SignIn
Kerala Kaumudi Online
Saturday, 20 April 2024 1.52 AM IST

നാടിന്റെ മാനംകെടുത്തി പൊലീസിലെ കുറ്റവാളികൾ

photo

രാജ്യത്തിന്റെ സേനാവിഭാഗങ്ങളിൽ വളരെ പ്രധാനപ്പെട്ട വിഭാഗമാണ് പൊലീസ് സേന. നിഷ്‌പക്ഷമായി നിയമം നടപ്പിലാക്കുക, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക, കുറ്റകൃത്യങ്ങൾ തടയുക, പൊതുസുരക്ഷ ഉറപ്പ് വരുത്തുക, സമൂഹത്തിൽ സമാധാനാന്തരീക്ഷം സൃഷ്‌ടിക്കുക എന്നിവയൊക്കെ പൊലീസിന്റെ ചുമതലകളിൽപ്പെടുന്നു. കർത്തവ്യങ്ങളും ചുമതലകളും വീഴ്ച കൂടാതെ നടപ്പിൽവരുത്താൻ പൊലീസ് ആക്ട് സെക്‌ഷൻ 20 പ്രകാരം പൊലീസ് മാനുവൽ നിലവിലുണ്ട്.

പൊതുവിശകലനത്തിൽ കേരള പൊലീസ് സേനയുടെ പ്രാപ്തിയും സാമർത്ഥ്യവും സേവന തത്‌പരതയും ഇതര സംസ്ഥാന പൊലീസ് സേനയെക്കാൾ വളരെയധികം മെച്ചപ്പെട്ടതാണ്. എന്നാൽ അടുത്ത കാലത്തായി പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ ദുഷ്‌കൃത്യങ്ങളെപ്പറ്റിയും സമൂഹത്തിൽ അവമതിയുണ്ടാക്കുന്ന പ്രവർത്തനങ്ങളെപ്പറ്റിയും സേനയിലെ കുറ്റവാളികളെപ്പറ്റിയും വരുന്ന വാർത്തകൾ ഭയാനകവും ലജ്ജാകരവുമാണ്. ഇങ്ങനെയുള്ള കുറ്റവാളികൾക്ക് വലിയ അളവിൽ സംരക്ഷണം നൽകുന്നത് രാഷ്ട്രീയ പാർട്ടികളാണ്.

ഗുണ്ട, രാഷ്ട്രീയകൂട്ടുകെട്ടിന്റെ ഫലമായി നാടാകെ ഭീകരാവസ്ഥ നിലനിൽക്കുന്നു. ഒരു ചെറിയ നേതാവിന് പോലും ഗുണ്ടകളുടെ നിരതന്നെ സഹായത്തിനുണ്ട്. പൊലീസുമായുള്ള ബന്ധവും രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണവും നിർലോഭം ലഭിക്കുന്നതുകൊണ്ട് അവർ ഭയലേശമില്ലാതെ വിലസുന്നു. മാദ്ധ്യമവാർത്തകൾ വരുമ്പോൾ ബന്ധപ്പെട്ടവർ പ്രഹസനമായി അന്വേഷണ നടപടികൾ ആരംഭിക്കുന്നു. വാർത്തയുടെ ചൂട് കുറയുമ്പോൾ നടപടികളൊക്കെ ജലരേഖകളായി മാറുന്നു.

ഇപ്പോൾ വരുന്ന ചില സർക്കാർ തീരുമാനങ്ങൾ ജനങ്ങൾക്ക് അല്‌പം ആശ്വാസം നൽകുന്നവയാണ്. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്വഭാവദൂഷ്യത്തിന് സർവീസിൽനിന്ന് പിരിച്ചുവിട്ടെന്നും ചിലരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാവുന്ന അവസ്ഥയിലുമാണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.

അച്ചടക്കലംഘനം, അഴിമതി, സ്ത്രീപീഡനം, കസ്റ്റഡി മരണം, കൈക്കൂലി തുടങ്ങി നിരവധി അതിക്രമങ്ങളും സ്വഭാവദൂഷ്യങ്ങളും നടത്തി പൊലീസ് സേനയ്ക്ക് നാണക്കേടും നാടിന് അപമാനവും ഉണ്ടാക്കിയവരെയാണ് പൊലീസ് സേനയിൽനിന്ന് പിരിച്ചുവിടുന്നത്. പൊലീസ് ആക്ട് സെക്ഷൻ 86 പ്രകാരം ഇങ്ങനെയുള്ളവരുടെ പിരിച്ചുവിടലിന് നിയമസാധുതയുണ്ട്. ഇക്കഴിഞ്ഞ മാസത്തിൽ വന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ പറയുന്നത് അഴിമതി ആരോപണത്തിൽ വിചാരണ നേരിടുന്നവർക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും സാക്ഷികൾ കൂറുമാറിയാലും സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നുമാണ്.

അഴിമതി ഇന്ന് സർവവ്യാപിയാണ്. സർക്കാരിലെയും ഭരിക്കുന്ന പാർട്ടികളിലേയും ഉന്നതസ്ഥാനീയർ അഴിമതി നടത്തുമ്പോൾ താഴേത്തലത്തിലുള്ളവർ മേലാളന്മാരുടെ പാത പിന്തുടരുന്നതിൽ അതിശയിക്കാനില്ല. ഭരിക്കുന്ന പാർട്ടിയുടെ കടമയും കർത്തവ്യവുമാണ് അഴിമതി തടയേണ്ടത്.

നിയമംകൊണ്ട് മാത്രം അഴിമതി തടയാൻ സാധിക്കില്ലെന്നതും മറ്റൊരു യാഥാർത്ഥ്യം. ജാഗരൂകരായ ഒരു ജനസമൂഹം, അർപ്പണ മനോഭാവമുള്ള സാമൂഹ്യ സംഘടനകൾ, ആത്മാർത്ഥതയും സത്യസന്ധതയും ചുറുചുറുക്കുമുള്ള നിയമപാലകർ, മാന്യതയും നിഷ്പക്ഷതയുമുള്ള മാദ്ധ്യമങ്ങൾ ഇവയെല്ലാം ഉണർന്ന് പ്രവർത്തിച്ചാൽ അഴിമതി സമൂഹത്തിൽനിന്ന് തുടച്ചുമാറ്റാൻ സാധിക്കും. അങ്ങനെ ഒരവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIMINALS IN KERALA POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.