SignIn
Kerala Kaumudi Online
Saturday, 27 April 2024 10.10 PM IST

പ്രശസ്ത ഗായിക ലിസ മേരി പ്രെസ്‌ലി അന്തരിച്ചു റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെ മകൾ

lisa

ലോസ്ആഞ്ചലസ് : റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെയും പ്രിസില്ല പ്രെസ്‌ലിയുടെയും ഏക മകളും പ്രശസ്ത ഗായികയും ഗാന രചയിതാവുമായ ലിസ മേരീ പ്രെസ്‌ലി ( 54 ) അന്തരിച്ചു. അമ്മ പ്രിസില്ലയാണ് മരണ വാർത്ത പുറത്തുവിട്ടത്. പോപ്പ് ചക്രവർത്തി മൈക്കൽ ജാക്‌സന്റെ ആദ്യ ഭാര്യയാണ് ലിസ.

വ്യാഴാഴ്ച കാലിഫോർണിയയിലെ കലബസാസിലെ വസതിയിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായ ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിസയെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച നടന്ന 80ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ അമ്മ പ്രിസില്ലയ്ക്കൊപ്പം ലിസയും പങ്കെടുത്തിരുന്നു.

പിതാവ് എൽവിസിന്റെ ജീവിത കഥ പറയുന്ന ' എൽവിസ്" എന്ന ചിത്രത്തിന്റെ പ്രൊമോഷന് അടക്കം ലിസ സജീവമായിരുന്നു. ചിത്രത്തിൽ എൽവിസിന്റെ വേഷം അവതരിപ്പിച്ച ഓസ്റ്റിൻ ബട്‌ലറിന് ഗോൾഡൻ ഗ്ലോബിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

ജനുവരി 8ന് എൽവിസിന്റെ 88ാം ജന്മവാർഷികം ആഘോഷിക്കാൻ ടെന്നസിയിലെ മെംഫിസിലുള്ള അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഗ്രേസ്‌ലാൻഡ് ബംഗ്ലാവിൽ ലിസ എത്തിയിരുന്നു.

1977 ഓഗസ്റ്റ് 16ന് ഗ്രേസ്‌ലാൻഡ് ബംഗ്ലാവിൽ ബോധരഹിതനായി കണ്ടെത്തിയ എൽവിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 42 വയസുകാരനായ എൽവിസിന്റെ മരണകാരണവും ഹൃദയ സ്തംഭനം ആയിരുന്നു.

എൽവിസിന്റെ മരണത്തിന് നാല് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവും പ്രിസില്ലയും വിവാഹ ബന്ധം വേർപെടുത്തിയിരുന്നു.

 'രാജാവിന്റെ മകൾ"

എൽവിസ് പ്രെസ്‌ലി അമേരിക്കൻ സംഗീത ലോകത്തെ അടക്കിവാണിരുന്ന കാലഘട്ടത്തിൽ 1968 ഫെബ്രുവരി 1ന് ടെന്നസിയിലാണ് ലിസയുടെ ജനനം. കാമറ കണ്ണുകളുടെ നടുവിൽ സെലിബ്രിറ്റി ലോകത്തായിരുന്നു 'റോക്ക് ആൻഡ് റോൾ രാജാവിന്റെ" മകളായ ലിസയുടെ വളർച്ച. തന്റെ സ്വകാര്യ വിമാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നിന് മകളുടെ പേരാണ് എൽവിസ് നൽകിയത്.

എൽവിസിന്റെ എസ്റ്റേറ്റിന്റെ ജീവിച്ചിരിക്കുന്ന ഏക അവകാശിയും ലിസ ആയിരുന്നു. പിതാവിന്റെ പാത തന്നെ പിന്തുടർന്ന ലിസ മൂന്ന് ആൽബങ്ങൾ പുറത്തിറക്കി. 1988ൽ ലിസ ബിസിനസുകാരനായ ഡാനി കിയോയെ വിവാഹം ചെയ്തെങ്കിലും 1994ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിലുള്ള മക്കളാണ് നടി റൈലി കിയോ, ബെഞ്ചമിൻ എന്നിവർ.

ബെഞ്ചമിൻ 2020ൽ 27ാം വയസിൽ ആത്മഹത്യ ചെയ്തു. 1994ൽ മൈക്കൽ ജാക്സണെയും 2002ൽ ഹോളിവുഡ് നടൻ നിക്കോളാസ് കേജിനെയും ലിസ വിവാഹം ചെയ്തെങ്കിലും രണ്ട് വർഷത്തിനുള്ളിൽ ഇരുബന്ധങ്ങളും അവസാനിച്ചു. 2006ൽ ഗിറ്റാറിസ്റ്റ് മൈക്കൽ ലോക്ക്‌വുഡിനെ വിവാഹം ചെയ്തു. 2008ൽ ദമ്പതികൾക്ക് ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചു.

കഴിഞ്ഞ വർഷം ലിസയും ലോക്ക്‌വുഡും വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്തി. മൈക്കൽ ജാക്സന്റെ കുടുംബം, നിക്കോളാസ് കേജ്, നടൻമാരായ ടോം ഹാങ്ക്സ്, ജോൺ ട്രവോൾട്ട ഉൾപ്പെടെ നിരവധി പ്രമുഖർ ലിസയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.