തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വർക്കല എം.എൽ.എയും സംസ്ഥാന കമ്മിറ്റിയംഗവുമായ വി.ജോയിയെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണിത്. ഇന്നലെ രാവിലെ എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും സാന്നിദ്ധ്യത്തിൽ ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്ന് ധാരണയിലെത്തിയിരുന്നു. പിന്നാലെ ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ ചേർന്ന് തീരുമാനമെടുത്തു.
മാർച്ചിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആനാവൂർ സെക്രട്ടേറിയറ്റംഗമായത്. സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും 54കാരനായ ജോയി ആ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെത്തി. ജനുവരിയിൽ പാറശാലയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗമായ ജോയിക്ക് ഇരട്ട പ്രൊമോഷനായാണ് സംസ്ഥാന കമ്മിറ്റിയംഗത്വം ലഭിച്ചത്. ഇപ്പോൾ ജില്ലാ സെക്രട്ടറി പദവിയിലുമെത്തി.
തലസ്ഥാന ജില്ലയിൽ സി.പി.എമ്മിന്റെ രണ്ടാംനിരയിൽ ശ്രദ്ധേയനായിരുന്ന ജോയി, സംഘാടകമികവ് തെളിയിച്ചാണ് ജില്ലയിൽ ഒന്നാമനാകുന്നത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. ജില്ലാ പഞ്ചായത്തംഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാലാ സെനറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
2016ൽ കോൺഗ്രസിലെ വർക്കല കഹാറിനെ 2386 വോട്ടുകൾക്ക് തോല്പിച്ച ജോയി, 2021ൽ ബി.ആർ.എം ഷെറീഫിനെ 17821 വോട്ടുകൾക്ക് തോല്പിച്ചാണ് വർക്കല മണ്ഡലം നിലനിറുത്തിയത്. അഴൂർ പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനാണ്. ബി.എ, എൽ.എൽ.ബി ബിരുദധാരി. സുനിതയാണ് ഭാര്യ. മക്കൾ: ആര്യ, ആർഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |