കോഴിക്കോട്: 'എന്നെ കൊന്നിട്ടേ നിങ്ങൾക്ക് ഈ സ്‌കൂൾ അടച്ചുപൂട്ടാൻ പറ്റൂ'.. നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ ഈ വാക്കുകളാണ് ഒന്നും രണ്ടും കുട്ടികളായി ചുരുങ്ങിയതിനാൽ അടച്ചുപൂട്ടാനിരുന്ന പുതിയങ്ങാടി ജി.എൽ.പി സ്‌കൂളിന്റെ ഇന്നത്തെ പുരോഗതിക്ക് പിന്നിലെ ഊർജം. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി രണ്ട് വർഷം മുമ്പ് കെ.ടി.മുഹമ്മദ് സ്മാരക ഗവ. എൽ.പി.സ്‌കൂൾ ആയി പേരുമാറ്റിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ സ്മാരകം ഒരുങ്ങുകയാണ് സ്‌കൂളിൽ.
കേരള സാഹിത്യ അക്കാഡമിയുടെ പദ്ധതിക്ക് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. മിനി തിയേറ്റർ, ലൈബ്രറി, സാംസ്‌ക്കാരിക കേന്ദ്രം എന്നിവ ഒരുക്കും.
സ്‌കൂൾ പ്രവേശന കവാടത്തോട് ചേർന്ന കെട്ടിടത്തിലാണ് സ്മാരകം ഒരുക്കുക. മാസ്റ്റർ പ്ലാൻ പൂർത്തിയാക്കി ഉടൻ പദ്ധതി നടപ്പാക്കാനാണ്
കോർപ്പറേഷനും അക്കാഡമിയും ശ്രമിക്കുന്നത്. കെ
ടി. മുഹമ്മദിന്റെ ഓർമകൾ നിലനിറുത്തുന്നതിന് ഒപ്പം വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക.
ഇതോടെ കെ.ടി.മുഹമ്മദിന്റെ ഓർമകൾ നിറഞ്ഞ പുതിയങ്ങാടിയിൽ തന്നെ സ്മാരകം ഒരുക്കാനാവും.
സ്‌കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഒരുങ്ങിയപ്പോൾ ഗേറ്റിൽ നിന്നുള്ള കെ.ടി.മുഹമ്മദിന്റെ സമരം നാട് ഏറ്റെടുക്കുകയും നാട്ടുകാരുടെ കൂട്ടായ്മയിൽ സ്‌കൂളിന് പുനർജീവൻ നൽകുകയുമായിരുന്നു.
പ്രിസം പദ്ധതിയിലൂടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ഒരേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്‌കൂളിൽ ഇപ്പോൾ നൂറിലധികം കുട്ടികളുണ്ട്. എൽ.കെ.ജിയും യു.കെ.ജിയും ഒന്നു മുതൽ നാലുവരെ ക്ലാസുകളുമാണ് ഇവിടെ ഉള്ളത്. ഏഴ് അദ്ധ്യാപകരാണ് പഠിപ്പിക്കാനുള്ളത്.
ശ്രദ്ധയും വായനക്കൂട്ടവും
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ശ്രദ്ധ എന്ന പേരിൽ സ്‌കൂളിൽ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. കൂടാതെ വായന വളർത്തുന്നതിനായി വായനക്കൂട്ടം എന്ന പേരിൽ വാട്‌സ് അപ്പിലൂടെ നടപ്പാക്കുന്ന പദ്ധതിയുമുണ്ട്. കുട്ടികൾ വായിക്കുന്നതിന്റെ വോയ്‌സ് വാർട്‌സ് ആപ്പിൽ അയയ്ക്കുകയും വിലയിരുത്തുകയും ചെയ്യും
'ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ നോക്കിക്കാണുന്നത്. സ്‌കൂളിനുള്ള അംഗീകാരം കൂടിയാണിത്. എല്ലാസഹകരണവും കോർപ്പറേഷൻ നൽകും'
ടി. മുരളീധരൻ
കൗൺസിലർ
' അടച്ചു പൂട്ടലിന്റെ വക്കിൽ നിന്ന് ഏറെ മുന്നേറാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. കെ.ടി. മുഹമ്മദിന് സ്മാരകം നിർമിക്കുന്നതിനെ സ്‌കൂൾ സ്വാഗതം ചെയ്യുകയാണ്. ഈ വർഷം ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്. '
കെ. ഉദയകുമാർ
പ്രധാനദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |