സുവർണജൂബിലി ആഘോഷോദ്ഘാടനം 19ന് മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: ഇലക്ട്രോണിക്സ് സാങ്കേതികരംഗത്ത് സംസ്ഥാനത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) ലിമിറ്റഡ് സുവർണ ജൂബിലി നിറവിൽ. ഇതോടനുബന്ധിച്ച് പ്രതിരോധ, സുരക്ഷാമേഖലയിലും ബഹിരാകാശ ഗവേഷണ രംഗവുമായി ബന്ധപ്പെട്ടും നൂതനമായ ഉത്പന്നശ്രേണി തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.
സുവർണ ജൂബിലി ഉദ്ഘാടനച്ചടങ്ങിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവർണജൂബിലി പരിപാടികൾ കെൽട്രോൺ സ്ഥാപകദിനമായ ആഗസ്റ്ര് 30 നാണ് സമാപിക്കുക. 100 ശതമാനം വിജയമാകുന്ന ഉത്പന്നങ്ങളാകും നിർമ്മിക്കുക. പ്രതിരോധം, ട്രാഫിക് സിഗ്നൽ ആൻഡ് എൻഫോഴ്സ്മെന്റ്, സെക്യൂരിറ്റി ആൻഡ് സർവൈലൻസ്,സ്‌പേസ് ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള പുതിയ ഉത്പന്നങ്ങൾക്കാവും മുൻഗണന.
ക്ളൗഡ് ഡേറ്റാ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനങ്ങൾ നീളും. കേരളത്തെ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുക എന്നതാണ് ഇക്കാലയളവിലെ കെൽട്രോണിന്റെ പ്രധാന സന്ദേശം. അടുത്ത എട്ടുമാസങ്ങൾക്കുള്ളിലാവും അന്തിമ രൂപരേഖ തയ്യാറാവുക.
₹600 കോടിയുടെ തിളക്കം
ഏതാനും വർഷങ്ങളായി ഉത്പന്നങ്ങൾക്ക് കൃത്യമായ മാർക്കറ്റ് കണ്ടെത്തുകവഴി വരുമാനത്തിൽ വൻ നേട്ടം കൈവരിക്കാനായി. കഴിഞ്ഞവർഷം 600 കോടി രൂപയോളമായിരുന്നു വിറ്റുവരവ്.
വിവിധ യൂണിറ്രുകളിലായി 2,500ഓളം ജീവനക്കാരാണുള്ളത്. തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ പ്രധാന യൂണിറ്റ് അടക്കം മൂന്ന് യൂണിറ്രുകളും കോഴിക്കോട്ടും ആലപ്പുഴയിലും (അരൂർ) ഓരോ യൂണിറ്റും മലപ്പുറത്തും (കുറ്റിപ്പുറം) കണ്ണൂരുമായി രണ്ട് ഉപയൂണിറ്റുകളുമാണുള്ളത്.
ദീർഘവീക്ഷണത്തോടെ തുടക്കം
കേരളത്തിൽ ഇലക്ട്രോണിക്സ് മേഖലയ്ക്ക് പ്രചാരം ലഭിച്ചിട്ടില്ലാത്ത കാലത്താണ് കെൽട്രോൺ സ്ഥാപിതമാവുന്നത്. വിദേശങ്ങളിലടക്കം പ്രവർത്തനാനുഭവമുള്ള ഇലക്ട്രോണിക്സ് മേഖലയിലെ അഗ്രഗണ്യൻ കുന്നത്ത് പുതിയവീട്ടിൽ പദ്മനാഭൻ നമ്പ്യാർ എന്ന കെ.പി.പി നമ്പ്യാരെ കേരളത്തിലേക്ക് ക്ഷണിച്ചത് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ.
നമ്പ്യാർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി 1973 ആഗസ്റ്ര് 30ന് തിരുവനന്തപുരം വി.ജെ.ടിഹാളിൽ (ഇപ്പോഴത്തെ അയ്യൻകാളി ഹാൾ) ആയിരുന്നു കെൽട്രോണിന്റെ ഉദ്ഘാടനം. 1985 വരെ നമ്പ്യാർ ആ പദവിയിൽ തുടർന്നു.
വിറ്റുവരവ് ₹1,000 കോടിയിലേക്ക്
കെൽട്രോണിന്റെ വിറ്റുവരവ് 1,000 കോടി രൂപയിലേക്ക് ഉയർത്തുമെന്ന് മന്ത്രി പി.രാജീവ് കഴിഞ്ഞമാസം നിയമസഭയിൽ പറഞ്ഞിരുന്നു. 50-ാം വാർഷികം പ്രമാണിച്ച് ഓരോമാസവും ഓരോ പുതിയ ഉത്‌പന്നങ്ങൾ പുറത്തിറക്കും. കെൽട്രോൺ പുനരുദ്ധാരണത്തിനായി മാസ്‌റ്റർ പ്ളാൻ സജ്ജമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |