കൊല്ലം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയശേഷം 2021 ജനുവരി മുതൽ വിരമിച്ച 1500 ഓളം പേരും കുടുംബാംഗങ്ങളും പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടാതെ പട്ടിണിയിൽ. സാമ്പത്തിക പ്രതിസന്ധി കാരണം ആനുകൂല്യങ്ങൾ നൽകാൻ മൂന്ന് വർഷത്തെ അവധി വേണമെന്നാണ് അധികൃതർ
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം.
ഈ മാസത്തെ പെൻഷൻ മാത്രമാണ് ഡിസംബറിൽ അഡ്വാൻസായി ലഭിച്ചത്. ഗ്രാറ്റുവിറ്റി, ശമ്പള കമ്മ്യൂട്ടേഷൻ, പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങളിൽ നയാപൈസ ഇതുവരെ കൊടുത്തിട്ടില്ല.സർക്കാർ വകുപ്പുകളിലേതുപോലെ വിരമിച്ച് ഒരുമാസത്തിന് ശേഷം കെ.എസ്.ആർ.ടി.സിയിലും പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ, ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ കൂടി കണക്കുകൂട്ടണമെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബർ വരെ പെൻഷൻ തടയുകയായിരുന്നു. പെൻഷൻകാർ കോടതിയെ സമീപിച്ചതോടെയാണ് ജനുവരിയിലെ പെൻഷൻ കഴിഞ്ഞ മാസം അഡ്വാൻസായി നൽകിയത്. കുടിശിക പെൻഷൻ എന്ന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
മരുന്ന് വാങ്ങാനും
പൈസയില്ല
ആനുകൂല്യങ്ങൾ ലഭിക്കാത്ത പെൻഷൻകാരിൽ ബഹുഭൂരിപക്ഷവും ശരാശരി 20 വർഷം സർവീസുള്ളവരാണ്. ഇത്രയും സർവീസുള്ള സർക്കാർ ഉദ്യോഗസ്ഥന് ഗ്രാറ്റുവിറ്റി, പി.എഫ്, ശമ്പള കമ്മ്യൂട്ടേഷൻ എന്നീ ഇനങ്ങളിലായി കുറഞ്ഞത് 25 ലക്ഷം രൂപ ലഭിക്കും. പക്ഷേ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കിട്ടാനുള്ളത് പത്ത് ലക്ഷം രൂപയിൽ താഴെ . പി.എഫ് വിഹിതമായി ജീവനക്കാരിൽ നിന്ന് പിടിച്ച
പണമടക്കമാണ് തടഞ്ഞുവച്ചിരിക്കുന്നത്.
ഈ മേയിൽ വിരമിച്ചത് 800 പേരാണ്. മറ്റ് മാസങ്ങളിൽ ശരാശരി നൂറ്റിഅമ്പതോളം പേരും വിരമിക്കുന്നുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാനുള്ളവരുടെ എണ്ണം ഉയരുകയാണ്. ഇവരിൽ പലരും ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലുള്ളവരാണ്. ആനൂകൂല്യങ്ങൾ കിട്ടാൻ മൂന്ന് വർഷം കാത്തിരിക്കേണ്ടിവന്നാൽ പലരും ചികിത്സ കിട്ടാതെ മരിക്കുമെന്ന് പെൻഷൻകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |