SignIn
Kerala Kaumudi Online
Friday, 26 April 2024 3.20 PM IST

ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രി പദത്തിലേക്ക്

chris-hipkins

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പ്രധാനമന്ത്രി ജസീന്ത ആർഡേണിന് പിൻഗാമിയായി ക്രിസ് ഹിപ്കിൻസ് നാല്പത്തിയൊന്നാമത്തെ പ്രധാനമന്ത്രിയാകും. നാല്പത്തി​നാലുകാരനായ ക്രിസിനെ സഹ എം.പിമാർ നോമിനേറ്റ് ചെയ്യുകയായിരുന്നു. ലേബർ പാർട്ടി പ്രതിനിധിയായ അദ്ദേഹത്തിന് പാർട്ടിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇന്ന് ചേരുന്ന പാർട്ടി യോഗം അംഗീകാരം നൽകുന്നതോടെ അധികാരകൈമാറ്റത്തി​നുള്ള നടപടി​കൾ തുടങ്ങും.ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്.2017ലാണ് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായി ജസീന്ത അധികാരമേറ്റത്. അന്ന് അവർക്ക് 37 വയസ് മാത്രമായിരുന്നു പ്രായം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീന്ത.

സഭാനേതാവായ ക്രിസ് വിദ്യാഭ്യാസം, പൊലീസ്, പൊതുസേവനം വകുപ്പുകളുടെ മന്ത്രിയുമാണ്. 2008ലെ തിരഞ്ഞെടുപ്പിലാണ് രിമുറ്റക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ക്രിസ് ആദ്യമായി പാർലമെന്റംഗമായത്. പാർട്ടിയുടെ ഔദ്യോഗിക വക്താവായിരുന്ന അദ്ദേഹം 2020 ൽ ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തു. 2022 വരെ കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളിയായി.ജേഡ് മേരിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. രണ്ടാമത്തെ കുട്ടിയുടെ ജനന സമയത്ത് സീനിയർ മന്ത്രിയായിരുന്ന ക്രിസ് ഹിപ്കിൻസ് ഭാര്യയെ ശുശ്രൂഷിക്കാനായി പ്രസവാവധി എടുത്തത് വാർത്തയായിരുന്നു.

1978 സെപ്തംബർ 5ന് ഹട്ട്‌വാലിയിലാണ് ജനനം. ന്യൂസിലൻഡ് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ചിലെ ചീഫ് റിസർച്ചർ ആയിരുന്നു മാതാവ് റോസ് മേരി ഹിപ്കിൻസ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്സ് ആൻഡ് ക്രിമിനോളജിയിൽ ബിരുദം നേടി. 2000-2001 വർഷങ്ങളിൽ കോളേജിലെ സ്റ്റുഡന്റ് പ്രസിഡന്റ് ആയിരുന്നു.

1997 ൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ നടന്ന ടെറിഷ്യറി റിവ്യൂ ഗ്രീൻ ബില്ലിനെതിരെ പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ ഒരാളായിരുന്നു ഹിപ്കിൻസ്. പത്ത് വർഷത്തിന് ശേഷം നടന്ന വിചാരണയിൽ ബില്ലിനെതിരെ പ്രതിഷേധിച്ചവരെ കുറ്റവിമുക്തരാക്കുകയും അകാരണമായി തടവിൽ വച്ചതിന് ഭരണകൂടം ക്ഷമ പറയുകയും ചെയ്തത് കൂടാതെ അറസ്റ്റിലായ 41 പേർക്കുമായി രണ്ട് ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകുകയും ചെയ്തു. സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസിന്റെ കുറ്റപത്രത്തിൽ അക്രമാസക്തരായെന്ന പരാമർശം തെറ്റാണെന്നുമായിരുന്നു വിധി.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇൻഡസ്ട്രി ട്രെയിനിംഗ് ഫെഡറേഷന്റെ പോളിസി അഡ്വൈസറായും ടരനാക്കിയിലെ ടോഡ് എനർജി കമ്പനിയിൽ ട്രെയിനിംഗ് മാനേജരായും പ്രവർത്തിച്ചതു കൂടാതെ ട്രവർ മല്ലാർഡിന്റെയും ഹെലൻ ക്ളർക്കിന്റെയും ഉപദേശകനായി പാർലമെന്റിലും പ്രവർത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CHRIS HIPKINS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.