SignIn
Kerala Kaumudi Online
Saturday, 27 April 2024 3.42 AM IST

ഭാര്യയ്ക്ക് സമ്മാനം തേടിയിറങ്ങി മുറി നിറയെ പാട്ടുപെട്ടിയായി; ശേഖരിച്ചത് വിവിധ മോഡലുകളിലെ 68 ടേപ്പ് റെക്കാർഡർ

pic

കൊച്ചി: ഭാര്യയ്ക്ക് വേറിട്ട പിറന്നാൾ സമ്മാനം തേടിയിറങ്ങിയ അരുൺ എട്ടു മാസം കൊണ്ട് ശേഖരിച്ചത് 1975 മുതൽ 2001വരെ കാലയളവിൽ നിർമ്മിച്ച 68 ടേപ്പ് റെക്കാർഡറുകൾ. മുടക്കിയത് രണ്ടു ലക്ഷ രൂപ.

കാക്കനാട് പള്ളിക്കര സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ അരുൺ മോഹൻ ഈ ഹോബിയിലെത്തിയത് യാദൃച്ഛികമായി. 2022 മാർച്ച് 14നായിരുന്നു ഭാര്യ ഡോ. അഞ്ജിമയുടെ ജന്മദിനം. സമ്മാനം തേടിയെത്തിയത് ആലുവയിലെ വിന്റേജ് കടയിൽ. 1975മോഡൽ ആർക്യൂ 5-65ഡി പാനാസോണിക് ടേപ്പ് റെക്കാർഡർ വാങ്ങി സമ്മാനമായി നൽകി. അന്നു തുടങ്ങിയതാണ് പഴയ ടേപ്പ് റെക്കാർഡറുകളോടുള്ള ഇഷ്ടം.

പയനീർ, ഷാർപ്പ്, നാഷണൽ പാനാസോണിക്, സാനിയോ, സോണി ടേപ്പ് റെക്കാർഡറുകളാണ് 34കാരനായ അരുണിന്റെ കൈവശമുള്ളവയിലേറെയും.

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുംവരെ ടേപ്പ് റെക്കാർഡറുകൾ വാങ്ങി. 2000 മുതൽ 8000 വരെ രൂപ ഓരോന്നിനും ചെലവായി.

മിക്കവയും പ്രവർത്തനസജ്ജമാണ്. ചെറിയ തകരാറുള്ളവ കെൽട്രോൺ ജീവനക്കാരനായിരുന്ന അച്ഛൻ മോഹനൻ നന്നാക്കിക്കൊടുക്കും. വലിയ തകരാറുകളാണെങ്കിൽ കടകളിൽ നന്നാക്കും.

1975-1995 കാലഘട്ടത്തി​ലെ 600കാസറ്റുകളിലായി 6000ലേറെ ഇംഗ്ളീഷ് ആൽബം പാട്ടുകളും കൈവശമെത്തി. 1980 മുതലുള്ള വിവിധ ഫിലിം കാമറകളും ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

കോണ്ടുവെന്റ് എന്ന ഐ.ടി കമ്പനിയിലെ അക്കൗണ്ടന്റായ അരുണിന് ഇൻഫോപാർക്ക് ജീവനക്കാരിയായ ഭാര്യ ഡോ. അഞ്ജിമയും അച്ഛൻ മോഹനനും അമ്മ സുശീലയും പൂർണ പിന്തുണയുമായി കൂടെയുണ്ട്. മൂന്നര വയസുകാരി ഇയാഷി യാരയാണ് മകൾ.

സ്‌നേഹ നിറവ്, കണ്ണീർ നനവ്
ചില ടേപ്പ് റെക്കാർഡറുകൾക്ക് ഒപ്പം ലഭിക്കുന്ന കാസറ്റുകൾക്കും സ്‌നേഹത്തിന്റെ നിറവും കണ്ണീരിന്റെ നനവുമുണ്ടാകും. ഒന്നിൽ 35വർഷം മുൻപത്തെ പ്രണയമുണ്ടായിരുന്നു. പ്രണയിച്ചവന് സമ്മാനമായി റെക്കാർഡ് ചെയ്ത കമൽഹാസന്റെ പ്രശസ്തമായ 'ഗുണ' സിനിമയിലെ പാട്ട് വരെ അതിൽ ഭദ്രമായിരുന്നു.

എറണാകുളത്തെ റിപ്പയർ ഷോപ്പിൽ കണ്ട പഴയ ടേപ്പ് റെക്കാർഡറിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി സന്ദേശം അരുണിന്റെ കണ്ണ് നനയിച്ചു.

''കൊവിഡ് വന്നതിനു പിന്നാലെ കേൾവി ശക്തി നഷ്ടപ്പെട്ടു... ഇനി നി​ങ്ങളെടുത്തോളൂ"" എന്നായിരുന്നു അത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAPERECORDERARUN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.