കരിഓയിൽ തോറ്റുപോകും ഈ കറുപ്പിന് മുമ്പിൽ. എന്തന്നല്ലേ... കൊതിയൂറുന്ന ചിക്കൻ തിളച്ചുപൊന്തുന്ന എണ്ണയെപ്പറ്റിയാണ് പറഞ്ഞത്. ഇത് കോട്ടയം നഗരത്തിന്റെ ഒത്തനടുക്കുള്ള തട്ടുകടയിലെ അനുഭവമാണ്. ഭക്ഷണപ്രിയരെ നിത്യരോഗികളാക്കാൻ ഇതുതന്നെ ധാരാളം. നഗരത്തിലെ എന്നല്ല സമീപപ്രദേശങ്ങളിലെ പല തട്ടുകടകളിലും വൃത്തി ഏഴയലത്ത് പോലുമില്ല. വൃത്തിഹീനമായ ചുറ്റുപാടിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ അറിഞ്ഞ ഭാവം നടക്കുന്നില്ല. ഇതര സംസ്ഥാനക്കാരടക്കം റോഡരികുകളിൽ ഉന്തുവണ്ടികളിലും ചെറിയ ഷെഡ് കെട്ടിയും തട്ടുകടകൾ തുടങ്ങിയിട്ടുണ്ട്. ഭാരിച്ച വാടകയും വൈദ്യുത ചാർജ്ജും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കാൾ അല്പം വിലക്കുറവ് ഉള്ളതിനാൽ നാട്ടുകാർ വ്യാപകമായി തട്ടുകടകളെയാണ് ആശ്രയിക്കുന്നത്.
ഓടകൾക്കു മുകളിലും റോഡുവക്കിലുമാണ് പാചകം ചെയ്യുന്നതും പ്രവർത്തിക്കുന്നതും. ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നു പോലും പരശോധിക്കാറില്ല. ഭക്ഷണം പാകം ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതിനാൽ രോഗസാദ്ധ്യത ഏറെയാണ്. ഇത്തരം കടകൾ വാർഡ് കൗൺസിലർമാരുടെ ഒത്താശയോടെയാണ് പ്രവർത്തിക്കുന്നത്. മുകളിൽ ഭക്ഷണം, താഴെ മാലിന്യം. മലിനജലവും കക്കൂസ് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് നഗരത്തിലെ ഓടകളിൽ പലതും. ഈ ഓടകൾക്ക് മുകളിലാണ് ഭൂരിഭാഗം തട്ടുകളുടെയും പ്രവർത്തനം. കടുത്ത ദുർഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്. റോഡിലെ പൊടിമുഴുവൻ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്. ശുചിത്വത്തിന് അപ്പുറം, തട്ടുകടകളിൽ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരമില്ലായ്മയാണ് മറ്റൊരു വെല്ലുവിളി. തമിഴ്‌നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ചത്ത കോഴികളെ ഇറച്ചിയായി വറുത്തും പൊരിച്ചും കുറഞ്ഞ നിരക്കിൽ വിറ്റഴിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |