തിരുവനന്തപുരം: ഇന്ത്യയിൽ പഠനം പൂർത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ അവിടെ ഇന്ത്യൻ സാംസ്കാരികതയുടെ അംബാസഡർമാരാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ പദവിയോടും, ദേശീയ യുവജന ദിനത്തോടും അനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ യൂത്ത് സമ്മിറ്റ് ഇന്ത്യ - 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം വിശ്വാസത്തിലും ആദർശത്തിലും അടിയുറച്ച് നിൽക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവർക്കുമുണ്ട്. എന്നാൽ ആ വിശ്വാസമോ ആദർശമോ മറ്റൊരാളിൽ അടിച്ചേൽപ്പിക്കരുത്. ഇന്ത്യൻ സാംസ്‌കാരത്തിന്റെ സവിശേഷത അതാണ്. വിജ്ഞാനവും ബൗദ്ധികതയുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ ആണിക്കല്ല്. സന്തോഷമല്ല, വിജ്ഞാനം നേടലാണ് ജീവിതത്തിന്റെ പരമപ്രധാന ലക്ഷ്യമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഈ വിജ്ഞാന സമ്പാദനം ലോകത്തിലെ നാനാത്വത്തിൽ ഏകത്വം കണ്ടെത്താൻ വേണ്ടിയാണ്. വൈവിദ്ധ്യങ്ങളിലെ ഏകതയാണ് കണ്ടെത്തേണ്ടത്. ദൈവികത എല്ലാവരിലും ഉണ്ടെന്നും അത് ഉൾക്കൊള്ളാനായാൽ വിവേചനവും വിദ്വേഷവും ഇല്ലാതെ പെരുമാറാൻ സാധിക്കുമെന്നും ഗവർണർ പറഞ്ഞു.
യുവജനം ഭാഗഭാക്കാകാതെ ഒരു രാഷ്ട്രത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടക്കില്ലെന്ന് അദ്ധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു. അമേരിക്കയിലെ മിസോറി സിറ്റിയിലെ മേയറായ കോട്ടയം സ്വദേശി റോബിൻ ജെ.ഏലക്കാട്ട്, ഡോ.എസ് എസ് ലാൽ, ഡോ.ഡീന ദാസ്, ഡോ. വി സുഭാഷ് ചന്ദ്രബോസ്, പരിപാടിയുടെ ചെയർമാനും കൺവീനറുമായ ഡോ. ഷൈജു ഡേവിഡ് ആൽഫി എന്നിവർ സംസാരിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |