സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രിമാരും തുറന്നുപറയാൻ തുടങ്ങിയിരിക്കുന്നു. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ചയായത് സ്വാഭാവികം. പദ്ധതികളിൽ പലതും വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന മന്ത്രിമാരുടെ അഭിപ്രായത്തിൽ പുതുമയൊന്നുമില്ല. കാരണം സർക്കാർ ഖജനാവ് ശുഷ്കിച്ച് വരുമ്പോഴൊക്കെ ആദ്യം കത്തിവീഴുന്നത് പദ്ധതികളുടെ മേൽതന്നെയാണ്. കടമെടുപ്പ് പരിധി കേന്ദ്രം കർക്കശമായി ചുരുക്കുകയും വിവിധയിനങ്ങളിൽ കേന്ദ്രത്തിൽനിന്നു കിട്ടാനുള്ള വിഹിതം പല കാരണങ്ങളാൽ കുറയുകയും ചെയ്യുമ്പോൾ നിശ്ചിത വരുമാനത്തെ ആശ്രയിച്ചു മുന്നോട്ടു പോകേണ്ടിവരുമ്പോഴുള്ള പ്രയാസങ്ങൾ പ്രത്യേകിച്ചു പറയേണ്ടതില്ല. മൂന്നാഴ്ച കഴിഞ്ഞ് അവതരിപ്പിക്കാനിരിക്കുന്ന ബഡ്‌ജറ്റിൽ വരുമാനം കൂട്ടാൻ എന്തൊക്കെ പുതുവഴികളാകും ധനമന്ത്രി സ്വീകരിക്കാൻ പോകുന്നതെന്ന് നിശ്ചയമില്ല. ജി.എസ്.ടി നടപ്പായതോടെ അധിക നികുതി ചുമത്തി വരുമാനം കൂട്ടാൻ സാദ്ധ്യത കുറവാണ്.
കിട്ടാനുള്ള നികുതികൾ പൂർണമായും പിരിച്ചെടുക്കാനായാൽ ഇത്രയധികം സാമ്പത്തിക ഞെരുക്കമുണ്ടാകില്ല. നികുതി കുടിശിക ഉൾപ്പെടെ നാല്പതിനായിരം കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ് കണക്ക്. മൂന്ന് വർഷം മുൻപ് ഇത് 24175 കോടി രൂപയായിരുന്നു. ഓരോ വർഷം കഴിയുന്തോറും പിരിഞ്ഞുകിട്ടേണ്ട തുകയിൽ വൻ കുതിച്ചുകയറ്റമാണു ദൃശ്യമാകുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷം നിലനിറുത്തിയാലേ ഇവിടെ പണം മുടക്കാൻ നിക്ഷേപകർ മുന്നോട്ടുവരൂ. കഴിഞ്ഞ ഒരുവർഷം കൊണ്ട് ഒരുലക്ഷം വ്യവസായ യൂണിറ്റുകൾ ഇവിടെ പ്രവർത്തിച്ചുതുടങ്ങിയെന്ന വ്യവസായ വകുപ്പിന്റെ അവകാശവാദം തീർച്ചയായും ശുഭലക്ഷണമാണ്.
ഖജനാവിൽ എത്തേണ്ട നാല്പതിനായിരം കോടി രൂപയിൽ സിംഹഭാഗവും സർക്കാർ വകുപ്പുകളിൽ നിന്നുള്ളതാണെന്നതാണ് വസ്തുത. കെ.എസ്.ആർ.ടി.സി 1796 കോടി രൂപ മോട്ടോർ വാഹന നികുതിയിനത്തിൽ സർക്കാരിനു നൽകാനുള്ളപ്പോഴാണ് എല്ലാ മാസവും നാല്പതും അൻപതും കോടി രൂപ വീതം ശമ്പളത്തിനായി നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമെ വാർഷിക ബഡ്‌ജറ്റിലും കനപ്പെട്ട ഒരു വിഹിതം നീക്കിവയ്ക്കാറുണ്ട്. അതുപോലെ കെ.എസ്.ഇ.ബി ഡ്യൂട്ടിയിനത്തിൽ സർക്കാരിനു നൽകാനുള്ളത് 1486 കോടി രൂപയാണ്. കേസിലും തർക്കത്തിലും പെട്ട് 13395 കോടി രൂപ ജി.എസ്.ടി കുടിശികയായുണ്ട്. ഇതുപോലെ പ്രധാന വകുപ്പുകളിൽ നിന്ന് വേറെയും വൻ തുകകൾ ശേഷിക്കുന്നു. ഓരോ മാസവും കടമെടുത്ത് ശമ്പളവും പെൻഷനും മറ്റ് അത്യാവശ്യ ചെലവുകളും നടത്തി തട്ടിയും തടഞ്ഞും മുന്നോട്ടുപോകുന്നതല്ലാതെ ധനകാര്യ മാനേജ് പരമ്പരാഗത വഴികളിൽനിന്ന് മാറി ചിന്തിച്ചാലേ പുതിയ വരുമാന സ്രോതസുകൾ തെളിഞ്ഞുവരൂ.
എല്ലാം സൗജന്യമായി നൽകി കൈയടി വാങ്ങുന്ന സമീപനത്തിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. രാജ്യത്ത് വിദേശ സർവകലാശാലകൾ വരാൻ പോവുകയാണ്. അവയെ സ്വാഗതം ചെയ്യാൻ നമുക്കും കഴിയണം. ഏതു രീതിയിലുള്ള പുതുസംരംഭങ്ങളും നേട്ടമാക്കാൻ സാധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |