യൂട്യൂബ് വ്ലോഗറോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെന്നും പറഞ്ഞ കാര്യങ്ങളോട് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് നടന്റെ പ്രതികരണം.
'ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിന് ശേഷം എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. പക്ഷേ അതിന് പറ്റുന്നുണ്ടോ എന്നെനിക്കറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പല കാര്യങ്ങളും വച്ച് നോക്കുകയാണെങ്കിൽ ഒരിക്കലും പെരുമാറാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് കുറച്ചുപേരെ വേദനിപ്പിച്ചുകാണും. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. പക്ഷേ പറഞ്ഞ കാര്യങ്ങൾ കൊണ്ട് ഒട്ടും എതിർപ്പില്ല.
ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടൻ അയിരിക്കണമെന്നുള്ളതുകൊണ്ട് മാത്രമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നത് ഉണ്ണി മുകുന്ദൻ എന്ന നടനെ മാത്രമല്ല, ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെക്കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പത്ത് വർഷം മുമ്പ് ഞാൻ ആരാണെന്നോ എങ്ങനെയാണെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് വിശ്വാസം.
എന്റെ അച്ഛനെയോ അമ്മയേയോ കൂടെ വർക്ക് ചെയ്ത ആ ചെറിയ കുട്ടിയേയോ ആര് തെറി പറഞ്ഞാലും ഞാൻ തിരിച്ച് തെറി പറയും. ഇനി എത്ര വലിയ ആരാണെങ്കിലും എനിക്കത് വിഷയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. എന്നെ വളർത്തിയത് എന്റെ അച്ഛനും അമ്മയുമാണ്. ഇതിന്റെ പേരിൽ സിനിമാ ജീവിതം പോകുമെന്നോ മറ്റ് കാര്യങ്ങൾ സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടോ വോയിസ് റെക്കോർഡിംഗ് പുറത്തുവിട്ടിട്ടോ ഒന്നും നടപടിയാകില്ല.ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെയൊക്കെ ഞാൻ ക്ഷമിക്കും. എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. ഞാൻ അങ്ങനെയാണ്. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്.' - ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |