തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് സ്പെഷ്യൽ ദർശനത്തിന് അവസരം. ജനുവരി 12 മുതൽ ഫെബ്രുവരി 28 വരെയാണ് സ്പെഷ്യൽ ദർശനത്തിന് ക്ഷേത്രം അധികൃതർ അവസരം ഒരുക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുപ്പതി ദേവസ്ഥാനം വെബ് സൈറ്റ് വഴിയോ, ആപ്പ് മുഖേനയോ സ്പെഷ്യൽ ദർശൻ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ ഫെബ്രുവരി 22 മുതൽ 28 വരെ സ്പെഷ്യൽ ദർശൻ ലഭിക്കുകയില്ല.
അതേസമയം, വൈകുണ്ഡ ഏകാദശിയോടനുബന്ധിച്ച് നിലവിൽ വൈകുണ്ഡ കവാടത്തിലൂടെയാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ജനുവരി 11 വരെ ഇത്തരത്തിലാണ് പ്രവേശനം സാദ്ധ്യമാവുക. വർഷത്തിൽ ഈ ദിവസങ്ങളിൽ മാത്രമേ വൈകുണ്ഡ കവാടം തുറക്കുകയുള്ളൂ.
തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച കണക്കുകൾ ഇക്കഴിഞ്ഞ നവംബറിൽ ക്ഷേത്രം അധികൃതർ പുറത്തുവിട്ടിരുന്നു. 2.5 ലക്ഷം കോടിയാണ് ആസ്തി. 1933ന് ശേഷം ആദ്യമായാണ് തിരുപ്പതി ക്ഷേത്രം സ്വത്ത് വിവരക്കണക്കുകൾ പുറത്തുവിടുന്നത്. ഇതിൽ 10.25 ടൺ സ്വർണ നിക്ഷേപം, 2.5 ടൺ സ്വർണാഭരണങ്ങൾ, 16000 കോടിയുടെ ബാങ്ക് നിക്ഷേപം എന്നിവയും വിവിധയിടങ്ങളിലായി 960 സ്ഥലങ്ങളിൽ വസ്തുക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |