ലണ്ടൻ : തന്റെ ഭാര്യ മേഗനുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ സഹോദരനായ വില്യം രാജകുമാരൻ തന്നെ കയ്യേറ്റം ചെയ്‌തെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻ. ഒരിക്കൽ മേഗനെ ചൊല്ലിയുള്ള തർക്കത്തിനിടെ വില്യം തന്നെ കോളറിന് പിടിച്ച് നിലത്തേക്ക് തള്ളിയിട്ടെന്ന് തന്റെ ആത്മകഥയിൽ ഹാരി പറയുന്നതായി ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് പുറത്തുവിട്ടത്.
'സ്‌പെയർ" എന്ന ഹാരിയുടെ ആത്മകഥ ഈ മാസം 10ന് പുറത്തിറങ്ങും മേഗന് മര്യാദയില്ലെന്ന് വില്യം വിശേഷിപ്പിച്ചെന്നും ഹാരി പറയുന്നു. വില്യം നിലത്തേക്ക് തള്ളിയപ്പോൾ നായയ്ക്ക് ഭക്ഷണം നൽകുന്ന പാത്രത്തിന് മുകളിലേക്ക് വീണതെന്നും വീഴ്ചയുടെ ആഘാതത്തിൽ പാത്രം പൊട്ടുകയും ആ കഷണങ്ങൾ തന്റെ ശരീരത്തിൽ തറച്ചെന്നും ഹാരി പറയുന്നു. സ്തംഭിച്ച് പോയ താൻ എഴുന്നേറ്റ ശേഷം വില്യമിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞെന്നും ഹാരി വ്യക്തമാക്കി. വീഴ്ചയിൽ തനിക്ക് പരിക്കേറ്റിരുന്നെന്നും ഹാരി പറയുന്നു.
ചാൾസ് രാജാവിന്റെയും മുൻ ഭാര്യ ഡയാന രാജകുമാരിയുടെയും മക്കളാണ് ഹാരിയും വില്യമും. അമേരിക്കൻ നടിയായ മേഗൻ മാർക്കിളുമായുള്ള ഹാരിയുടെ വിവാഹം രാജകുടുംബവുമായി ഭിന്നതയ്ക്ക് കാരണമായി. അവഗണനകളെ തുടർന്ന് രാജപദവികൾ ഉപേക്ഷിച്ച് ഹാരിയും മേഗനും യു.എസിലേക്ക് പോവുകയായിരുന്നു. ഇതിന് ശേഷം ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളിൽ നിന്ന് തങ്ങൾ നേരിട്ട വിവേചനങ്ങൾ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |