SignIn
Kerala Kaumudi Online
Sunday, 24 September 2023 11.25 PM IST

പലിശക്കെണിയുടെ ഇരകൾ

photo

തിരുവനന്തപുരം കഠിനംകുളത്ത് പ്രവാസിയും ഭാര്യയും മകളും തീകൊളുത്തി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അത്യധികം ദുഃഖകരമായ സംഭവം ഒരിക്കൽക്കൂടി നാട്ടിലുടനീളം നടന്നുവരുന്ന കരുണയില്ലാത്ത പലിശക്കൊള്ളയിലേക്കാണു സമൂഹത്തിന്റെ ശ്രദ്ധതിരിക്കുന്നത്. കഠിനംകുളത്തെ രമേശിന്റെയും കുടുംബത്തിന്റെയും ആത്മാഹുതി ബന്ധുജനങ്ങളെയും നാട്ടുകാരെയും മാത്രമല്ല നടുക്കിയത്. വർഷങ്ങൾക്കു മുമ്പ് പലപ്പോഴായി വാങ്ങിയ പന്ത്രണ്ടുലക്ഷം രൂപയുടെ കടം അറുപതുലക്ഷം രൂപയായി വളർന്നുയർന്നതിന്റെ മായാജാലം സാധാരണക്കാർക്കു മനസിലാകണമെന്നില്ല. എന്നാൽ പണം നൽകി കൊള്ളപ്പലിശ ഈടാക്കുന്ന സംഘങ്ങളെക്കുറിച്ചറിയാവുന്നവർക്ക് എളുപ്പം മനസിലാകും. ഒന്നു പത്തായും പത്ത് നൂറായും നൂറ് ആയിരമായും പെരുകുന്ന പലിശയുടെ ഈ ഗണിതശാസ്ത്രം സംസ്ഥാനത്ത് എത്രയെത്ര കുടുംബങ്ങളെയാണ് വേരോടെ തുടച്ചുമാറ്റിയത്. ദാരുണമായ ഓരോ സംഭവം നടക്കുമ്പോഴും സർക്കാർതലത്തിൽ ചില്ലറ നടപടികൾ ഉണ്ടായെന്നുവരും. കൂട്ടക്കുരുതിയുടെ ഞെട്ടൽ മാറുന്നതിനൊപ്പം സർക്കാർ നടപടികളും നിലയ്ക്കും.

അമിത പലിശയ്ക്ക് പണം കൊടുത്ത് സാധുകുടുംബങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പലിശസംഘങ്ങൾ അരങ്ങുവാണപ്പോഴാണ് പത്തുവർഷം മുൻപ് 'ഓപ്പറേഷൻ കുബേര" എന്നൊരു സുരക്ഷാവിഭാഗവുമായി​ സർക്കാർ മുന്നോട്ടുവന്നത്. കൊള്ളപ്പലി​ശക്കാരുടെ ഭീഷണി​ നേരി​ടാനാവാതെ തിരുവനന്തപുരത്ത് ​ അഞ്ചംഗകുടുംബം ആത്മഹത്യ ചെയ്ത സംഭവമാണ് സർക്കാർ കുബേര നടപ്പാക്കാൻ നി​മി​ത്തമായത്. ഇക്കാലത്തി​നി​ടെ 18000 റെയ്‌ഡുകൾ നടത്തി 4500 കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ട് പൊലീസ് നല്ല തുടക്കമിട്ടതാണ്. രണ്ടായിരത്തി അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരിൽ നിന്നെല്ലാമായി എട്ടുകോടിയോളം രൂപയും പിടിച്ചെടുത്തിരുന്നു. കൊള്ളപ്പലിശയിലൂടെ നേടിയ കള്ളസമ്പാദ്യമായിരുന്നു ഇത്. പിന്നെപ്പിന്നെ റെയ്‌ഡുകളുടെയും അറസ്റ്റുകളുടെയും തീവ്രത കുറഞ്ഞു. ഒടുവിൽ പാടേ നിലയ്ക്കുകയും ചെയ്തു. എത്രയൊക്കെ ശ്രമിച്ചാലും നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും പലിശയ്ക്ക് പണം കൊടുത്ത് സാധാരണക്കാരെ വട്ടം ചുറ്റിക്കുന്ന ഷൈലാക്കിന്റെ പിൻമുറക്കാർ ധാരാളമുണ്ട്. അംഗീകൃത വായ്പാ സ്ഥാപനങ്ങൾ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ അത്യാവശ്യ കാര്യങ്ങൾക്ക് പണം വേണ്ടിവരുന്നവരാകും ഇക്കൂട്ടരുടെ വലയിൽ വീഴാറുള്ളത്.

കഠിനംകുളത്ത് കുടുംബത്തോടൊപ്പം ജീവനൊടുക്കിയ രമേശിന് കുടുംബം വരുത്തിവച്ച കടം തിരിച്ചടയ്ക്കാൻ കഴിയില്ലെന്നു ബോദ്ധ്യമായപ്പോഴാണ് കടുംകൈ ചെയ്യാൻ മുതിർന്നതെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. ദുബായിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തതിനു പിന്നിലും ചുട്ടുനീറുന്ന ഒരു മനസിന്റെ അടങ്ങാത്ത വേദനയും നീറ്റലും കാണാം.

ഓരോ നാട്ടിലുമുള്ള ബ്ളേഡ് മാഫിയാ സംഘങ്ങളെക്കുറിച്ച് പൊലീസ് അറിയാതിരിക്കില്ല. നാട്ടിൽ നടക്കുന്ന സകല മാഫിയാ പ്രവർത്തനങ്ങളിൽ നിന്നും ഉൗറിക്കൂടുന്ന അവിഹിത സമ്പാദ്യം ചെന്നെത്തുന്നത് ഇത്തരം പലിശ സംഘങ്ങളിലാണെന്നത് രഹസ്യമൊന്നുമല്ല. കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികളാണു വേണ്ടത്. ഒപ്പം തന്നെ സാധാരണക്കാർക്ക് ലളിത വ്യവസ്ഥകളിൽ അത്യാവശ്യങ്ങൾക്ക് വായ്പ ലഭിക്കാനുള്ള സംവിധാനവും ഒരുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLADEMAFIA VICTIMS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.