ന്യൂയോർക്ക് : 2022ൽ ശാസ്ത്ര ലോകം കണ്ടെത്തിയത് 300 ലേറെ പുതിയ എക്സോ പ്ലാനറ്റുകളെ. ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം 'എക്സോ പ്ലാനറ്റ് " എന്ന് പറയുന്നത്. 2021 അവസാനിക്കുമ്പോൾ 4,904 എക്സോ പ്ലാനറ്റുകളെയായിരുന്നു ശാസ്ത്രലോകം ആകെ കണ്ടെത്തിയിരുന്നത്. എന്നാൽ 2022 അവസാനിച്ചതോടെ ഇത് 5,235 ആയി ഉയർന്നു. അതായത്, 331 എക്സോ പ്ലാനറ്റുകളെ പോയ വർഷം ശാസ്ത്രലോകം തിരിച്ചറിഞ്ഞു.
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വിക്ഷേപണം എക്സോപ്ലാനറ്റുകളുടെ കണ്ടെത്തലിൽ നിർണായകമായി. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ് നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണ്. 2021 ഡിസംബറിലാണ് ഹബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയായ ജെയിംസ് വെബ്ബിനെ വിക്ഷേപിച്ചത്. കഴിഞ്ഞ ജൂലായ് മുതലാണ് ജെയിംസ് വെബ് വിവരങ്ങൾ കൈമാറിത്തുടങ്ങിയത്.
പുതുതായി കണ്ടെത്തിയവയിൽ നാല് ശതമാനം ഗ്രഹങ്ങൾ ഭൂമിയേയും ചൊവ്വയേയും പോലെ പാറകൾ നിറഞ്ഞതാണ്. രണ്ട് ഗ്രഹങ്ങളിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടായേക്കാമെന്നും കരുതുന്നു. HD 109833 b എന്നാണ് ശാസ്ത്രലോകം 2022ൽ അവസാനം കണ്ടെത്തിയ എക്സോ പ്ലാനറ്റിന്റെ പേര്. നെപ്റ്റ്യൂണുമായി സാദൃശ്യമുള്ള ഗ്രഹമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |