തിരുവനന്തപുരം: അയൽക്കൂട്ട സംഗമത്തിലൂടെ ലഭ്യമാകുന്ന ആവേശവും ഊർജ്ജവും തൊഴിൽ സംരംഭകത്വ ശേഷി വർദ്ധിപ്പിക്കാൻ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീയുടെ 'ചുവട് 2023' സംസ്ഥാനതല അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്തവർക്കുള്ള വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
14-ാം പഞ്ചവത്സരപദ്ധതിയി പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ ഊന്നൽ നൽകുന്നത്.നിലവിലുള്ള അയൽക്കൂട്ട അംഗങ്ങളും പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് 50ലക്ഷത്തോളം വനിതകൾ അണിനിരക്കുന്ന സംവിധാനമെന്ന നിലയ്ക്ക് തൊഴിൽ സംരംഭകത്വശേഷിയെ പ്രയോജനപ്പെടുത്താൻ കഴിയണം.
അടുത്ത ഒരു വർഷംകൊണ്ട് ഓരോ അയൽക്കൂട്ടത്തിനും പുതിയ സംരംഭം തുടങ്ങാനാവണം. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ നിന്ന് വരുമാനവർദ്ധനവിനുതകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുതായി മാർഷ്യൽ ആർട്ട് പരിശീലക ഗ്രൂപ്പുകൾക്കും തുടക്കം കുറിക്കണം. ലഹരി,സ്ത്രീധനം പോലുള്ള സാമൂഹ്യ വിപത്തുക്കൾക്കെതിരെയും പോരാടാൻ കുടുംബശ്രീക്ക് കഴിയണം. ദാരിദ്ര്യമുക്ത കേരളമെന്ന സർക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ കുടുംബശ്രീക്ക് സുപ്രധാന പങ്കു വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |