ന്യൂഡൽഹി: ഇന്ത്യൻ ക്ലാസിക്കൽ രാഗങ്ങളിൽ തീർത്ത ബീറ്റിംഗ് റിട്രീറ്റ് ബാൻഡ് മേളത്തോടെ ഇക്കൊല്ലത്തെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ സമാപിച്ചു. കർത്തവ്യപഥിലായിരുന്നു ചടങ്ങുകൾ നടന്നത്. 3,500 തദ്ദേശീയ ഡ്രോണുകൾ ഉൾപ്പെടുന്ന ഡ്രോൺ ഷോ മഴകാരണം ഉപേക്ഷിച്ചു.കര, നാവിക, വ്യോമ, സംസ്ഥാന പൊലീസ്, കേന്ദ്ര സായുധ സേനകളുടെ സംഗീത ബാൻഡുകൾ പരിപാടിയിൽ പങ്കെടുത്തു.
അഗ്നിവീർ രാഗത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടർന്ന് അൽമോറ,കേദാർ നാഥ്, സംഗം ദുർ, സത്പുര രാജ്ഞി, ഭാഗീരഥി, കൊങ്കൺ സുന്ദരി തുടങ്ങിയ ഈണങ്ങളിൽ ബാൻഡ് സംഘങ്ങൾ ചുവടുവച്ച് നീങ്ങി.വ്യോമസേനാ ബാൻഡിന്റെ അപ്രജേയ് അർജുൻ, ചർക്ക, വായു ശക്തി കരസേനയുടെ ശംഖനാദ്, ഷേർ-ഇ-ജവാൻ, ഭൂപാൽ, അഗ്രണീ ഭാരത്,യംഗ് ഇന്ത്യ,കദം കദം ബധയേ ജാ, ഡ്രമ്മേഴ്‌സ് കോൾ, ഏ മേരേ വതൻ കെ ലോഗോ തുടങ്ങിയ ഈണങ്ങളും ശ്രദ്ധേയമായി.
സാരെ ജഹാൻ സെ അച്ചാ എന്ന എക്കാലത്തെയും ജനപ്രിയ രാഗത്തോടെയാണ് പരിപാടി അവസാനിച്ചത്.
കഴിഞ്ഞ വർഷം മുതൽ സ്വദേശി രാഗങ്ങൾ മാത്രമാണ് പരിപാടിയിൽ ഉപയോഗിക്കുന്നത്. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഈണമായ എബിഡ് വിത്ത് മിയും ഒഴിവാക്കിയിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് തുടങ്ങിയവർ പരിപാടി കാണാനെത്തിയിരുന്നു.സൈനികർ യുദ്ധം അവസാനിപ്പിച്ച്, ആയുധങ്ങൾ പൊതിഞ്ഞ് സൂര്യാസ്തമയ സമയത്ത് ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ പ്രതീകമായാണ് ബീറ്റിംഗ് റിട്രീറ്റ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |