കാസർകോട്: ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് കാസർകോട് ജനറൽ ആശുപത്രി കാന്റീൻ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ അടപ്പിച്ചു. നേരത്തെ ഇവിടെ ഒരു സൊസൈറ്റിക്ക് കീഴിലായിരുന്നു കാന്റീൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഒരു സ്വകാര്യവ്യക്തി ലേലം വിളിച്ച് നൽകി നടത്തി വരികയായിരുന്നു. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണ് കാന്റീന് ലൈസൻസില്ലെന്ന് കണ്ടെത്തിയത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കാന്റീനിൽ ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്നതെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനാൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയായിരുന്നു.ഇന്നലെ രാവിലെ മുതൽ കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. അതേസമയം ചെറിയ നിരക്കിൽ ഭക്ഷണം ലഭിക്കുന്നത് നിലച്ചതോടെ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളും പരിചാരകരും ദുരിതത്തിലായിട്ടുണ്ട്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പുതിയ ലൈസൻസ് ലഭിക്കുന്നതിന് കാന്റീൻ അധികൃതർ നഗരസഭയിൽ ഇന്നലെ തന്നെ അപേക്ഷ നൽകിയിട്ടുണ്ട്.
രോഗികളുടെ ഭക്ഷണത്തെ ബാധിക്കുന്ന പ്രശ്നം ആയതിനാൽ അപേക്ഷയിൽ വേഗത്തിൽ നടപടി എടുക്കാൻ ശ്രമിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് പറഞ്ഞു. അതിനിടെ കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ പരിധിയിലെ പത്തോളം ഹോട്ടലുകളിൽ റെയ്ഡ് നടത്തി. സ്ഥിരമായി പരിശോധന നടക്കുന്നതിനാൽ വീഴ്ചകൾ അധികം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിൽ പരിശോധന തുടർന്ന് വരികയാണ്. വൃത്തിഹീനമായ നിലയിലും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയാലും നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |