കൊല്ലം: ആവശ്യത്തിന് ട്രെയിനുകളുണ്ടെങ്കിലും സമയം തെറ്റിയുള്ള ഓട്ടം യാത്രക്കാരെ പെരുവഴിയിലാക്കി. കൊല്ലത്ത് നിന്ന് തലസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രയാണ് താളം തെറ്റിയത്.
കൊല്ലത്ത് നിന്ന് പാസഞ്ചർ സർവീസുകൾ തിരുവനന്തപുരത്തേക്ക് പോകുന്നത് ഉച്ചയ്ക്ക് ശേഷമായതിനാൽ ആർക്കും പ്രയോജനമില്ല. വൈകിട്ട് 3.25ന് കൊല്ലം- നാഗർകോവിൽ അൺ റിസർവ്ഡ് എക്സ്‌പ്രസ് പുറപ്പെടും. യാത്ര പകുതിയാവും മുന്നേ വർക്കലയിൽ ഇരുപത് മിനിറ്റോളം പിടിച്ചിടും. കൊല്ലത്ത് നിന്ന് 3.40ന് പുറപ്പെടുന്ന അനന്തപുരി എക്സ്‌പ്രസിനെ കയറ്റിവിടാൻ വേണ്ടിയാണിത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാർ ഇതുകാരണം ആദ്യം പോകുന്ന ട്രയിനിനെ ആശ്രയിക്കാറേയില്ല. കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ ഇറങ്ങേണ്ട കുറച്ച് യാത്രക്കാർ മാത്രമേ ഈ ട്രെയിനിൽ കയറാറുള്ളു.
പതിനഞ്ച് മിനിറ്റ് ഇടവേളയിൽ മൂന്നാമത്തെ ട്രെയിനായ കൊല്ലം-തിരുവനന്തപുരം -നാഗർകോവിൽ 3.55ന് കൊല്ലത്ത് നിന്ന് പുറപ്പെടും. എല്ലാ സ്റ്റേഷനിലും നിറുത്തുന്ന ഈ വണ്ടിയാണ് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള അവസാന പാസഞ്ചർ. വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ സ്ഥിരം യാത്രക്കാരുടെ സമയത്തിന് യാതൊരു വിലയും കൽപ്പിക്കാതെയാണ് ഈ ട്രെയിൻ നാലുമണിയാകും മുമ്പ് പുറപ്പെടുന്നത്.
കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സമയം 4.20 ആക്കിയാൽ ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടും. കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം- നാഗർകോവിൽ എന്ന നമ്പറിംഗ് മാറ്റി കൊല്ലം- നാഗർകോവിൽ എന്ന ഒറ്റ സർവീസ് ആക്കണമെന്ന് ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
പരിഹാരമുണ്ടെങ്കിലും നടപടിയില്ല
കൊല്ലം - നാഗർകോവിൽ എക്സ്‌പ്രസ്, അനന്തപുരിക്ക് ശേഷം 4 ഓടെ കൊല്ലത്ത് നിന്ന് പുറപ്പെട്ടാൽ പിടിച്ചിടൽ ഒഴിവാക്കാം
5.20ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും
നിലവിൽ 3.55 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ ഒറ്റ സർവീസാക്കിയാൽ രണ്ടു സർവീസുകൾക്കിടയിലുള്ള പതിനഞ്ച് മിനിറ്റ് ലാഭിക്കാം
കൊല്ലത്ത് നിന്ന് 4.20 ന് പുറപ്പെട്ടാൽ സ്ഥിര യാത്രക്കാർക്ക് പ്രയോജനകരമാകും
6.05ന് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ 6.10ന് നാഗർ കോവിലിലേക്ക് പോകാം
തിരക്കേറിയ രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പാസഞ്ചർ ട്രെയിൻ വേണം. വൈകുന്നേരം 4ന് ശേഷം കൊല്ലത്ത് നിന്ന് പാസഞ്ചർ ട്രെയിൻ ഇല്ല. തിരുവനന്തപുരത്ത് നിന്ന് തെങ്കാശിയിലേക്കും പാസഞ്ചർ ട്രെയിൻ ഓടുന്നില്ല.
ജെ. ലിയോൺസ്, സെക്രട്ടറി,
റെയിൽവേ പാസഞ്ചേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |