ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ നാലുവിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിൽ
ശ്രീലങ്ക 215, ഇന്ത്യ 216/6,കുൽദീപ് യാദവ് മാൻ ഒഫ് ദ മാച്ച്
കൊൽക്കത്ത : ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ നാലുവിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്നലെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 39.4 ഓവറിൽ 215ന് ആൾഒൗട്ടാക്കിയശേഷം 43.2ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ഇന്ത്യ. റൺസ് ഒഴുകാൻ മടികാണിച്ച മത്സരത്തിൽ പുറത്താവാതെ 64 റൺസ് നേടിയ കെ.എൽ രാഹുലാണ് ഇന്ത്യയ്ക്ക് ചേസിംഗ് വിജയം സമ്മാനിച്ചത്. മുൻനിര പതിവ് ഫോമിലേക്ക് ഉയരാതിരുന്നപ്പോൾ ഹാർദിക് പാണ്ഡ്യയും (36) അക്ഷർ പട്ടേലും (21) അവസാന സമയത്ത് രാഹുലിന് നൽകിയ പിന്തുണ നിർണായകമായി
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവും പേസർ മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കും ഒരു വിക്കറ്റ് നേടിയ അക്ഷർ പട്ടേലും ചേർന്നാണ് ഒതുക്കിയത്. യുസ്വേന്ദ്ര ചഹലിന് പകരം പ്ളേയിംഗ് ഇലവനിലെത്തിയ കുൽദീപ് പത്തോവറിൽ 51 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. കുൽദീപാണ് മാൻ ഒഫ് ദമാച്ച്. ലങ്കയുടെ ആദ്യ വിക്കറ്റും അവസാന വിക്കറ്റും സ്വന്തമാക്കിയ സിറാജ് 5.4ഓവറിൽ 30 റൺസാണ് വിട്ടുകൊടുത്തത്.
ആറാം ഓവറിൽ ലങ്കൻ ഓപ്പണർ അവിഷ്ക ഫെർണാൻഡോയെ (20)ബൗൾഡാക്കിയാണ് സിറാജ് തുടങ്ങിയത്. അകത്തേക്ക് സ്വിംഗ്ചെയ്ത പന്ത് ബാറ്റിൽത്തട്ടി സ്റ്റംപിലേക്ക് കയറുകയായിരുന്നു. തുടർന്ന് നുവാനിഡോ ഫെർണാൻഡോയും(50)കുശാൽ മെൻഡിസും (34) ക്രീസിൽ ഒരുമിച്ചപ്പോൾ ലങ്കയ്ക്ക് മികച്ച സ്കോറിലെത്താമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. 17-ാം ഓവറിൽ ഇവർ ടീമിനെ 100 കടത്തി.എന്നാൽ ഇതേഓവറിൽ ലങ്കയുടെ പതനവും തുടങ്ങി. ഈ ഓവറിന്റെ അവസാനപന്തിൽ കുൽദീപ് യാദവ് കുശാൽ മെൻഡിസിനെ എൽ.ബിയിൽ കുരുക്കിയപ്പോൾ അടുത്ത ഓവറിന്റെ രണ്ടാം പന്തിൽ അക്ഷർ പട്ടേൽ ധനഞ്ജയ ഡിസിൽവയെ(0) ബൗൾഡാക്കി. ഇതോടെ ലങ്ക 103/3 എന്ന നിലയിലായി.
തുടക്കം മുതൽ പൊരുതിനിന്ന നുവാനിഡു ഫെർണാൻഡോ അർദ്ധസെഞ്ച്വറി തികച്ചയുടൻ റൺഒൗട്ടായത് ലങ്കയ്ക്ക് തിരിച്ചടിയായി.ഇതോടെ ലങ്ക 22 ഓവറിൽ 118/4 എന്ന സ്കോറിലെത്തി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിനേടിയ നായകൻ ദാസുൻ ഷനകയെ (2)അടുത്ത ഓവറിൽ കുൽദീപ് ബൗൾഡാക്കിയത് മറ്റൊരു വഴിത്തിരിവായി. 25-ാം ഓവറിൽ ചരിത്ത് അസലങ്കയും (15) കൂടാരം കയറിയതോടെ ലങ്ക 126/6 എന്ന നിലയിലായി. അസലങ്ക കുൽദീപിന് റിട്ടേൺ ക്യാച്ച് നൽകിയാണ് മടങ്ങിയത്. വാനിന്ദു ഹസരംഗ(21), വെള്ളലാഗെ (32),ചാമിക കരുണരത്നെ(17),കാസുൻ രജിത (17*) എന്നിവർ വാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പാണ് ലങ്കയെ 215ലെത്തിച്ചത്.
28-ാം ഓവറിൽ ഹസരംഗയെ അക്ഷറിന്റെ കയ്യിലെത്തിച്ച് ഉമ്രാൻ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി.34-ാം ഓവറിൽ കരുണരത്നെയെയും ഉമ്രാൻ പുറത്താക്കി. അക്ഷറാണ് ഈ ക്യാച്ചും എടുത്തത്. 40-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ വെള്ളലാഗെയെയും ലാഹിരു കുമാരയെയും (0) പുറത്താക്കി സിറാജാണ് ലങ്കൻ ഇന്നിംഗ്സിന് കർട്ടനിട്ടത്. വെള്ളലാഗെയെ അക്ഷർ പിടികൂടിയപ്പോൾ കുമാര ബൗൾഡാവുകയായിരുന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കവും ശോഭനമായിരുന്നില്ല. അഞ്ചോവറിൽ ടീം സ്കോർ 33ലെത്തിയപ്പോൾ രോഹിത് ശർമ്മ(17) കൂടാരം കയറി. 21 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സും പായിച്ച ഇന്ത്യൻ ക്യാപ്ടനെ കരുണരത്നയുടെ പന്തിൽ കീപ്പർ കുശാൽ മെൻഡിസ് പിടികൂടുകയായിരുന്നു.അടുത്ത ഓവറിൽ ശുഭ്മാൻ ഗില്ലും (21) തിരിച്ചുനടന്നതോടെ ഇന്ത്യ 41/2 എന്ന സ്കോറിലെത്തി. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയെ(4) പത്താം ഓവറിൽ കുമാര ക്ളീൻ ബൗൾഡാക്കിയപ്പോൾ ഇന്ത്യ 62/3ലെത്തി. ഫോം പ്രദർശിപ്പിച്ചുതുടങ്ങിയ ശ്രേയസ് അയ്യർ1 5-ാം ഓവറിൽ രജിതയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങിയപ്പോൾ ഇന്ത്യ 86/4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഹാർദിക് പാണ്ഡ്യയും (36) കെ.എൽ രാഹുലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് മത്സരത്തിലെ ഇന്ത്യയുടെ ആധിപത്യം നിലനിറുത്തിയത്. ക്ഷമയോടെ ബാറ്റുചെയ്ത ഇരുവരും വിക്കറ്റുകൾ പോകാതെ 20 ഓവറുകൾ പിടിച്ചുനിന്ന് പതിയെ സ്കോർ ഉയർത്തി. 53 പന്തുകളിൽ നാലുഫോറുകൾ പായിച്ച ഹാർദിക് 35-ാം ഓവറിലാണ് കരുണരത്നെയുടെ പന്തിൽ കീപ്പർക്യാച്ച് നൽകി മടങ്ങിയത്. 75 റൺസാണ് അഞ്ചാം വിക്കറ്റിൽ രാഹുലും ഹാർദിക്കും കൂട്ടിച്ചേർത്തത്.ഹാർദിക് പുറത്തായശേഷം അക്ഷർ 21 റൺസെടുത്തുമടങ്ങി. തുടർന്ന് കുൽദീപിനെ കൂട്ടുനിറുത്തിയാണ് രാഹുൽ വിജയത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |