റിയോ ഡി ജനീറോ : 2019ൽ അധികാരമേറ്റത് മുതൽ നിരവധി വിവാദങ്ങളാണ് ബ്രസീലിലെ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ സൃഷ്ടിച്ചത്. പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങിയിട്ടും ബൊൽസൊനാരോ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. രാജ്യത്തെ പ്രസിഡൻഷ്യൽ പാലസ് ' അലങ്കോലമാക്കിയ" ശേഷമായിരുന്നു ബൊൽസൊനാരോ പദവി ഒഴിഞ്ഞതെന്നാണ് റിപ്പോർട്ട്.
അതിമനോഹരമായ വാസ്തുവിദ്യയോട് കൂടിയ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അൽവൊറാഡ പാലസിനെ ബൊൽസൊനാരോ ' തകർന്ന " അവസ്ഥയിലാക്കിയെന്ന് ഒരു ബ്രസീലിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലിയയിൽ സ്ഥിതി ചെയ്യുന്ന പാലസിൽ നിരവധി അറ്റക്കുറ്റപ്പണികൾ വേണ്ടി വരുമെന്നും പറയപ്പെടുന്നു.
ജനുവരി 1നാണ് ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ വീണ്ടും ബ്രസീലിൽ പ്രസിഡന്റായി അധികാരമേറ്റത്. ലൂലയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് 48 മണിക്കൂറുകൾക്ക് മുന്നേ ബൊൽസൊനാരോ യു.എസിലെ ഫ്ലോറിഡയിലേക്ക് തിരിച്ചിരുന്നു. പാലസിൽ പല ഭാഗത്തും കാര്യമായ കേടുപാടുകളും ചോർച്ചകളും കണ്ടെത്തിയെന്നും ഏതാനും ഫർണീച്ചറുകളും കലാ സൃഷ്ടികളും അപ്രത്യക്ഷമായെന്നും വെള്ളിയാഴ്ച നടന്ന പുതിയ സർക്കാരിന്റെ ആദ്യ മീറ്റിംഗിനിടെ ലൂലയുടെ പത്നി റൊസാഞ്ചല ആരോപിച്ചു.
കീറിയ നിലയിലെ സോഫ, പരവതാനികൾ, തകർന്ന ജനാല, വെള്ളച്ചോർച്ചയുടെ പാടുകൾ നിറഞ്ഞ സീലിംഗ്, ഫർണീച്ചറുകളിൽ ചിലത് അപ്രത്യക്ഷമായ സൽക്കാര ഹാൾ എന്നിവ റൊസാഞ്ചല പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് കാട്ടികൊടുത്തു. അമൂല്യമായ ചില കരകൗശല വസ്തുക്കളും കാണാനില്ലത്രെ. ലൂല 2003 - 2010 കാലയളവിൽ പ്രസിഡന്റായിരിക്കെ പാലസിൽ നട്ട ഒരു ബ്രസീലിയൻ കള്ളിമുള്ള് ചെടി അപ്രത്യക്ഷമായി. തന്റെ സർക്കാരിന്റെ പ്രതീകമായി ബൊൽസൊനാരോ ഉപയോഗിച്ചിരുന്ന പേന ഡെസ്കിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.
20 നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബ്രസീലിയൻ കലാകാരൻമാരിൽ ഒരാളായ എമിലിയാനോ ഡി കവാൽകാൻറ്റി തയാറാക്കിയ ഒരു റ്റാപസ്ട്രി കേടുവന്നെന്നും അതിനെ ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് മാറ്റിയെന്നും കണ്ടെത്തി.
പ്രശസ്ത ബ്രസീലിയൻ ആർക്കിടെക്ട് ഓസ്കാർ നെയ്മെയർ രൂപകല്പന ചെയ്ത പ്രസിഡൻഷ്യൽ പാലസ് 1958ലാണ് ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |