3,500 പമ്പുകൾക്ക് സൗജന്യ സോളാർ പ്ലാന്റ്
മലപ്പുറം: കൃഷിക്കുള്ള വൈദ്യുതി സൗജന്യമല്ലേ. പിന്നെയെന്തിന് സോളാർ പ്ലാന്റ് സ്ഥാപിക്കണം?. കൃഷിയിടങ്ങളിലെ വൈദ്യുത മോട്ടോർ പമ്പുകൾ സൗജന്യമായി സൗരോർജ്ജത്തിലേക്ക് മാറ്റുന്ന അനർട്ട് പദ്ധതിയിൽ ജില്ലയിലെ കർഷകരുടെ സംശയമാണിത്. 1.5 എച്ച്.പി മുതൽ 7.5 എച്ച്.പി വരെയുള്ള 3,500 പമ്പുകൾക്ക് സൗജന്യ സോളാർ പ്ലാന്റ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിച്ചത് 100ൽ താഴെ പേരാണ്. ഭാവിയിൽ കൃഷിക്കുള്ള സൗജന്യ വൈദ്യുതി കണക്ഷൻ എടുത്തു കളഞ്ഞാലും ഇത് കർഷകനെ ബാധിക്കാതിരിക്കാനും വൈദ്യുതി ഉത്പാദനത്തിലെ സ്വയംപര്യപ്തതയും ലക്ഷ്യമിടുന്ന പദ്ധതി സംബന്ധിച്ച അവബോധക്കുറവാണ് ഇതിന് കാരണം.
സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ നിലവിലെ കെ.എസ്.ഇ.ബി സൗജന്യ വൈദ്യുതി കണക്ഷൻ നഷ്ടപ്പെടില്ല. 25 വർഷമാണ് സോളാർ പാനലിന്റെ ആയുസ്സ്. ഇക്കാലയളവിൽ വൈദ്യുതി വിതരണ രംഗത്ത് വരുന്ന നയമാറ്റങ്ങളോ കാർഷിക നയങ്ങളോ കർഷകനെ ബാധിക്കില്ലെന്ന് അനർട്ട് ജില്ലാ എൻജിനിയർ ദിൽഷാദ് അഹമ്മദ് ഉള്ളാട്ട് ചൂണ്ടിക്കാട്ടുന്നു.
പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്ര സബ്സിഡിയും ബാക്കി തുക നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് സ്കീമിൽ വായ്പയുമായാണ് അനർട്ട് കണ്ടെത്തുന്നത്. അധിക വൈദ്യുതി കെ.എസ്.ഇ.ബിയിലേക്ക് നൽകി ലോൺ തിരിച്ചടവ് നടത്തുന്നതും അനർട്ടാണ്.
ഏഴ് വർഷത്തേക്ക് സോളാർ പാനലിന്റെ സർവീസും അനർട്ട് വഴി ലഭ്യമാക്കും. പദ്ധതിയിൽ കർഷകന് യാതൊരു സാമ്പത്തിക ബാദ്ധ്യതയും വരുന്നില്ല.
സംസ്ഥാനത്ത് ആകെ 9,348 പമ്പുകൾ സോളാർ പാനലിലേക്ക് മാറ്റും.
വേഗം അപേക്ഷിച്ചോളൂ
കൃഷി ഭവൻ അംഗീകാരം നൽകിയ കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ മാസത്തോടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമാക്കും.
ആദ്യം അപേക്ഷ നൽകുന്നവർക്ക് ആയിരിക്കും കൂടുതൽ പരിഗണന.
കെ.എസ്.ഇ.ബി ബില്ല്, ആധാർ കോപ്പി എന്നിവ സഹിതം കൃഷി ഭവനുകളിലോ അനർട്ട് ഓഫീസിലോ അപേക്ഷ സമർപ്പിക്കാം.
ഒരുകിലോ വാട്ട് സൗരോർജ്ജ നിലയത്തിന് 10 സ്ക്വയർ മീറ്റർ വീതിയുള്ള നിഴൽ രഹിത സ്ഥലമാണ് ആവശ്യം. പാറപ്പുറമോ ഭൂതലമോ ഇതിനായി ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായോ അനർട്ട് ഓഫീസുമായോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |