കണ്ണൂർ: നിയമം കർശനമാക്കിയിട്ടും പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ഒക്ടോബർ മാസം വരെ 3729 കേസുകളാണ് ഈ വകുപ്പ് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറെയും വീടുകളിലും വിദ്യാലയങ്ങളിലും സംഭവിച്ചതാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
ഇത്തരം പീഡനങ്ങൾ പല കുട്ടികളും ഇതു പുറത്തുപറയാൻ തയ്യാറാകുന്നില്ല. സ്‌കൂളുകളിൽ നൽകുന്ന കൗൺസിലിംഗ് ക്ലാസുകളിലാണ് മിക്കപ്പോഴും പീഡനവിവരം വെളിപ്പെടുന്നത്. ഇത്തരം കേസുകളിൽ കൂടുതലും പ്രതികളാകുന്നത് കുട്ടിയോടും കുടുംബത്തോടും അടുത്തുനിൽക്കുന്നവരുമാണ്. കുട്ടികൾക്ക് കഞ്ചാവും മയക്കുമരുന്നും നൽകി പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്.
ഒരിക്കൽ പോക്‌സോ കേസിൽ അറസ്റ്റിലായി ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും സമാന കേസുകളിൽ അറസ്റ്റിലാകുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ അതിക്രമങ്ങൾക്ക് ഇരകളാകുന്നുവെന്നാണ് കേസുകൾ ചൂണ്ടിക്കാണിക്കുന്നത്
പോക്‌സോ നിയമം
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയാൻ 2012 നവംബർ 14ന് നിലവിൽ വന്ന നിയമം
ഇവ പോക്‌സോ പരിധിയിൽ
1.കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ
2. പ്രകൃതിവിരുദ്ധപീഡനം
3. ലൈംഗികവൈകൃതങ്ങൾക്കിരയാക്കൽ
4. കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കൽ.
5.ലൈംഗിക ആംഗ്യം കാണിക്കൽ.
6.കുട്ടികളുടെ നഗ്നചിത്രം പ്രദർശിപ്പക്കൽ,. പ്രചരിപ്പിക്കൽ,കാണൽ,സുക്ഷിക്കൽ.
ട്രോൾ ഫ്രീ നമ്പർ: 1098
പോയ വർഷം കണ്ണൂരിൽ 201 കേസുകൾ
പോയ വർഷം നവംബർ വരെയായി 201 കേസുകളാണ് കണ്ണൂർ ജില്ലയിൽ പോക്സോ വകുപ്പ് ചുമത്തി രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഈ വർഷം 450 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്.പാലക്കാട്- 249, തിരുവനന്തപുരം റൂറൽ 342 എന്നിവ തൊട്ടുപിന്നിലുണ്ട്.
കഴിഞ്ഞ മാസം
സിഗരറ്റും ഹാൻസും നൽകി പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.മാസങ്ങൾക്ക് ശേഷമാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. വ്യക്തിവിരോധത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഭാഗമായുള്ള പരാതികളിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്ന ആക്ഷേപവുമുയരുന്നുണ്ട്.ഇതോടെ പൊലീസ് ജാഗ്രയോടെയാണു നടപടി സ്വീകരിച്ചുവരുന്നത്.
സംസ്ഥാനത്ത് പോയ അഞ്ചുവർഷം
2021-3559,
2020-3056,
2019-3640,
2018-3181,
2017-2704
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |