തിരുവനന്തപുരം: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ(സി.ഐ.എംആർ) സ്ഥാപക ഡയറക്ടർ ഫാ. തോമസ് ഫെലിക്‌സ് (86) നിര്യാതനായി. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കോട്ടയം കടുത്തുരുത്തി കുറിച്യാപറമ്പിൽ വർഗീസ് കുര്യൻ-മറിയാമ്മ കുര്യൻ ദമ്പതികളുടെ മകനാണ്. ഫാ.ആന്റണി കുര്യൻ, പ്രൊഫ .ജോൺ കുര്യൻ, കെ.കെ.മാത്യു, കെ.കെ ജോസഫ്, കെ.കെ.കുഞ്ഞച്ചൻ, ത്രേസ്യാമ്മ മത്തായി, ഏലിയാമ്മ കുര്യൻ, പരേതരായ കെ.കെജോർജ്, മേരി പൈലോ, സിസ്റ്റർ മേരി അലകോക് എന്നിവരാണ് സഹോദരങ്ങൾ. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ. തോമസ് ഫെലിക്‌സിന്റേത് .ബംഗളുരു ധർമാരാം കോളജിൽ നിന്നും ബിരുദം നേടിയശേഷം അമേരിക്കയിലാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. പെൻസിൽവാനിയ പിറ്റ്സ്ബർഗിലെ ഡ്യൂക്കേൻ സർവകലാശാലയിൽ നിന്നും ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയ്‌ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള വിഷയത്തിലാണ് അദ്ദേഹത്തിന്റെ ബിരുദാനന്തര ബിരുദം.
രാജീവ് ഗാന്ധി മാനവ സേവാ അവാർഡ്, റെഡ് ക്രോസ് പ്ലാറ്റിനം ജൂബിലി അവാർഡ്,ഡോ.അംബേദ്കർ നാഷണൽ അവാർഡ്, മണി ബാല മെമ്മോറിയൽ അവാർഡ്, കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ അവാർഡ്, ഡെറോസിയോ അവാർഡ്, സെന്റർ ഫോർ എപ്ലോയ്‌മെന്റ് എന്റിച്‌മെന്റ് ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |