തൃശൂർ : രാജസ്ഥാനിലെ ഡൗസയിൽ നടന്ന ഓൾ ഇന്ത്യ ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി കേരള കിരീടം നേടി. ഫൈനലിൽ ശക്തരായ രാജസ്ഥാൻ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എഫ്.സി കേരള കിരീടം നേടിയത്. പതിനാറായിരത്തിലധികം കാണികളുടെ ആരവങ്ങൾക്കിടയിൽ ഇരുപതാം മിനിറ്റിൽ എഫ്.സി കേരള ക്യാപ്റ്റനും മുന്നേറ്റ നിര താരവുമായ ബിബിൻ ഫ്രാൻസിസ് നേടിയ ഗോളിലൂടെ ലീഡ് നേടിയെങ്കിലും 60 ാമത്തെ മിനിറ്റിൽ രാജസ്ഥാൻ യുണൈറ്റഡിന്റെ വിദേശതാരം ചാൻസോ നേടിയ ഗോളിലൂടെ സമനില പിടിച്ചു. ഉണർന്ന് കളിച്ച എഫ്.സി കേരള ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ അഭിഷേക് നേടിയ ഗോളിലൂടെ ലീഡ് നേടുകയും മത്സരം 2-1 എന്ന നിലയിൽ പിടിച്ചെടുക്കുകയും ചെയ്തു. ഹെഡ് കോച്ച് പി.കെ.അസീസിന്റെയും, ടെക്‌നിക്കൽ ഹെഡ് കെ.എ.നവാസിന്റെയും നേതൃത്വത്തിലാണ് ടീം വിജയം കൈവരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |