ശിവഗിരി: ഇപ്പോഴത്തെ ദുർഘട സന്ധിയിൽ കേരളത്തിന് ഏക രക്ഷാമാർഗ്ഗം ശ്രീനാരായണ ഗുരുദേവന്റെ ചിന്തകളും പ്രവൃത്തികളും വീണ്ടും സമൂഹമനസിലേക്ക് കൊണ്ടുവരിക മാത്രമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതിനുള്ള വഴിയൊരുക്കലാണ് നമ്മുടെ കടമ. തീർത്ഥാടന ശതാബ്ദി വരെയുള്ള ഒരു ദശാബ്ദം അതിനുള്ള പ്രവർത്തനങ്ങൾക്കു കൂടി വിനിയോഗിക്കാൻ എസ്.എൻ.ഡി.പി യോഗം തയ്യാറാണ്.
90-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടനം അസ്വസ്ഥമായ സമൂഹത്തിലേക്ക് ശാന്തി പകരാൻ ഉപകരിക്കും. സമൂഹം ഒന്നായി ഈ തീർത്ഥാടനം ഏറ്റെടുക്കുന്ന കാലം ഉടനുണ്ടാകും.
ഗുരുവിന്റെ വാക്കുകൾക്കും ആശയങ്ങൾക്കും കാലാതീതമായ പ്രസക്തിയുണ്ടെന്ന് സമകാലിക സംഭവ വികാസങ്ങൾ ഓർമ്മപ്പെടുത്തുന്നു. അറിയുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ അങ്ങനെ ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, അക്രമങ്ങളും നിറഞ്ഞ കേരളമാണിന്നുള്ളത്. യുവാക്കളിൽ നല്ലൊരു പങ്ക് മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പായുന്നു. കുഞ്ഞുങ്ങളുടെ നൂലുകെട്ടിനുപോലും മദ്യസത്കാരം ഒഴിവാക്കാനാകുന്നില്ല. ഏറ്റവുമധികം മദ്യവിൽപ്പനയും മയക്കുമരുന്നു കച്ചവടവും നടക്കുന്ന സ്ഥലമായി കേരളം. വിദ്യാലയങ്ങൾ മയക്കുമരുന്ന് മാഫിയ കേന്ദ്രങ്ങളായി. നാളെയുടെ പ്രതീക്ഷകളായ സമർത്ഥരായ യുവതീയുവാക്കൾ മയക്കുമരുന്നിൽ മയങ്ങി വേണ്ടപ്പെട്ടവർക്ക് തീരാവേദനയാകുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ മലയാളികൾ പ്രതികളാകുന്നു.
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പോരാടിയ ഗുരുദേവൻ ജനിച്ച പുണ്യഭൂമിയിലാണ് നാടിനെ നടുക്കിയ നരബലികൾ നടന്നത്. ദുർമന്ത്രവാദത്തിനും ആഭിചാര ക്രിയകൾക്കുമാണ് ഇപ്പോൾ വലിയ മാർക്കറ്റ്. വിദ്യാസമ്പന്നർ പോലും അനാചാരങ്ങൾക്ക് പിന്നാലെയാണെന്നതാണ് ദുഃഖകരമായ സത്യം.
അധികാരവും സമ്പത്തുമാണ് എല്ലാമെന്ന വിശ്വാസമാണ് വളർന്നുവരുന്നത്. ജീവിതമൂല്യങ്ങളും സമൂഹിക ഉത്തരവാദിത്വങ്ങളും ധാർമ്മികതയും മനുഷ്യമനസുകളിൽ നിന്ന് അകലുകയാണ്. അതു കൊണ്ടാണ് ജന്മം നൽകിയവരെ തെരുവിലെറിയാൻ മലയാളിക്ക് തോന്നുന്നത്. പിഞ്ചുകുഞ്ഞുങ്ങളും വയോധികരും വരെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നു. നിസാരമായ കാര്യങ്ങൾ കൊലപാതകങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്നു. ഒരു തത്വദീക്ഷയുമില്ലാതെ പ്രകൃതിയെ കൊള്ളയടിക്കുന്നു. മുമ്പൊരിക്കലും ഇല്ലാത്തവിധം മതതീവ്രവാദവും ജാതി ചിന്തകളും ഇവിടെ തഴച്ചുവളരുകയാണ്. അധികാരം നിലനിറുത്താനും വെട്ടിപ്പിടിക്കാനും എന്തും ചെയ്യാമെന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |