കിംഗ് ഒഫ് കൊത്ത കാരക്കുടിയിൽ അവസാന ഘട്ട ചിത്രീകരണത്തിൽ
ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഗ്യാങ് സ്റ്റർ ചിത്രം കിംഗ് ഒഫ് കൊത്തയിൽ തമിഴ് നടൻ പ്രസന്നയും. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് പ്രസന്ന അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിലൂടെയാണ് പ്രസന്ന മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിൽ പ്രതിനായകവേഷമായിരുന്നു. പ്രസന്ന അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കിംഗ് ഒഫ് കൊത്ത.മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയ നായികയായ സ്നേഹയുടെ ഭർത്താവാണ്. അതേസമയം കാരക്കുടിയിൽ കിംഗ് ഒഫ് കൊത്തയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. ചെമ്പൻ വിനോദ് ജോസ് , ഗോകുൽ സുരേഷ്, ഷബീർ കല്ലറക്കൽ ,പ്രമോദ് വെളിയനാട്, െഎശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രൻ ആണ് കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്. സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. ജോഷി സംവിധാനം ചെയ്ത പാപ്പനിൽ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |