെതിരെയുളള പ്രക്ഷോഭം. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻകണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിൽ മത പൊലീസിന്റെ മർദ്ദനമേറ്റ് മഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. മുൻകാല പ്രതിഷേധങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ മതവിഭാഗങ്ങളും അണിചേർന്നുള്ളതാണ് പ്രതിഷേധം. ഇറാനിലെ ഷിയഭരണകൂടം വലിയ വെല്ലുവിളി നേരിടുന്നു. മഹ്സ അമിനിയുടെ ഖബറടക്ക ചടങ്ങിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ശിരോവസ്ത്രം കത്തിച്ചും മുടിമുറിച്ചും സ്ത്രീപുരുഷ ഭേദമന്യേ പ്രതിഷേധിച്ചു. ഉരുക്ക് മുഷ്ടികൊണ്ടാണ് ഷിയ ഭരണകൂടവും മതപൊലീസും പ്രതിഷേധങ്ങളെ നേരിട്ടത്. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാനോ മതനിയമങ്ങളിൽ ഇളവ് വരുത്താനോ ഭരണകൂടം തയ്യാറായിട്ടില്ല. ഇറാനിലെ പ്രതിഷേധം ഗൾഫ് രാജ്യങ്ങളിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. ഷിയ ഭരണകൂടത്തെ അട്ടിമറിക്കാൻ കാത്തിരിക്കുന്ന അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ എന്നിവർ പ്രശ്നം വഷളാക്കാൻ സാദ്ധ്യതയുണ്ട്.
ബ്രിട്ടന് ഇന്ത്യൻ
വംശജനായ പ്രധാനമന്ത്രി
ഇന്ത്യൻ വംശജനായ ഋഷിസുനക് 2022 ഒക്ടോബർ 25ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രതീകാത്മകമായി വളരെയധികം പ്രാധാന്യമുള്ളതാണ്. ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യക്കാരൻ ഇന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റ സാരഥ്യം വഹിക്കുന്നത് ലോകത്താകമാനമുള്ള ഇന്ത്യൻ വംശജർക്കും അഭിമാന മുഹൂർത്തമാണ്. ജനാധിപത്യത്തിന്റെ വാതിലുകൾ മതവംശീയ വർണവിവേചനങ്ങൾക്കപ്പുറത്ത് സാദ്ധ്യതകളുടെ കൂടി ഇടമാണെന്ന് ഋഷി സുനകിന്റെ സ്ഥാനാരോഹണം വിളിച്ചുപറയുന്നു. ഇതിനർത്ഥം ബ്രിട്ടനിലോ ലോകത്തോ ജനാധിപത്യം പൂർണമായും സുരക്ഷിതമാണെന്നല്ല. വെല്ളുവിളികളെ അതിജീവിച്ച് ഇത്തരത്തിലുള്ള വലിയ മുന്നേറ്റങ്ങൾ ഇന്നിന്റെ ആവശ്യമാണ്.
ശ്രീലങ്ക
കടക്കെണിയിൽ
തെക്കേ ഏഷ്യയിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന സംഭവമായിരുന്നു ശ്രീലങ്കൻ കടക്കെണി. ദേശീയ വരുമാനത്തിന്റെ 250 ശതമാനത്തിലധികം വരെ കടമെടുത്താണ് ശ്രീലങ്ക കാര്യങ്ങൾ നടത്തിയത്. തലതിരിഞ്ഞ ഭരണപരിഷ്കാരങ്ങളും കാർഷിക നവീകരണങ്ങളും ലക്ഷ്യബോധമില്ലാത്ത അടിസ്ഥാനസൗകര്യ വികസനങ്ങളുമാണ് ശ്രീലങ്കയെ കടക്കെണിയിലാക്കിയത്. ഭരണനേതൃത്വത്തിന്റെ ആർഭാടം ദുരന്തവ്യാപ്തി വർദ്ധിപ്പിച്ചു. കണക്കറ്റ് കടം വാങ്ങിക്കൂട്ടിയപ്പോൾ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനജീവിതം ദുസ്സഹമായി. കൊവിഡ് പ്രതിസന്ധിയും യുക്രെയ്ൻ-റഷ്യ യുദ്ധവും കൂടുതൽ കുഴപ്പമുണ്ടാക്കി. ജനങ്ങൾ ഭരണസിരാകേന്ദ്രം കയ്യടക്കി. ഭരണകർത്താക്കൾ രാജ്യത്തുനിന്ന് പാലായനം ചെയ്തു. മറ്റ് രാജ്യങ്ങൾ ശ്രീലങ്കയുമായി വ്യാപാരത്തിലേർപ്പെടാൻ തയ്യാറാകാതെ വന്നു. ഐ.എം.എഫിന്റെ കണക്കനുസരിച്ച് ലോകത്ത് താഴ്ന്ന വരുമാനമുള്ള 60ശതമാനം രാജ്യങ്ങളും കടക്കെണിയിലാണ്. ശ്രീലങ്ക നേരിട്ട സാമ്പത്തികപ്രതിസന്ധി എല്ലാ രാജ്യങ്ങൾക്കും പാഠമാണ്.
ലാറ്റിനമേരിക്കയിൽ
ഇടത് മുന്നേറ്റം
2017വരെ ലാറ്രിൻ അമേരിക്കയിലെ മിക്കവാറും ഭരണകൂടങ്ങൾ വലതുപക്ഷ തീവ്രവാദത്തിലും മുതലാളിത്തത്തിലും ഉറച്ചുനിന്നവയായിരുന്നു. എന്നാൽ 2018 ഓടെ മെക്സിക്കോ, അർജ്ജന്റീന, ബൊളീവിയ, പെറു, ചിലി എന്നീ രാജ്യങ്ങൾ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചു. 2022ൽ ഹൊണ്ടുറാസിലും ലാറ്റിനമേരിക്കയിലെ പ്രധാന രാജ്യമായ ബ്രസീലിലും ഇടതുപക്ഷ സർക്കാരാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ ഭരണകാലങ്ങളിലുണ്ടായ വിലക്കയറ്റവും തൊഴിലില്ലായ്മയും ദുസ്സഹമായ ജനജീവിതവുമാണ് ലാറ്റിനമേരിക്കയെ വീണ്ടും സോഷ്യലിസ്റ്റ് പാതയിലെത്തിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കലാണ് ഏതൊരു സർക്കാരിന്റെയും പ്രധാന കർത്തവ്യമെന്ന ഓർമ്മപ്പെടുത്തലാണ് , കാലഹരണപ്പെട്ടെന്ന് ചിലരെങ്കിലും കരുതിയിരുന്ന സോഷ്യലിസത്തിലേക്ക് ലാറ്റിൻ അമേരിക്കയെ തിരിച്ചത്.
കോപ് - 27
കാലാവസ്ഥ ഉച്ചകോടി
ഐക്യരാഷ്ട്ര സഭയുടെ 27-ാമത് കാലാവസ്ഥ ഉച്ചകോടി 'കോപ് 27' നവംബർ ആറ് മുതൽ 18വരെ ഈജിപ്തിൽ നടന്നു. ലോകത്തെ ആഗോളപരിസ്ഥിതി പ്രശ്നങ്ങൾ ചർച്ചചെയ്യുകയായിരുന്നു ലക്ഷ്യം. 1992ൽ റിയോ ഡി ജനീറോയിൽ നടന്ന ഭൗമഉച്ചകോടിയുടെ തുടർച്ചയാണിത്. ആഗോളതാപനില വ്യവസായവത്കരണത്തിന് മുമ്പുണ്ടായിരുന്ന നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ, അതിനോടനുബന്ധിച്ചുള്ള വെല്ലുവിളികൾ എന്നിവയാണ് പ്രധാന ചർച്ചയായത്.
കാലാവസ്ഥ വ്യതിയാനത്തിൽ ദരിദ്ര-വികസ്വര രാജ്യങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ പരിഹാരമായി ആഗോള നഷ്ടപരിഹാരനിധി രൂപീകരിച്ചു. ഇത് വളരെക്കാലമായി വികസ്വര ദരിദ്രരാജ്യങ്ങളുടെ ആവശ്യമായിരുന്നു. 45000ത്തോളം യുവപ്രതിഭകൾ പങ്കെടുത്തത് പ്രത്യേകതയായി. റഷ്യ-യുക്രെയിൻ വിഷയത്തിന്റെ പശ്ചാത്തലത്തിലും ലോകരാജ്യങ്ങൾ പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചചെയ്തത് യുദ്ധത്തിനും പോർവിളികൾക്കുമിടയിലും സഹകരണം സാദ്ധ്യമെന്ന വലിയ സന്ദേശമാണ് നൽകുന്നത്.
തായ് വാനിൽ പോർവിളി
വഷളായിക്കൊണ്ടിരിക്കുന്ന യു.എസ്-ചൈന ബന്ധമാണ് ലോകസമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണി. ആധുനിക ചൈനയുടെ പുനരേകീകരണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തായ്‌വാനെ ഒപ്പം ചേർക്കണമെന്നാണ് ചൈനയുടെ ലക്ഷ്യം. അത് സംഭവിച്ചാൽ വൻശക്തിയായ അമേരിക്കയുടെ പരാജയമായി വിലയിരുത്തപ്പെടും. അതുകൊണ്ടാണ് ചൈനയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് നാൻസി പെലോസി ആഗസ്റ്റിൽ തായ്‌വാൻ സന്ദർശിച്ചത്. നാൻസി പെലോസിയുടെ സന്ദർശനവും ചൈനയുടെ സൈനിക സന്നാഹങ്ങളും ലോകത്തെ മുൾമുനയിൽ നിറുത്തി. ലോകരാഷ്ട്രീയത്തിൽ മേധാവിത്വം നിലനിറുത്താൻ ശ്രമിക്കുന്ന അമേരിക്കയും തങ്ങൾ വൻശക്തിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന ചൈനയും തമ്മിലുള്ള പോർമുഖം തുറക്കുന്നതാണ് തായ് വാൻ വിഷയം.
ഖത്തർ ലോകകപ്പ്
ഫുട്ബോളിന്റെ എല്ലാ മാസ്മരികതയും അതേച്ചൊല്ലി ഉയർന്ന രാഷ്ട്രീയ വിവാദങ്ങളും അരങ്ങ് തകർത്താണ് 2022ലെ ഫിഫ ഖത്തർ ഫുട്ബോൾ ലോകകപ്പ് അവസാനിച്ചത്. സ്റ്റേഡിയം നിർമ്മാണത്തിലെ മനുഷ്യാവകാശ ലംഘനങ്ങളും തൊഴിൽ നിയമലംഘനങ്ങളും വംശീയതയുമൊക്കെ ഖത്തർ ലോകകപ്പിനെ വിവാദച്ചുഴിയിലാക്കി. എന്നാൽ വിവാദങ്ങളെ കവച്ചുവയ്ക്കുന്നതായിരുന്നു കളിമികവും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശവും. ഖത്തർ ലോകകപ്പിൽ അറബ് പണക്കൊഴുപ്പിന് മുന്നിൽ യൂറോപ്പ് മുട്ടുമടക്കിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. സാധാരണ ഫുട്ബോൾ വേൾഡ് കപ്പിനെ യൂറോപ്യൻ ആരാധകരുടെ ആവേശവും അതിക്രമവുമാണ് ശ്രദ്ധേയമാക്കുന്നത്. ഇത്തവണ ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഫുട്ബോൾ പ്രേമികളുടെ വലിയ മേളയായിട്ടാണ് ലോകകപ്പ് അവസാനിച്ചത്. ഇന്ത്യ,പാകിസ്ഥാൻ, ബാഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബോൾ ആരാധകരുടെ ആവേശം ലോകശ്രദ്ധ നേടി. നമ്മുടെ കേരളവും ലോകമെമ്പാടും ചർച്ചയായി.
അവസാനിക്കാതെ
കൊവിഡ്
മൂന്ന് വർഷമായി കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട്. ഇക്കഴിഞ്ഞ സെപ്തംബറിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ പറഞ്ഞത് കൊവിഡ് അവസാനിക്കുകയാണെന്നാണ്. എന്നാൽ പുതിയ വൈറസുകൾ എത്തിക്കഴിഞ്ഞെന്നാണ് വാർത്തകൾ. ചൈനയിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. നിരവധിപേർ മരിക്കുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിലും തിരിച്ചുവരവിന്റെ സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളിൽ കർശനനിയന്ത്രണങ്ങൾ പാലിക്കണമെന്ന നിർദ്ദേശങ്ങൾ.
ചൈന, ജപ്പാൻ, വിയറ്റ്നാം, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുവരുന്ന വിമാനങ്ങൾക്ക് ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിക്കഴിഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
കൊവിഡ് മൂലം ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനിടയുള്ളത് 2023ലാണെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. കൊവിഡിന്റെ മടങ്ങിവരവ് സമ്പദ് വ്യവസ്ഥയെയും സാധാരണ ജനജീവിതത്തെയും ലോകരാഷ്ട്രീയത്തെയും വലിയരീതിയിൽ ബാധിക്കുമെന്നതിൽ സംശയമില്ല. അങ്ങനെയാവാതിരിക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |