മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ കാന്താരയിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ ഋഷഭ് ഷെട്ടി എത്തുന്നു.
അഞ്ചു ദിവസത്തെ ചിത്രീകരണമാണ് ഋഷഭ് ഷെട്ടിക്ക്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിർണായക വേഷമാണ് അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ മലയാള അരങ്ങേറ്റം കൂടിയാണ്. തമിഴ് നടൻ ജീവയും മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്നുണ്ട്. കീർത്തിചക്രയിൽ മോഹൻലാലും ജീവയും ഒരുമിച്ചിട്ടുണ്ട്. ഉലകനായകൻ കമൽഹാസൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മറാത്ത നടി സോണാലി കുൽക്കർണി, ബോളിവുഡ് താരം വിദ്യുത് ജംവാൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഹരീഷ് പേരടി, സുചിത്ര നായർ എന്നിവരും താരനിരയിലുണ്ട്. ഒറ്റ ഷെഡ്യൂളിൽ 90 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
പി.എസ്. റഫീക്ക് രചന നിർവഹിക്കുന്നു. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം . ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |